കോഴിക്കോട്: കൊടുവള്ളി നഗരസഭാ വികസനകാര്യ ചെയര്‍മാന്‍ റസിയ ഇബ്രാഹിം രാജിവെച്ചു. വൈസ് ചെയര്‍മാനെതിരെ അഴിമതി ആരോപണം ഉന്നയിച്ചാണ് രാജി. വനിതാ ലീഗ് നേതാവാണ് റസിയ ഇബ്രാഹിം.

നഗരസഭയുടെ വികസനപദ്ധതിയുമായി ബന്ധപ്പെട്ട് ലീഗ് അഴിമതി നടത്തിയെന്നാണ് റസിയയുടെ ആരോപണം. അതേസമയം ലീഗ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ ലീഗ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. റസിയയ്‌ക്കെതിരെ ഉടന്‍ നടപടിയെടുക്കുമെന്നും ലീഗ് അറിയിച്ചിട്ടുണ്ട്.

സ്വര്‍ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട വിവാദങ്ങളുണ്ടായ സാഹചര്യത്തിലാണ് റസിയ ഇബ്രാഹിമിന്റെ രാജി. നേരത്തെ കൊടുവള്ളി പഞ്ചായത്ത് ആയ സമയത്ത് റസിയ ഇവിടെ പ്രസിഡന്റായിരുന്നു. ഈ വേളയില്‍ റസിയയും കാരാട്ട് റസാഖും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ ഉടലെടുക്കുകയും റസിയ കാരാട്ട് റസാഖിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.

പിന്നീട് കൊടുവള്ളി പഞ്ചായത്തിനെ നഗരസഭയായി ഉയര്‍ത്തിയ വേളയില്‍ റസിയയെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കാരാട്ട് റസാഖ് ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലിനെത്തുടര്‍ന്ന് ഇവര്‍ തഴയപ്പെടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ചെയര്‍പേഴ്‌സണ്‍ സ്ഥാനം ലഭിക്കാത്തതില്‍ റസിയയ്ക്ക് അതൃപ്തിയുണ്ടായിരുന്നു.

അതിനിടെ, റസിയയുടെ രാജി നഗരസഭയില്‍ ഭരണപ്രതിസന്ധിയ്ക്ക് കാരണമായേക്കുമെന്ന ഭീതിയും യു.ഡി.എഫിനുണ്ട്. നിലവില്‍ 36 കൗണ്‍സിലര്‍മാരാണ് കൊടുവള്ളി നഗരസഭയിലുള്ളത്. രണ്ടുപേരെ കോടതി അയോഗ്യരാക്കിയിരുന്നു. പതിനേഴുപേര്‍ യു.ഡി.എഫിലും ഒരാള്‍ യു.ഡി.എഫിനെ പിന്തുണയ്ക്കുന്ന സ്വതന്ത്രയുമാണ്.16 പേര്‍ ഇടതുപക്ഷത്താണ്.