Administrator
Administrator
മലബാറില്‍ വര്‍ഗ്ഗീയ കലാപത്തിന് ലീഗ് ശ്രമിച്ചതായി നിസാര്‍ കമ്മീഷന് മൊഴി
Administrator
Thursday 11th August 2011 1:48pm
Thursday 11th August 2011 1:48pm

കാസര്‍കോഡ്: മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ 2009 നംവംബര്‍ 15ന് കാസര്‍കോഡ് വര്‍ഗ്ഗീയകലാപത്തിന് ശ്രമിച്ചുവെന്ന് മൊഴി. അടുത്തിടെ സര്‍ക്കാര്‍ പിരിച്ചുവിട്ട കാസര്‍കോഡ് വെടിവെപ്പിനെക്കുറിച്ചന്വേഷിച്ച നിസാര്‍ കമ്മീഷന് അന്നത്തെ എസ്.പി രാംദാസ് പോത്തനും ഡി.വൈ.എസ്.പി രഘുനാഥനും നല്‍കിയ മൊഴിയിലാണ് കേരളത്തിലെ രാഷ്ട്രീയ സമൂഹിക രംഗത്ത് കോളിളക്കുമണ്ടാക്കുന്ന ഈ വെളിപ്പെടുത്തലുള്ളത്.

2009 നംവംബര്‍ 15ന് വൈകീട്ട് മുസ്‌ലിം ലീഗ് നേതാക്കന്‍മാര്‍ക്ക് നല്‍കിയ സ്വീകരണത്തിനോടനുബന്ധിച്ചാണ് സംഘര്‍ഷവും പോലീസ് വെടിവെപ്പുമുണ്ടായത്. പൊതുയോഗത്തിന് മാത്രമായിരുന്നു പോലീസ് പെര്‍മിഷന്‍ നല്‍കിയിരുന്നത്. പ്രകടനത്തിന് അനുമതിയില്ലായിരുന്നുവെന്ന് മൊഴിയില്‍ വ്യക്തമാക്കുന്നു.

വൈകീട്ട് 4.30ഓടെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്. പ്രവര്‍ത്തകരിലെ ഒരു വിഭാഗമാണ് ആദ്യം പ്രകടനത്തിനും ആക്രമണത്തിനും നേതൃത്വം നല്‍കിയത്. പിന്നീട് പല ഗ്രൂപ്പുകളായി തിരിഞ്ഞ് ടൗണില്‍ വ്യാപകമായ ആക്രമണം നടത്തുകയായിരുന്നു. കല്ല്, ഇരുമ്പ് ദണ്ഡ് തുടങ്ങിയ മാരകായുധങ്ങള്‍ പ്രവര്‍ത്തകരുടെ കയ്യിലുണ്ടായിരുന്നു. അക്രമികളെ പിന്തിരിപ്പിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പോലീസ് എയ്ഡ് പോസ്റ്റ് ഉള്‍പ്പെടെ ആക്രമിക്കപ്പെട്ടു.

തുടര്‍ന്ന് ടൗണിലെ പട്ടിക ജാതിക്കാര്‍ താമസിക്കുന്ന കോളനിക്ക് നേരെ ആക്രമണമുണ്ടായി. പിന്നീട് ഷണ്‍മുഖ മന്ദിരം ഭജനമ മഠം ആക്രമിക്കപ്പെട്ടു. ഇവിടത്തെ ത്രിശൂലം നശിപ്പിച്ചു. ഇതെല്ലാം മനപ്പൂര്‍വ്വം വര്‍ഗ്ഗീയ കലാപത്തിനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. ആക്രമണം ശക്തമായതോടെ മറുഭാഗത്ത് ഹിന്ദു വിഭാഗത്തില്‍പ്പെട്ടവരും സംഘടിച്ചു. സലഫി മസ്ജിദിന് നേരെ ആക്രമണമുണ്ടായി.

പോലീസ് ജീപ്പ്, കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ തകര്‍ത്ത് അക്രമണം ശക്തമായതോടെ പോലീസ് കണ്ണീര്‍ വാതകവും ലാത്തി ചാര്‍ജ്ജും പ്രയോഗിച്ചെങ്കിലും അക്രമികള്‍ പിരിഞ്ഞു പോയില്ല. ഈ സമയത്ത് ആവശ്യമായ പോലീസും സ്ഥലത്തില്ലായിരുന്നു. തന്റെയും സഹപ്രവര്‍ത്തകരുടെയും ജീവന് ഭീഷണി നേരിടുന്നുണ്ടെന്ന് വ്യക്തമായതോടെ സര്‍വ്വീസ് റിവോള്‍വര്‍ പുറത്തെടുത്ത് വെടിവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ് ആദ്യം ചെയ്തത്. എന്നിട്ടും അക്രമികള്‍ പിരിഞ്ഞുപോകാതിരുന്നതിനെ തുടര്‍ന്ന് മൂന്ന് റൗണ്ട് വെടിവെക്കുകയായിരുന്നുവെന്നും മൊഴിയില്‍ പറയുന്നു. ഈ വെടിവെപ്പില്‍ ഒരു മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഹിന്ദു സംഘങ്ങളുടെ ആക്രമണത്തിലും ഒരാള്‍ കൊല്ലപ്പെട്ടു.

കാസര്‍കോഡ് സാധാരണഗതിയില്‍ കാണാത്ത കല്ലുകളും മറ്റുമാണ് അക്രമണത്തിന് ഉപയോഗിക്കപ്പെട്ടതെന്ന് മൊഴിയില്‍ പറയുന്നു. കാസര്‍കോഡിന് പുറത്തുള്ള ചില തീവ്രവാദ സംഘടനകളും ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നു. കാസര്‍ക്കോഡ് സംഘര്‍ഷമുണ്ടായ സമയത്ത് തന്നെ തളിപ്പറമ്പിലും നാദാപുരത്തും സംഘര്‍ഷമുണ്ടായിരുന്നു. മലബാറില്‍ ഒന്നാകെ വര്‍ഗ്ഗീയ കലാപമുണ്ടാക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യമെന്നും മൊഴിയില്‍ പറയുന്നു.