2009 നംവംബര്‍ 15 വൈകീട്ട് 4.30 നോടടുത്ത സമയം. കാസര്‍കോഡ് ടൗണില്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ക്കുള്ള സ്വീകരണച്ചടങ്ങ് നടക്കാനിരിക്കയാണ്. നിരവധി മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ അവിടെ തടിച്ചുകൂടിയിട്ടുണ്ട്. ടൗണിന്റെ ഒരു ഭാഗത്ത് നിന്ന് പ്രകടനം തുടങ്ങി. പ്രകോപനരമായ മുദ്രാവാക്യങ്ങളോടെയായിരുന്നു പ്രകടനം നടന്നതെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നു.

പെട്ടെന്ന് തന്നെ കാസര്‍കോഡ് ടൗണ്‍ കലാപ ഭൂമിയായി. പോലീസും ലീഗ് പ്രവര്‍ത്തകരും നേരിട്ട് ഏറ്റുമുട്ടി. സമീപത്തെ രണ്ട് ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. പോലീസ് വെടിവെപ്പിലും കത്തിക്കുത്തിലും രണ്ട് മുസ് ലിം ലീഗ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. സംഭവത്തെക്കുറിച്ച് ജുഡീഷ്വല്‍ അന്വേഷണം വേണമെന്ന് മുസ്‌ലിം ലീഗും കോണ്‍ഗ്രസും ആവശ്യപ്പെട്ടു. ജസ്റ്റിസ് നിസാര്‍ അധ്യക്ഷനായി സര്‍ക്കാര്‍ കമ്മീഷനെ വെച്ചു. യു.ഡി.എഫ് അധികാരത്തിലത്തിയപ്പോള്‍ കമ്മീഷന്‍ കാലാവധി നീട്ടിക്കൊടുത്തു. എന്നാല്‍ പിന്നീട് കമ്മീഷന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കമ്മീഷനെ പിരിച്ചുവിട്ടതിനെതിരെ അന്നുതന്നെ ആരോപണമുയര്‍ന്നു. എന്നാല്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജുഡീഷ്വല്‍ കമ്മീഷനെ പിരിച്ചുവിട്ടതെന്ന് സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ രാഷട്രീയ സാമൂഹിക രംഗത്ത് ഏറെ കോളിളക്കമുണ്ടാക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവന്നത്. മലബാറില്‍ വര്‍ഗ്ഗീയ കലാപത്തിന് ലീഗ് പദ്ധതിയിട്ടിരുന്നതായി അന്നത്തെ പോലീസ് എസ്.പിയായിരുന്ന രാംദാസ് പോത്തന്‍ നിസാര്‍ കമ്മീഷന് മൊഴി നല്‍കിയെന്ന വാര്‍ത്തയാണത്. രാംദാസ് പോത്തന്‍ നിസാര്‍ കമ്മീഷന് നല്‍കിയ മൊഴിയുടെ പൂര്‍ണ്ണരൂപം ഡൂള്‍ന്യൂസിന് ലഭിച്ചു.

2009 നംവംബര്‍ 15ന് വൈകീട്ട് മുസ്‌ലിം ലീഗ് നേതാക്കന്‍മാര്‍ക്ക് നല്‍കിയ സ്വീകരണത്തിനോടനുബന്ധിച്ചാണ് സംഘര്‍ഷവും പോലീസ് വെടിവെപ്പുമുണ്ടായതെന്ന് മൊഴിയില്‍ പറയുന്നു. പൊതുയോഗത്തിന് മാത്രമായിരുന്നു പോലീസ് പെര്‍മിഷന്‍ നല്‍കിയിരുന്നത്. പ്രകടനത്തിന് അനുമതിയില്ലായിരുന്നു.

