Categories

ലീഗ് ലയനം: കൊന്ന പാപം തിന്നാല്‍ തീരുമോ?

വെള്ളപ്പേപ്പര്‍/കെ.എം ഷഹീദ്

മുസ്‌ലിം ലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി(എം.എല്‍.കെ.എസ്.സി) ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗില്‍ ലയിക്കുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. രണ്ടും രണ്ട് രാഷ്ട്രീയ പാര്‍ട്ടികളാണ്. എന്തിനാണ് ഇങ്ങിനെ രണ്ടായി നിന്നതെന്നും ഇപ്പോള്‍ എന്തിനാണ് ലയിക്കുന്നതെന്നും അന്വേഷിച്ചപ്പോഴാണ് കാര്യങ്ങള്‍ പിടികിട്ടിയത്. ഇത്രയും കാലം മുസ്‌ലിം ലീഗ് നേതാക്കള്‍ പ്രവര്‍ത്തകരെയും നാട്ടുകാരെയും പറ്റിക്കുകയായിരുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. തിരഞ്ഞെടുപ്പ് കമ്മീഷനെയും ഇങ്ങിനെ കബളിപ്പിക്കാമെന്ന ലീഗ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍ പിഴച്ചു. പരാതി വന്നു. കമ്മീഷന്‍ ഇടപെട്ടു. ഇപ്പോള്‍ ചെയ്ത പാപം ലയിച്ച് തീര്‍ക്കാമെന്ന കണക്കുകൂട്ടലിലാണ് ലീഗ് നേതൃത്വം. അഥവാ കൊന്ന പാപം തിന്നു തീര്‍ക്കുക.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ച ഒരു നോട്ടീസാണ് രണ്ടു പാര്‍ട്ടികളുടെ ലയനത്തില്‍ കൊണ്ടുചെന്ന് കാര്യങ്ങളെത്തിച്ചത്. ജനപ്രാതിനിധ്യ നിയമം 29 എ ചട്ടപ്രകാരം തിരഞ്ഞെടുപ്പു കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള രണ്ടു പാര്‍ട്ടികളില്‍ ഒരേ സമയം ഒരാള്‍ക്ക് അംഗമാകാന്‍ കഴിയില്ല. അങ്ങനെയുളളവരുടെ തെരഞ്ഞെടുപ്പ് അസാധുവാകും. തെരഞ്ഞെടുപ്പു കമ്മിഷനില്‍ രണ്ടു പാര്‍ട്ടികളായാണ് ഇന്ത്യന്‍ യൂനിയന്‍ മുസ്ലീംലീഗും (ഐ.യു.എം.എല്‍) മുസ്ലിംലീഗും കേരള സ്‌റ്റേറ്റ് കമ്മിറ്റി (എം.എല്‍.കെ.എസ്.സി) രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുസ്ലിംലീഗ് കേരള സ്‌റ്റേറ്റ് കമ്മിറ്റി (എം.എല്‍.കെ.എസ്.സി) എന്ന പേരില്‍ ഇലക്ഷന്‍ കമീഷനില്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടിയുടെ പേരിലാണ് ഇ. അഹമ്മദ് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത്. ലോക്‌സഭാ രേഖകളില്‍ ഇ. അഹമ്മദ്, ഇ.ടി. മുഹമ്മദ് ബഷീര്‍ എന്നിവര്‍ എം.എല്‍.കെ.എസ്.സിയുടെ എം.പിമാരാണ്.

