കോഴിക്കോട്: കേരള രാഷ്ട്രീയത്തിലെ ഇതിഹാസ തുല്യനായ രാഷ്ട്രീയ നേതാവായിരുന്നു കെ കരുണാകരനെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കരുണാകരന്റെ നിശ്ചയദാര്‍ഢ്യവും ഭരണ വൈഭവവുമാണ് ആധുനിക കേരളത്തിന്റെ അടിത്തറയായത്.

പ്രതിസന്ധികളെ തരണം ചെയ്യുന്നതില്‍ കരുണാകരന്‍ കാണിച്ച സവിശേഷ സിദ്ധി രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് എക്കാലത്തും മാതൃകയാണ്. ജനാധിപത്യ ശക്തികളുടെ ഏകീകരണത്തിന് കരുണാകരന്‍ നല്‍കിയ സംഭാവന അവിസ്മരണീയമാണ്. മുന്നണി നേതാവെന്നതിലപ്പുറം മുസ്ലിംലീഗിന്റെ കുടുംബാംഗമായിരുന്നു കരുണാകരനെന്നും അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന്റെ പൊതുവായ നഷ്ടമാണെന്നും നേതാക്കള്‍ പറഞ്ഞു. കരുണാകരന്റെ ഓര്‍മ്മകള്‍ വരാനിരിക്കുന്ന തലമുറയുടെ പ്രചോദനമായിതീരുമെന്നും നേതാക്കള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Subscribe Us:

മുസ്ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ. അഹമ്മദ്, സംസ്ഥാന സെക്രട്ടറിമാരായ ഇ ടി മുഹമ്മദ് ബഷീര്‍ എം പി, ഡോ. എം കെ മുനീര്‍, ടി എ അഹമ്മദ് കബീര്‍, ടി പി എം സാഹിര്‍, കെ പി എ മജീദ്, അഡ്വ. കെ എന്‍ എ ഖാദര്‍, സെക്രട്ടേറിയറ്റ് അംഗം പി വി അബ്ദുള്‍ വഹാബ്, പി കെ കെ ബാവ, എം സി മായിന്‍ ഹാജി എന്നിവരും അനുശോചിച്ചു.