ഹൈദരാബാദ്: മുസ്‌ലിംകള്‍ക്ക് സര്‍ക്കാര്‍ ജോലിയിലും വിദ്യഭ്യാസ അവസരത്തിലും നാലു ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള ആന്ധ്രാപ്രദേശ് സര്‍ക്കാറിന്റെ  തീരുമാനം സുപ്രീം കോടതി താത്കാലിക ഉത്തരവിലൂടെ ശരിവച്ചു. 2007ലെ നിയമത്തില്‍ അനുശാസിച്ചിട്ടുള്ള മുസ്ലിം സമൂഹത്തിലെ 14 വിഭാഗങ്ങള്‍ക്കാണ് മാത്രമാണ് സംവരണാനൂകൂല്യം ലഭിക്കുക. തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്.

സംസ്ഥാനം പാസാക്കിയ പുതിയ നിയമത്തിന്റെ ഭരണ ഘടനാ വിഷയങ്ങള്‍ ഭരണഘടനാ ബഞ്ചിന് റഫര്‍ ചെയ്തുകൊണ്ടാണ് ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ , ജസ്റ്റിസുമാരായ ജെ എം പഞ്ചാല്‍ , ബി എസ് ചൗഹാന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ ഉത്തരവ്. ഓഗസ്റ്റ് രണ്ടാം വാരം അന്തിമവാദം നടക്കും.