ന്യൂദല്‍ഹി: രാജ്യ സഭാ സീറ്റ് വിട്ട് തരാനാകില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാണ്ടും ശക്തമായ നിലപാടെടുത്തതോടെ മുസ് ലിം ലീഗ് മുട്ടുമടക്കി. സീറ്റ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാഗാന്ധിയെ കണ്ട ലീഗ് പ്രതിനിധി സംഘത്തിന ഒടുവില്‍ സീറ്റ് എ കെ ആന്റണിക്കെന്ന് ഉറപ്പിച്ച് മടങ്ങേണ്ട സ്ഥിതിയായി. രാജ്യസഭാ സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കാന്‍ ധാരണയായെന്ന് ചര്‍ച്ചക്കുശേഷം ഇരു പാര്‍ട്ടിയുടെയും നേതാക്കള്‍ പറഞ്ഞു.

എ.കെ.ആന്റണി രാജ്യസഭയില്‍ തുടരേണ്ടതിനാല്‍ ആവശ്യത്തില്‍നിന്ന് പിന്മാറണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ ലീഗിനോട് ആവശ്യപ്പെട്ടതായി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇനി ഒഴിവു വരുന്ന അവസരത്തില്‍ ലീഗിന്റെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നു സോണിയ വ്യക്തമാക്കി. കോണ്‍ഗ്രസ് നല്‍കിയ ഉറപ്പുകളൊന്നും പാലിക്കപ്പെടാതിരുന്നിട്ടില്ലെന്നും അതിനാല്‍ കോണ്‍ഗ്രസിന്റെ വാക്ക് വിശ്വസിക്കുന്നതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, മുസ്‌ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടന്നത്. പിന്നീട് നേതാക്കള്‍ പ്രതിരോധമന്ത്രി എ കെ ആന്റണിയുമായും സംഘം കൂടിക്കാഴ്ച നടത്തി.

അടുത്ത രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് തങ്ങള്‍ക്കുവേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്ന കേരളാ കോണ്‍ഗ്രസ്(എം) നേതൃത്വുമായി ചര്‍ച്ച നടത്തുന്നതിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഓസ്‌കര്‍ ഫെര്‍ണാണ്ടസ് ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. കെ എം മാണിയുമായി ഓസ്‌കര്‍ ചര്‍ച്ച നടത്തും.
അടുത്തതവണ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ട് കെ എം മാണി സോണിയാ ഗാന്ധിക്ക് ഫാക്‌സ് സന്ദേശം അയച്ചിരുന്നു. സീറ്റ് തരുമെന്ന് തങ്ങള്‍ക്ക് രേഖാ മൂലം ഉറപ്പ് നല്‍കിയിരുന്നതാണെന്നും എ കെ ആന്റണി സ്ഥാനാര്‍ത്ഥി ആയതിനാലാണ് ഇക്കുറി അവകാശം ഉന്നയിക്കാത്തതെന്നും മാണി ഫാക്‌സില്‍ വ്യക്തമാക്കിയിരുന്നു.