മലപ്പുറം: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗിനെതിരെ അപവാദ പ്രചാരണം നടത്തുന്ന ഇന്ത്യാവിഷന്‍, റിപ്പോര്‍ട്ടര്‍ എന്നീ വാര്‍ത്താചാനലുകള്‍ക്കും രാഷ്ട്രീയനേതാക്കള്‍ക്കും എതിരെ നിയമനടപടി സ്വീകരിക്കാന്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ലീഗ് നേതാക്കള്‍ക്കെതിരായ അപവാദങ്ങള്‍ ചെറുക്കാനും വിശദീകരിക്കാനും നവംബര്‍ 15 മുതല്‍ സംസ്ഥാനവ്യാപകമായി പ്രചാരണം നടത്താനും തീരുമാനിച്ചതായി ലീഗ് ജനറല്‍ സെക്രട്ടറിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും കെ.പി.എ മജീദും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇന്ത്യാവിഷന്റെ ലീഗിനോടുള്ള നിലപാട് അങ്ങേയറ്റം പകയോട് കൂടിയുള്ളതാണ്. കുഞ്ഞാലിക്കുട്ടിയെ ലക്ഷ്യംവെച്ച് നടക്കുന്ന അപവാദപ്രചാരണങ്ങള്‍ യക്ഷിക്കഥകള്‍ക്ക് സമാനമാണെന്നും ഇത് പാര്‍ട്ടിയെ തകര്‍ക്കുക എന്ന ലക്ഷ്യംവച്ചുള്ളതാണെന്നും യോഗം വിലയിരുത്തി.

കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ അസംബ്ലിക്കകത്തും പുറത്തും വി.എസ് ധാരാളം പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. വസ്തുതയുമായി ബന്ധമില്ലാത്ത കാര്യം പറയുന്നതിനാല്‍ അദ്ദേഹത്തിനെതിരെയും നിയമനടപടി സ്വീകരിക്കാനാണ് നീക്കം. സി.പി.എമ്മിനെതിരെയല്ല അതിലെ വ്യക്തികള്‍ക്കെതിരെയാണ് തങ്ങള്‍ കേസുകൊടുക്കുന്നതെന്ന് ബഷീര്‍ പറഞ്ഞു.

മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെയാണോ അവയിലെ ലേഖകന്‍മാര്‍ക്കെതിരെയാണോ കേസുകൊടുക്കുക എന്ന ചോദ്യത്തിന് അക്കാര്യം നിയമ വിദഗ്ധരുമായി ആലോചിച്ചു തീരുമാനിക്കുമെന്നായിരുന്നു ഇ.ടി. മുഹമ്മദ് ബഷീറിന്റെ മറുപടി.

അപവാദ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ പാര്‍ട്ടി തന്നെയായിരിക്കും നിയമനടപടി സ്വീകരിക്കുകയെന്ന് ഇ.ടി വ്യക്തമാക്കി. കോഴിക്കോട്ട് രണ്ട് കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മാതാപിതാക്കള്‍ പറയുന്നതിന് ചാനലുകള്‍ക്ക് വിലയില്ല.

മലപ്പുറം ജില്ലാകമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ. കുഞ്ഞാലിക്കുട്ടി, ദേശീയ സെക്രട്ടറി എം.പി. അബ്ദുസ്സമദ് സമദാനി എം.എല്‍.എ, സംസ്ഥാന ട്രഷറര്‍ അഡ്വ. ഹമീദലി ശംനാട്, വൈസ് പ്രസിഡന്റുമാരായ കല്ലടി മുഹമ്മദ്, അഡ്വ. എ. മുഹമ്മദ്, കെ.വി. മുഹമ്മദ് കുഞ്ഞി, സെക്രട്ടറിമാരായ ടി.പി.എം. സാഹിര്‍, എം.സി. മായിന്‍ഹാജി, എം.ഐ. തങ്ങള്‍, അഡ്വ. പി.എം.എ. സലാം, മന്ത്രിമാരായ ഡോ. എം.കെ. മുനീര്‍, പി.കെ. അബ്ദുറബ്ബ്, അഡ്വ. കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ, പി.വി. അബ്ദുല്‍വഹാബ്, വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി എന്നിവര്‍ യോഗത്തില്‍ പങ്കാളികളായിരുന്നു.