ഒരാള്‍ക്ക് ഒരേ സമയം കമീഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി മുസ്ലിംലീഗ് തമിഴ്‌നാട് ഘടകത്തിലെ എം.ജി. ദാവൂദ് മിയാന്‍ ഖാനും മറ്റും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമീഷന്റെ നടപടി. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗിന്റെ ഭാഗമായി എം.എല്‍.കെ.എസ്.സി എന്ന പാര്‍ട്ടിയെ കാണണമെന്ന അഹമ്മദിന്റെ വിശദീകരണം കമീഷന്‍ അംഗീകരിച്ചില്ല. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ്, മുസ്ലിംലീഗ് കേരള സ്‌റ്റേറ്റ് കമ്മിറ്റി(എം.എല്‍.കെ.എസ്.സി) എന്നിവ രണ്ട് വ്യത്യസ്ത പാര്‍ട്ടികള്‍ തന്നെയാണെന്ന പരാതിക്കാരുടെ വാദം കമീഷന്‍ ശരിവെക്കുകയായിരുന്നു. രണ്ടു പാര്‍ട്ടിയില്‍ അംഗത്വമുണ്ടെന്നു തെളിഞ്ഞാല്‍ അഹമ്മദിനു കേന്ദ്രമന്ത്രിസ്ഥാനവും പാര്‍ലമെന്റ് അംഗത്വവും നഷ്ടമാകും. ഇതാണ് ലീഗും പ്രത്യേകിച്ച് ഇ അഹമ്മദും ചെന്ന് പെട്ട പുലിവാല്‍. മന്ത്രിസ്ഥാനം പോകുന്നതിലുപരി വ്യാജരേഖയുണ്ടാക്കി തിരഞ്ഞെടുപ്പ് കമ്മീഷനെ പറ്റിച്ചതിനെ അഴിയെണ്ണേണ്ടി വരുമോയെന്ന ഭയത്തിലുമാണ് ലീഗ് നേതാക്കള്‍.

സേഠുവിനെ പറ്റിച്ച പാര്‍ട്ടി…

IBRAHIM-SULAIMAN-SIT1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് പൊളിക്കപ്പെട്ടതിനെതുടര്‍ന്നുണ്ടായ രാഷ്ട്രീയ സാഹചര്യം. അന്ന് ഒരൊറ്റ ലീഗ് അഥവാ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് മാത്രമേയുള്ളൂ. പള്ളി പൊളിക്കുന്നത് കണ്ട് മിണ്ടാതിരുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ബന്ധം വിടണമെന്ന് ദേശീയ പ്രസിഡന്റ് ഇബ്രാഹീം സുലൈമാന്‍ സേഠിന്റെ നേതൃത്വത്തിലുള്ളവര്‍ ആവശ്യപ്പെട്ടു. അന്ന് ഇ.അഹമ്മദും ബനാത്ത് വാലയും ലോക്‌സഭാ എം.പിമാര്‍. കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ സേഠു തീരുമാനിക്കുന്നു. പാര്‍ട്ടിയെ ഒന്നാകെ സേഠു കൈപ്പിടിലാക്കുമോയെന്ന് നമ്മുടെ ഇപ്പോഴത്തെ ലയനച്ചുഴിയില്‍പ്പെട്ട ലീഗുകാര്‍ ഭയപ്പെട്ടു. അങ്ങിനെ സേഠുസാഹിബിനെ പറ്റിക്കാനാണ് ആദ്യമായി ലീഗ് കേരളത്തില്‍ പുതിയ പാര്‍ട്ടിയുണ്ടാക്കുന്നത്. അങ്ങിനെ മുസ്‌ലിം ലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി പിറന്നു. മുസ്‌ലിം ലീഗിനെ മുഴുവന്‍ എം.എല്‍.എമാരും പ്രസിഡന്റ് ശിഹാബ് തങ്ങളും ആ പാര്‍ട്ടിയില്‍ ചേരുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന് അഫിഡവിറ്റ് നല്‍കി. എന്നാല്‍ ഭയപ്പെട്ടതുപോലെയൊന്നും കാര്യങ്ങള്‍ സംഭവിച്ചില്ല. സേഠുവിനെ ഒഴിവാക്കാന്‍ ബനാത്ത് വാലയുടെ കാര്‍മ്മികത്വത്തില്‍ നടന്ന ശ്രമം ജയിച്ചു.

കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കണമെന്ന് തീരുമാനിച്ച ദേശീയ നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കാത്ത സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിടാനും അഡ്‌ഹോക്ക് കമ്മിറ്റിയെ നിയമിക്കാനുമായിരുന്നു ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ഇത് മണത്തറിഞ്ഞ കേരള നേതാക്കള്‍ സേഠുവിന്റെ പദ്ധതി പൊളിക്കാനാണ് സംസ്ഥാനത്ത് വേറെ പാര്‍ട്ടി രൂപീകരിച്ചത്. ഇതിനൊപ്പം തന്നെ ദേശീയ നേതൃത്വത്തില്‍ നിന്ന് സേഠുവിനെ ഒഴിവാക്കാനും പദ്ധതിയൊരുക്കി. അതിന് ബനാത്ത് വാലയുമായി ചട്ടം കെട്ടി. ദേശീയ നേതൃത്വത്തില്‍ നിന്ന് നമുക്ക് രണ്ടുപേര്‍ക്കും മാറി നില്‍ക്കാമെന്ന് ബനാത്ത് വാല സേഠ് സാഹിബിനോട് പറഞ്ഞു വിശ്വസിപ്പിച്ചു. വാലയെ വിശ്വസിച്ച സേഠ് യോഗത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ടിട്ടും സ്വീകരിച്ചില്ല. എന്നാല്‍ പിന്നീട് കണ്ടത് ബനാത്ത് വാല പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നതാണ്. അങ്ങിനെ സേഠ് സാഹിബിനെ ഒഴിവാക്കി ദേശീയ നേതൃത്വം പിടിക്കാന്‍ കേരള ഘടകത്തിനായി സേഠുവിന് പുതിയ പാര്‍ട്ടിയുണ്ടാക്കേണ്ടി വന്നു. സേഠുവിനെ പൊളിക്കാനുണ്ടാക്കിയ കേരള ലീഗ് അങ്ങിനെ തന്നെ തുടര്‍ന്നു. കേരള ലീഗ് അങ്ങിനെയും ദേശീയ ലീഗ് അങ്ങിനെയും നിലനിന്നു.

രണ്ടു പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ട് ആരും പ്രശ്‌നമുണ്ടാക്കേണ്ട കാര്യമില്ല. എന്നാല്‍ ഇവിടെ അതല്ല പ്രശ്‌നം. എം.പിമാരും എം.എല്‍.എമാരും മത്സരിച്ച് ജയിക്കുന്നത് എം.എല്‍.കെ.എസ്.സി എന്ന പാര്‍ട്ടിയില്‍ നിന്നാണ്. എന്നാല്‍ ഇവര്‍ ഭാരവാഹികളായിരിക്കുന്നത് ഇന്ത്യന്‍ യൂണിയന്‍ മുസ് ലിം ലീഗില്‍ അതായത് ഒരു പാര്‍ട്ടിയില്‍ അംഗമായിരിക്കെ മറ്റൊരു പാര്‍ട്ടിയില്‍ മത്സരിച്ച് ജയിക്കുകയും ഭരണഘടനാ പദവികള്‍ അളങ്കരിക്കുകയും ചെയ്യുക. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും സുന്ദരമായ അനുഭവം.

ഇന്ത്യന്‍ യൂണിയന്‍ മുസ് ലിം ലീഗെന്ന പാര്‍ട്ടി 1999ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ മണ്ഡലത്തില്‍ ഷെയിഖ് മുഹമ്മദ് ഫാറൂഖും ഉത്തര്‍ പ്രദേശിനെ അസംഗഡ് മണ്ഡലത്തില്‍ അല്‍ അംജീറും മത്സരിച്ചത് ഐ.യു.എം.എല്‍ എന്ന പാര്‍ട്ടിയെ പ്രതിനിധീകരിച്ചാണ്. ഫാറൂഖിന് 17454 വോട്ടും അല്‍ അംജീറിന് 3069 വോട്ടും ലഭിച്ചു. ഇതേ തിരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് കേരള സ്‌റ്റേറ്റ് കമ്മിറ്റി എന്ന പാര്‍ട്ടിയുടെ ലേബലില്‍ 12 പ്രമുഖര്‍ രാജ്യമൊട്ടാകെ മത്സരിച്ചു. അതില്‍ അന്നത്തെ ഐ.യു.എംഎല്ലിന്റെ അഖിലേന്ത്യാ പ്രസിഡന്റ് ജി എം ബനാത്ത്‌വാലയും ഇന്നത്തെ ജനറല്‍ സെക്രട്ടറി ഇ അഹമ്മദുമുണ്ടായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇ അഹമ്മദുള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ മത്സരിച്ചത്് എം.എല്‍.കെ.എസ്.സിയുടെ സ്ഥാനാര്‍ത്ഥികളായിട്ടായിരുന്നു. എന്നാല്‍ ഇ അഹമ്മദ് അപ്പോഴും ഐ.യു.എം.എല്‍ പ്രസിഡന്റാണെന്നത് കൗതുകത്തോടെ കണ്ടിരിക്കാം.

സി.പി.ഐ.എം ജനറല്‍ സെക്രട്ടറിയായിരിക്കെ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച് ലോക്‌സഭയിലെത്തിയാല്‍ എങ്ങിനിരിക്കും. അതുപോലെയാണിപ്പോള്‍ കാര്യങ്ങള്‍. ഇവിടെ കേരളത്തില്‍ നിയമസഭക്കിരിക്കുന്ന ലീഗ് എം.എല്‍.മാരുടെ കാര്യവും ഇതുപോലെ തന്നെ. എം.എല്‍.കെ.എസ്.സി എന്ന പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിച്ച് ജയിച്ചവര്‍ ഇപ്പോള്‍ ഐ.യു.എം.എല്‍ എന്ന മറ്റൊരു പാര്‍ട്ടിയുടെ കേരള ഘടകത്തിന്റെ ഭാരവാഹികളാണ്. ഐ.യു.എം.എല്ലിന്റെ കേരള ഘടകമാണ് എം.എല്‍.കെ.എസ്.സി എന്ന് പറഞ്ഞ് ഇത്രയും കാലം പാര്‍ട്ടിക്കാരെയും നാട്ടുകാരെയും പറ്റിച്ചു. ഇനി അത് പറയാന്‍ കഴിയില്ല. കാരണം രണ്ടും രണ്ട് പാര്‍ട്ടിയാണെന്ന് പാര്‍ട്ടി തന്നെ സമ്മിതിച്ചിരിക്കുന്നു. അല്ലാതെ എങ്ങിനെ ലയിച്ച് ഒന്നിക്കും. ഇനി ലയിപ്പിച്ച് എല്ലാം അവസാനിപ്പിക്കാനമെന്ന് എങ്ങിനെയാണ ്കരുതാനാവുക. കൊന്ന പാപം തിന്നാല്‍ തീരുമോ?. ഇത്രയും കാലം നാട്ടുകാരെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും പറ്റിച്ചതിന് ഇവര്‍ മറുപടി പറയേണ്ടേ. വ്യാജരേഖ ചമച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കുക, ജയിച്ച് മന്ത്രിയാവുക… ഇന്ത്യന്‍ ജനാധിപത്യം ഇത്രയേറെ ഉദാരമോ?…

ഖാദര്‍ മൊയ്തീന്റെ ഓരോ തമാശകള്‍…

കേരളത്തിലെ കാര്യം ഇങ്ങിനെയൊക്കെയാണെങ്കില്‍ തമിഴ്‌നാട്ടില്‍ കാര്യം ഇതിലും കഷ്ടമാണ്. ഇന്ത്യന്‍ യൂണിയന്‍ മുസ് ലിം ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയാണ് ജനാബ് ഖാദര്‍ മൊയ്തീന്‍. അതില്‍ തെറ്റില്ല, അതേ മൊയ്തീന്‍ 14ാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത് താന്‍ ഡി.എം.കെ അംഗമാണെന്നാണ്. അദ്ദേഹം തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്് ഡി.എം.കെയുടെ ഉദയസൂര്യന്‍ ചിഹ്നത്തിലാണ്. തമിഴ്‌നാട്ടില്‍ ഡി.എം.കെയുടെ മൈനോരിറ്റി വിഭാഗം നേതാവായിരുന്നു മൊയ്തീന്‍. ആകെക്കൂടി ആലോചിക്കുമ്പോള്‍ തലപെരുക്കുന്ന അവസ്ഥയയി ഇപ്പോള്‍. കേരളത്തില്‍ കേരള ലീഗ്, തമിഴ്‌നാട്ടില്‍ ഡി.എം.കെ. അങ്ങ് ദേശീയത്തില്‍ അതെല്ലാം കൂടി ഒരുമിച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ് ലിം ലീഗ്. എല്ലാ നദികളും കടലില്‍ ചെന്നവസാനിക്കുന്നു എന്ന് പറയുന്നതു പോലെയുള്ള അവസ്ഥ.

തമിഴ്‌നാട്ടിലെ ഐ.യു.എം.എല്‍ പ്രവര്‍ത്തകനായ പരാതിക്കാരന്‍ ദാവൂദ് മിയാന്‍ ഖാന്‍ അന്തരിച്ച ഇബ്രാഹീം സുലൈമാന്‍ സേഠുവിന്റെ മകളുടെ മകനാണെന്ന കാര്യം അധികമാരും അറിഞ്ഞിരിക്കില്ല. വല്ലുപ്പയെ പറ്റിച്ച നമ്മുടെ നേതാക്കള്‍ക്കിട്ട് പണികൊടുക്കാന്‍ തന്നെയാണ് മിയാന്‍ഖാന്റെ തീരുമാനം.

പടച്ച തമ്പുരാനേ… ഇത്രയും കാലം നിന്റെ പേരു പറഞ്ഞാണ് ഇവര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. നിന്റെ പേരു പറഞ്ഞ് ഇത്രയും കാലം ഇവര്‍ നാട്ടുകാരെ വിഢ്ഢികളാക്കുകയായിരുന്നോ… ഇലക്ഷന്‍ കമ്മീഷന്‍ പൊറുത്താലും ലീഗ് പ്രവര്‍ത്തകര്‍ ഇതുപൊറുക്കുമെന്ന് തോന്നുന്നില്ല…

13 Responses to “ലീഗ് ലയനം: കൊന്ന പാപം തിന്നാല്‍ തീരുമോ?”

 1. jamsheed

  Mr. ശഹീദ് , താങ്കള്ക് ലീഗ് കാരോട് ശരിക്കും വിരോധം ഉണ്ട് അല്ലെ..?അത് തങ്ങളുടെ ലെകനത്തില്‍ നിന്നും മനസ്സിലാകുന്നു..

 2. knmkutty

  രജിസ്ട്രേഷന്റെ പേരിലും ലീഗിനെതിരെ മാധ്യമവിവാദം…
  ……..
  ഇക്കാലത്ത് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിറയുന്നത് എങ്ങനെയാണെന്ന് ആര്‍ക്കും പറയാനാവില്ല. വാര്‍ത്തകള്‍ ഉണ്ടാവുകയും സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഓരോ വാര്‍ത്തയുടെയും നിജസ്ഥിതിയും പ്രാമാണികതയും നിര്‍ണ്ണയിക്കുക എളുപ്പവുമല്ല. പലപ്പോഴും വളരെ അപ്രധാനമായ കാര്യങ്ങള്‍ പ്രധാന വാര്‍ത്തകളായും സുപ്രധാനമായ വിഷയങ്ങള്‍ നിസ്സാര വിവരങ്ങളായും മാറുന്നതും ഈയിടെയായി സുലഭമാണ്.
  ക്രിയാത്മകമായ സംരംഭങ്ങള്‍ക്ക് ആവശ്യമായ പരിഗണന നല്‍കാതിരിക്കുകയും നിഷേധാത്മക പ്രവണതമാത്രം പ്രകടമാക്കുകയും ചെയ്യുന്ന രീതിവിശേഷമാണ് ഈ സാഹചര്യം ക്ഷണിച്ചുവരുത്തുന്നത്. രാഷ്ട്രീയവും നിയമനിര്‍മ്മാണസഭകളുമെല്ലാം ഈ വീക്ഷണകോണിലൂടെയാണ് പലപ്പോഴും ദര്‍ശിക്കപ്പെടുന്നത്. താല്‍ക്കാലികമായി നിലനില്‍ക്കുന്ന സെന്‍സേഷനിലാണ് എല്ലാവര്‍ക്കും താല്‍പര്യം.
  മുസ്ലിംലീഗിന്റെ അഖിലേന്ത്യാ, സംസ്ഥാന സംവിധാനങ്ങളെക്കുറിച്ചും ദേശീയാധ്യക്ഷന്റെ സ്ഥാനത്തെക്കുറിച്ചും ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഈ സ്ഥിതിവിശേഷത്തിന് ഏറ്റവും മികച്ച ഉദാഹരണമാണ്. ഒട്ടും പ്രസക്തമല്ലാത്ത വിഷയമാണ് ഇതിലൂടെ വന്‍ പ്രാധാന്യം നല്‍കിക്കൊണ്ട് അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇത്തരം “വാര്‍ത്തകള്‍’ പുറത്തുവിടുന്നവര്‍ക്കുതന്നെ അറിയാവുന്നതാണ് അതിന്റെ പൊള്ളത്തരം.
  ഇതിലൂടെ മുസ്ലിംലീഗ് പാര്‍ട്ടിയെ ഒന്ന് ഇകഴ്ത്താന്‍ കഴിയുമോ എന്നാണ് ചിലര്‍ ചിന്തിക്കുന്നത്. എന്നാല്‍ അത്തരം ശ്രമങ്ങള്‍ പാഴാവുകയേ ഉള്ളൂ എന്ന് ഇക്കാര്യത്തിലും വൈകാതെ അവര്‍ക്ക് മനസ്സിലാകും. ഇത്തരം കാര്യങ്ങള്‍ ആഘോഷമാക്കി അതിലൂടെ ലീഗിനെ ക്ഷീണിപ്പിക്കാമെന്ന് കരുതുന്നവര്‍ നിരാശരാവുകയേ ഉള്ളൂ.