വൈകീട്ട് 4.30ഓടെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. പ്രവര്‍ത്തകരിലെ ഒരു വിഭാഗമാണ് ആദ്യം പ്രകടനത്തിനും ആക്രമണത്തിനും നേതൃത്വം നല്‍കിയത്. പിന്നീട് പല ഗ്രൂപ്പുകളായി തിരിഞ്ഞ് ടൗണില്‍ വ്യാപകമായ ആക്രമണം നടത്തുകയായിരുന്നു. കല്ല്, ഇരുമ്പ് ദണ്ഡ് തുടങ്ങിയ ആയുധങ്ങള്‍ പ്രവര്‍ത്തകരുടെ കയ്യിലുണ്ടായിരുന്നു. അക്രമികളെ പിന്തിരിപ്പിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പോലീസ് എയ്ഡ് പോസ്റ്റ് ഉള്‍പ്പെടെ ആക്രമിക്കപ്പെട്ടു.

തുടര്‍ന്ന് ടൗണിലെ പട്ടിക ജാതിക്കാര്‍ താമസിക്കുന്ന കോളനിക്ക് നേരെ ആക്രമണമുണ്ടായി. പിന്നീട് ഷണ്‍മുഖ മന്ദിരം ഭജനമ മഠം ആക്രമിക്കപ്പെട്ടു. ഇവിടത്തെ ത്രിശൂലം നശിപ്പിച്ചു. ഇതെല്ലാം മനപ്പൂര്‍വ്വം വര്‍ഗ്ഗീയ കലാപത്തിനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. ആക്രമണം ശക്തമായതോടെ മറുഭാഗത്ത് ഹിന്ദു വിഭാഗത്തില്‍പ്പെട്ടവരും സംഘടിച്ചു. സലഫി മസ്ജിദിന് നേരെ ആക്രമണമുണ്ടായി.


പോലീസ് ജീപ്പ്, കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ തകര്‍ത്ത് അക്രമണം ശക്തമായതോടെ പോലീസ് കണ്ണീര്‍ വാതകവും ലാത്തി ചാര്‍ജ്ജും പ്രയോഗിച്ചെങ്കിലും അക്രമികള്‍ പിരിഞ്ഞു പോയില്ല. ഈ സമയത്ത് ആവശ്യമായ പോലീസും സ്ഥലത്തില്ലായിരുന്നു. തന്റെയും സഹപ്രവര്‍ത്തകരുടെയും ജീവന് ഭീഷണി നേരിടുന്നുണ്ടെന്ന് വ്യക്തമായതോടെ സര്‍വ്വീസ് റിവോള്‍വര്‍ പുറത്തെടുത്ത് വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ് ആദ്യം ചെയ്തത്. എന്നിട്ടും അക്രമികള്‍ പിരിഞ്ഞുപോകാതിരുന്നതിനെ തുടര്‍ന്ന് മൂന്ന് റൗണ്ട് വെടിവെക്കുകയായിരുന്നു. ഈ വെടിവെപ്പില്‍ ഒരു മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഹിന്ദു സംഘങ്ങളുടെ ആക്രമണത്തിലും ഒരാള്‍ കൊല്ലപ്പെട്ടു.

കാസര്‍കോഡ് സാധാരണഗതിയില്‍ കാണാത്ത കല്ലുകളും മറ്റുമാണ് അക്രമണത്തിന് ഉപയോഗിക്കപ്പെടാറുള്ളത്. കാസര്‍കോഡിന് പുറത്തുള്ള ചില തീവ്രവാദ സംഘടനകളും ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നു. കാസര്‍ക്കോഡ് സംഘര്‍ഷമുണ്ടായ സമയത്ത് തന്നെ തളിപ്പറമ്പിലും നാദാപുരത്തും സംഘര്‍ഷമുണ്ടായിരുന്നു. മലബാറില്‍ ഒന്നാകെ വര്‍ഗ്ഗീയ കലാപമുണ്ടാക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യമെന്നും മൊഴിയില്‍ പറയുന്നു.


മുന്‍ എസ്.പി രാംദാസ് പോത്തന്റെ മൊഴിയുടെ പൂര്‍ണ്ണ രൂപം താഴെ


നിസാര്‍ കമ്മീഷനെ പിരിച്ചുവിട്ടത് എന്തിന്?