ജയ്പൂര്‍: പശുക്കളെ കടത്തിയെന്നാരോപിച്ച് ഗോരക്ഷാ സേന ക്രൂരമായി മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് പരുക്കേറ്റ മുസ്ലീം യുവാവ് മരിച്ചു. പരുക്കേറ്റ് ചികിത്സയിലായിരുന്ന പെഹ്ലു ഖാന്‍ (35) എന്ന യുവാവാണ് ആല്‍വാറിലെ ആശുപത്രിയില്‍ മരിച്ചത്. പശുക്കളെ കടത്തിയെന്നാരോപിച്ച് രണ്ടു ദിവസം മുന്നേയായിരുന്നു ദേശീയപാതയില്‍ വച്ച പെഹ്‌ലു ഖാനും സംഘവും അക്രമിക്കപ്പെട്ടത്.


Also read ‘സംഘപരിവാറിനെ വിമര്‍ശിക്കുന്ന സക്കറിയ ജമാഅത്തെ ഇസ്ലാമിയുടെ ഒരു ലക്ഷം കൈപ്പറ്റിയതെന്തുകൊണ്ട്?’; സക്കറിയക്കെതിരെ വിമര്‍ശനവുമായി ഉണ്ണി ആര്‍ 

Subscribe Us:

ദേശീയപാതയില്‍ വെച്ച് ഗോരക്ഷ പ്രവര്‍ത്തകര്‍ ട്രക്കുകളും പിക്ക് അപ് വാനുകളും തടഞ്ഞശേഷമായിരുന്നു 15 പേരടങ്ങിയ സംഘത്തെ ക്രൂര മര്‍ദ്ദനത്തിനിരയാക്കിയത്. മര്‍ദ്ദനത്തില്‍ പരുക്കേറ്റവരില്‍ ചിലര്‍ ചികിത്സയിലും ശേഷിക്കുന്നവര്‍ പൊലീസ് കസ്റ്റഡിയിലാണ്.

പശുവിനെ വാഹനത്തില്‍ കടത്തിയെന്ന കുറ്റത്തിനാണ് മര്‍ദനമേറ്റവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ആറ് വാഹനങ്ങളിലായി പശുവിനെക്കടത്തുകയായിരുന്ന സംഘത്തില്‍ ഉണ്ടായിരുന്നയാളാണ് കൊല്ലപ്പെട്ട പെഹ്‌ലു ഖാനെന്ന് ആല്‍വാര്‍ കളക്ടര്‍ മുക്താനന്ദ് അഗര്‍വാള്‍ പറഞ്ഞു.

ഗോവധത്തിന്റെ പേരിലും പശുക്കടത്തിന്റെ പേരിലും രാജ്യത്ത് നിരവധി അക്രമണ സംഭവങ്ങളാണ് അരങ്ങേറുന്നത്. ഗോസംരക്ഷണത്തിന്റെ പേരില്‍ ബി.ജെ.പി നേതൃത്വത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന ആക്രമണങ്ങളുടെ അവസാന ഇരയാണ് 35കാരനായ പെഹ്‌ലു ഖാന്‍.

ഇത്തരം സംഭവങ്ങളില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന ആരോപണവും ശക്തമാണ്. പെഹ്‌ലു ഖാന്റെ കൊലപാതകത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് സബ് ഡിവിഷണല്‍ ഓഫീസര്‍ കുടുംബാഗങ്ങള്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. ആറ് പേര്‍ക്കെതിരെയും തിരിച്ചറിയാത്ത 200 പേര്‍ക്കെതിരെയും കൊലക്കുറ്റത്തിന് കേസ് എടുത്തതായി ബഹ്രോര്‍ പൊലീസ് ഓഫീസറും അറിയിച്ചു. എന്നാല്‍ ഇവരാരെയും ഇതുവരെ അറസ്റ്റ് ചെയ്യാത്ത പൊലീസ് അക്രമത്തിനിരയായവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.