  ഇലക്ഷന്‍ കമ്മീഷന്‍ ആവശ്യപ്പെട്ട വിശദീകരണം ഒരു സാങ്കേതികത്വവുമായി മാത്രം ബന്ധപ്പെട്ടതാണ്. ചട്ടങ്ങളുടെ കാര്യത്തില്‍ അങ്ങനെയൊരു വിശദീകരണം ആവശ്യപ്പെടാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിക്ഷിപ്തവുമാണ്. കമ്മീഷനെയും അതിന്റെ നിര്‍ദ്ദേശങ്ങളെയും പൂര്‍ണ്ണമായും പാലിക്കുന്ന പാര്‍ട്ടിയാണ് മുസ്ലിംലീഗ്. ഇപ്പോള്‍ നല്‍കേണ്ടതായ വിശദീകരണത്തിന്റെ കാര്യത്തിലും ആ നിലപാടില്‍തന്നെ പാര്‍ട്ടി ഉറച്ചുനില്‍ക്കുന്നു. അതനുസരിച്ചുതന്നെയാണ് പാര്‍ട്ടി നേതൃത്വം മുന്നോട്ടുപോകുന്നത്. കമ്മീഷനാവശ്യപ്പെട്ട മറുപടി നല്‍കുന്ന കാര്യത്തില്‍ വിളംബം വരുത്തുകയില്ല.
  എന്നാല്‍ ഇതൊന്നും മനസ്സിലാക്കാതെയാണ് ചിലര്‍ അവസരം മുതലെടുക്കാന്‍ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട ഒരു സാങ്കേതിക പ്രശ്നത്തെ പര്‍വ്വതീകരിച്ച് വിവാദമാക്കാനാണ് അവര്‍ക്ക് താല്‍പര്യം. ഏത് കാര്യത്തിലും ചൂടുള്ള ചര്‍ച്ചകളും വാഗ്വാദങ്ങളും വിവാദങ്ങളും സൃഷ്ടിക്കുന്ന ഈ നിലപാട് വസ്തുനിഷ്ഠമായ സമീപനത്തിന്റെ ഭാഗമല്ലതന്നെ.
  രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ടതാണ് ഈ സാങ്കേതിക പ്രശ്നം. കേരള സംസ്ഥാന മുസ്ലിംലീഗ് കമ്മിറ്റിയുടെ രജിസ്ട്രേഷന്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ് എന്ന പേരിലല്ല. സംസ്ഥാനക്കമ്മിറ്റി സ്വന്തമായി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതാണ്. അങ്ങനെയാണ് മുസ്ലിംലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി എന്ന പേരിലുള്ള രജിസ്ട്രേഷന്‍ നിലവില്‍ വന്നത്.
  സംസ്ഥാന സമിതികള്‍ സ്വതന്ത്രമായി ഇത്തരം സാങ്കേതിക കാര്യങ്ങളില്‍ പ്രവര്‍ത്തിച്ചു പോന്നത് കേന്ദ്ര സമിതിയുടെ അറിവോടും സമ്മതത്തോടുംകൂടി തന്നെയായിരുന്നു. പ്രവര്‍ത്തന സൗകര്യം മാത്രം മുന്‍നിര്‍ത്തി ചെയ്ത ഈ നടപടിയുടെ പേരില്‍ കോലാഹലം സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍ ഇതിന്റെ സത്യാവസ്ഥക്കുനേരെ കണ്ണടയ്ക്കുകയാണ്. രജിസ്ട്രേഷനിലെ ഈ സാങ്കേതികത്വത്തിന്റെ പേരില്‍ എങ്ങനെയാണ് ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗും കേരള സംസ്ഥാന മുസ്ലിംലീഗും രണ്ടായിത്തീരുക. ഒരേ ആശയം, ഒരേ നയം, ഒരേ നേതൃത്വം, ഒരേ കൊടി എന്നിവയിലൂടെയെല്ലാം ഒരേ പാര്‍ട്ടിയായി ലീഗ് നിലകൊള്ളുന്നു എന്ന് മാധ്യമ വിമര്‍ശകര്‍ക്കും നല്ലപോലെ അറിയാവുന്നതാണ്. എന്നിട്ടും അവര്‍ നടത്തുന്ന പ്രചാരണം ഒട്ടും ക്രിയാത്മകമല്ല. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ് എന്ന ഒരേ ഒരു രാഷ്ട്രീയ പ്രസ്ഥാനമേ ഇന്ത്യയില്‍ ഉള്ളൂ. അതിന്റെ അവിഭാജ്യ ഘടകമാണ് സംസ്ഥാന മുസ്ലിംലീഗ്.
  എന്നാല്‍ ഇലക്ഷന്‍ കമ്മീഷന്‍ ചട്ടപ്രകാരം ആവശ്യപ്പെട്ട വിശദീകരണം നേരത്തെ സൂചിപ്പിച്ചതുപോലെ രജിസ്ട്രേഷന്റെ സാങ്കേതികത്വവുമായി ബന്ധപ്പെട്ടതാണ്. അത് സംബന്ധിച്ച വിശദീകരണം നല്‍കാന്‍ പാര്‍ട്ടി ബാധ്യസ്ഥവുമാണ്. അത് മുറപോലെ നടക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അപ്പോഴേക്കും ചില മാധ്യമകേന്ദ്രങ്ങള്‍ക്ക് താല്‍പര്യം പാര്‍ട്ടി അധ്യക്ഷന്റെ പദവിയിലാണ്. അഭിവന്ദ്യനായ കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി ഇ. അഹമ്മദ് സാഹിബ് മുസ്ലിംലീഗിന്റെ പ്രസിഡണ്ട്പദം ഒഴിയേണ്ടിവരുമെന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. വിഷയം വലിച്ചുനീട്ടി രാഷ്ട്രീയമായ ലക്ഷ്യത്തിനുവേണ്ടി ഉപയോഗിക്കാനാണ് ഈ മാധ്യമശ്രമം.
  ഇ. അഹമ്മദ് സാഹിബ് ലീഗിന്റെ അധ്യക്ഷസ്ഥാനത്ത് തുടരുന്നതില്‍ യാതൊരു അസാംഗത്യവും ഇപ്പോള്‍ ഉളവായിട്ടില്ല. ഇലക്ഷന്‍ കമ്മീഷനുമായി ബന്ധപ്പെട്ട സാങ്കേതികത്വമുണ്ടെങ്കില്‍ അത് പരിഹരിക്കുക എന്നല്ലാതെ പാര്‍ട്ടി അധ്യക്ഷന്‍ സ്ഥാനമൊഴിയേണ്ട കാര്യമെന്തിരിക്കുന്നു? ജീവിച്ചിരിപ്പുള്ള മുസ്ലിംലീഗ് നേതാക്കളില്‍ ഏറ്റവും മുതിര്‍ന്ന സമുന്നതനായ നേതാവാണ് അഹമ്മദ് സാഹിബ്. അദ്ദേഹത്തിന്റെ അധ്യക്ഷസ്ഥാനം പാര്‍ട്ടിക്കും പാര്‍ട്ടി അണികള്‍ക്കും എപ്പോഴും സ്വീകാര്യവും അഭിമാനകരവുമായിട്ടേ അനുഭവപ്പെട്ടിട്ടുള്ളൂ. കേന്ദ്രമന്ത്രി എന്ന നിലയില്‍ ദേശീയ രാഷ്ട്രീയത്തിലും നേതൃത്വത്തിലും അദ്ദേഹം ശോഭിച്ചുനില്‍ക്കുന്നതും പാര്‍ട്ടിയുടെ യശസ്സ് ഏറെ ഉയര്‍ത്തുകയുണ്ടായി.
  അഖിലേന്ത്യാ പ്രസിഡണ്ട് വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഉടനെ പാര്‍ട്ടി നേതൃത്വം കൂടിയാലോചിച്ച് സാങ്കേതികത്വത്തിലെ തടസ്സങ്ങള്‍ നീക്കും. അത് ഊതിവീര്‍പ്പിച്ച് നേട്ടം കൊയ്യാന്‍ അവസരം കാത്തിരിക്കുന്നവര്‍ നിരാശരാകേണ്ടിവരും.

 3. vinu

  കുഞ്ഞാലികുട്ടി യെ പോലെ ഒരാളെ വിശ്വസിക്കുന്ന ലീഗ് അനികല്കെ ഇതൊന്നും ഒരു പ്രസ്നാമല്ല കുഞ്ഞപ്പ എന്താണ് പരുന്നത്തെ അതാണെ sathyam

 4. thahirali poroppad

  കുന്നപ്പാ ദയലൂഗ് കേട്ടട്ട് ജീവിതം കളയല്ലേ ഇന്യും എത്ന്റെ ലീഗുകാരെ

 5. Muhammed shafeeq

  ഹലോ മര്‍. ശഹീദ്
  ഇത് ഭാലഭൂമിയല്ല , social media ഒരിക്കലും ഉപയോഗിക്കരുത്. കാരണം നിങ്ങളുടെ സ്റ്റാന്‍ഡേര്‍ഡ് ജനങ്ങള്‍ മനസ്സിലാക്കും.
  അറിവില്ലായ്മ തെറ്റല്ല , അതില്‍ അഹങ്കരിക്കരുത്! .ഈ വിഷയത്തെ കുറിച്ച കൂടുതല്‍ പഠിക്കാന്‍ നോക്കുക, അല്ലെങ്കില്‍ അറിവുല്ലവരോടെ ചോദിച്ചു മനസ്സിലാക്കുക.

 6. asha

  സംഭവം ശരിയാണ്. സേട്ടുവിനെ പറ്റിക്കാന്‍ ശ്രമിച്ച കേരള ലീഗുകാര്‍ക്ക് കിട്ടിയ തിരിച്ചടി. മിയാന്‍ ഖാന്‍ സേട്ടുവിന്റെ മകളുടെ മകന്‍ അല്ല. ലീഗ് സ്ഥാപകന്‍ ഇസമായില്‍ സാഹിബിന്റെ മകനാണ്.

 7. vikkis

  മഹാത്മഗന്ധിയ്ക്കൊപ്പം പീഡനക്കേസിലെ പ്രതി !. രാഷ്ട്ര പിതാവിനെ ഇങ്ങനെ അപമാനിക്കരുത്

 8. Abdurahiman

  മഹത്തായ ഇന്ത്യന്‍ യുണിയന്‍ മുസ്ലിം ലീഗില്‍ 1992 മുതല്‍ ശിഹാബ് തങ്ങളും കൂട്ടരും ഉണ്ടായിരുന്നില്ല എന്ന് ചുരുക്കം. എല്ലാം അധികാരത്തിന്റെ അപ്പകഷ്ണം തേടുന്നവര . കഷ്ടം! കാഷ്ടം!!

 9. Mahamood, Kasaragod

  കുറെ തിരുമാടി കുട്ടന്മാര്‍ ഇന്ത്യന്‍ യുണിയന്‍ മുസ്ലിം ലീഗിനെ നശിപിച്ചു! നശിപിച്ച്ചവര്‍ തന്നെ അതിന്റെ മേലാളന്മാരുമായി. പൊറുകില്ല, ദൈവം.

 10. Rafeeque, Malappuram

  മുസ്ലിം ലീഗിന് ഇപ്പോഴത്തെ നേതാക്കള്‍, ഗുണത്തെകാല്‍ ദോഷം വരുത്തി വെച്ചു. പെണ്ണിനും, അധികാരത്തിനും വേണ്ടി മുസ്ലിം ലീഗിനെ നശിപിച്ചു, ഇവര്‍.

 11. kamalRAFEEK irikkur

  ലീഗിനെ മോശമക്കിയത് ഇത്തരം പ്രവര്‍ത്തകര്‍ ആണു നെത്ര്തം എന്ത് തെമ്മാടിത്തരം ചെയ്താലും അതു പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യില്ല . മതത്തിന്റെ പേര് പറഞ്ഞു വോട്ടും പിടിച്ചു അധികാരത്തില്‍ കയറിയാല്‍ പിന്നെ ലീഗു നേതാക്കള്‍ കോടീശ്വരന്മാര്‍ ആയി ചില അര്‍ദ്ധ ,പ്രാദേശിക നേതാക്കള് ഒപ്പം ഉപ കൊടീശ്വാരന്മാരും വിനമികളും ആയി മാറി എന്നതാണ് സത്യം

 12. anwer

  ഒരു കാര്യവുമില്ലാത്ത ചര്‍ച്ച
  മറുപടി അര്‍ഹിക്കാത്ത വിശകലനങ്ങള്‍
  സമയം കളയാതെ വേറെ പണി നോകിക്കