എഡിറ്റര്‍
എഡിറ്റര്‍
ഉത്തര്‍പ്രദേശില്‍ മുസ്‌ലീം വൃദ്ധനെ അടിച്ച് കൊന്നു; പിതാവിനെ കൊന്നത് മുഖ്യമന്ത്രി യോഗിയുടെ സംഘടനയെന്ന് മകന്‍
എഡിറ്റര്‍
Wednesday 3rd May 2017 7:13pm

 

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മുസ്‌ലീം മത വിശ്വാസിയായ അമ്പത്തഞ്ചുകാരനെ അക്രമികള്‍ മര്‍ദ്ദിച്ച് കൊന്നു. ബുലന്ദ്ഷര്‍ നിവാസിയായ ഗുലാം മുഹമ്മദിനെയാണ് അക്രമി സംഘം ക്രൂര മര്‍ദ്ദനത്തിരയാക്കി കൊന്നത്. അക്രമത്തിന് പിന്നില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരംഭിച്ച ഹിന്ദു യുവവാഹിനി എന്ന സംഘടനയാണെന്ന് ഗുലാം മുഹമ്മദിന്റെ മകന്‍ ആരോപിച്ചു.


Also read ‘എന്നാലും എന്റെ മാണി സാറെ ഈ ചതി വേണ്ടായിരുന്നു’; കോട്ടയം നിലപാടിനെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ 


ഗുലാം മുഹമ്മദിന്റെ അയല്‍വാസിയായ യൂസഫ് ന്നെ 22കാരന്‍ ഹിന്ദു പെണ്‍കുട്ടിയുമായി കഴിഞ്ഞയാഴ്ച ഒളിച്ചോടിയിരുന്നു. ഇവരെക്കുറിച്ച് വിവരങ്ങള്‍ നല്‍കിയില്ലെന്നാരോപിച്ചാണ് സംഘം ഗുലാം മുഹമ്മദിനെ മര്‍ദ്ദിച്ചു കൊന്നത്. പിതാവിന്റെ മരണത്തിന് പിന്നില്‍ ഹിന്ദു യുവാഹിനി പ്രവര്‍ത്തകരാണെന്നാണ് ഗുലാമിന്റെ മകന്‍ യാസീന്‍ പറയുന്നത്.

താന്‍ തോട്ടത്തിലൂടെ നടക്കുമ്പോള്‍ നാട്ടുകാരനായ ഗവേന്ദ്ര സിങ്ങിനെയും മറ്റു അഞ്ചു പേരെയും ബൈക്കില്‍ കയറി പോകുന്നത് കണ്ടെന്നും താന്‍ കുറച്ച് കൂടി മുന്നോട്ട് നടന്നപ്പോല്‍ പരുക്കുകളുമായ് കിടക്കുന്ന പിതാവിനെയാണ് കാണാന്‍ കഴിഞ്ഞതെന്നും യാസീന്‍ പറഞ്ഞു. താന്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരാണ് പിതാവിനെ ആശുപത്രിയില്‍ എത്തിച്ചതെന്നും യാസീന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുന്നേ തന്നെ ഗുലാം മരിച്ചതായാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

മകന്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരായ ആറ് പേര്‍ക്കെതിരെയാണ് പരാതി. സംഭവവുമായ് ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി ബുലന്ദ്ഷര്‍ റുറല്‍ എസ്.പി ജഗദീഷ് ശര്‍മ്മ പറഞ്ഞു. മറ്റ് പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും കസ്റ്റഡിയിലുള്ളവര്‍ക്ക് ഹിന്ദു യുവ വാഹിനിയുമായി ബന്ധമുണ്ടോയെന്നതും അന്വേഷിക്കുന്നതായും എസ്.പി വ്യക്തമാക്കി.

എന്നാല്‍ അക്രമികള്‍ക്ക് ഹിന്ദു യുവവാഹിനിയുമായ് ബന്ധമില്ലെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. സമാജ്വാദി പാര്‍ട്ടി സര്‍ക്കാരുമായി അടുപ്പമുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ സംഘടനയെ താറടിക്കാന്‍ ശ്രമിക്കുകയാണ്. അക്രമ സംഭവുമായി സംഘടനയിലെ ആര്‍ക്കെങ്കിലും ബന്ധമുണ്ടെങ്കില്‍ അവരെ പുറത്താക്കുമെന്നും ഹിന്ദു യുവവാഹിനി ഡിവിഷണല്‍ പ്രസിഡന്റ് നാഗേന്ദ്ര തൊമറും പറഞ്ഞു.

Advertisement