എഡിറ്റര്‍
എഡിറ്റര്‍
അനൂപിനൊപ്പം അഞ്ചാം മന്ത്രിയും സത്യപ്രതിജ്ഞ ചെയ്യുമെന്ന് ലീഗ്; പിന്തുണയുമായി മാണി
എഡിറ്റര്‍
Friday 30th March 2012 9:28pm

മലപ്പുറം: അഞ്ചാം മന്ത്രി എന്ന ആവശ്യത്തില്‍ നിന്നും ലീഗ് പിന്നോട്ട് പോകുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ നിലപാട് കൂടുതല്‍ ശക്തമാക്കി മുസ്ലിംലീഗ് രംഗത്തുവന്നു. അനൂപ് ജേക്കബിനൊപ്പം ലീഗിന്റെ അഞ്ചാം മന്ത്രിയും സത്യപ്രതിജ്ഞ ചെയ്യുമെന്ന് ലീഗ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അഞ്ചാം മന്ത്രിയുടെ കാര്യത്തില്‍ ലീഗില്‍ അഭിപ്രായ വിത്യാസമില്ലെന്നും ഇപ്പോള്‍ നടക്കുന്നത് സ്വാഭാവിക ചര്‍ച്ചകള്‍ മാത്രമാണെന്നും മുസ്‌ലിം ലീഗ് വ്യക്തമാക്കി.

ലീഗില്‍ അഞ്ചാം മന്ത്രിയുടെ കാര്യത്തില്‍ അവ്യക്തതയില്ലെന്നും അനൂപിനൊപ്പം മഞ്ഞളാംകുഴി അലിയും സത്യപ്രതിജ്ഞ ചെയ്യുമെന്നും കഴിഞ്ഞ ദിവസം യു.ഡി.എഫ് യോഗത്തിനു ശേഷം ലീഗ് നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. പക്ഷേ ഇന്ന് രാവിലെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ലീഗിലെ അഞ്ചാം മന്ത്രിയുടെ സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിച്ച് വിവാദത്തിനില്ലെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ പ്രസ്താവന തെറ്റിദ്ധാരണകള്‍ക്ക് ഇടയാക്കിയതിനാലാണ് ലീഗ് നേതൃത്വം ഇപ്പോള്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

മുസ്‌ലിം ലീഗിന് ഒരു മന്ത്രികൂടി വേണമെന്ന് യു.ഡി.എഫില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ന്യായമാണെന്ന് യു.ഡി.എഫിലെ എല്ലാ കക്ഷികളും അഭിപ്രായപ്പെട്ടതാണ്. ഇക്കാര്യത്തില്‍ മാധ്യമങ്ങളാണ് തെറ്റിദ്ധാരണ ഉണ്ടാക്കുന്നത്. ഇക്കാര്യം പ്രവര്‍ത്തകര്‍ തിരിച്ചറിയണം-ലീഗ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

അതിനിടെ, മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രിയെന്ന ആവശ്യത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നു കേരളാ കോണ്‍ഗ്രസ് (എം) നേതാവും ധനമന്ത്രിയുമായ കെ.എം. മാണി പറഞ്ഞു. ഇക്കാര്യത്തില്‍ കേരളാ കോണ്‍ഗ്രസ് ആത്മാര്‍ഥമായ പിന്തുണയാണു നല്‍കുന്നതെന്നും അഞ്ചാം മന്ത്രി തീരുമാനത്തിനു കുറച്ചു സമയം കൂടി എടുത്തേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളാ കോണ്‍ഗ്രസിനു രാജ്യസഭാ സീറ്റ് ലഭിക്കുന്ന കാര്യം ഉറപ്പാണെന്നും മാണി കൂട്ടിച്ചേര്‍ത്തു.

Malayalam News

Kerala News in English

Advertisement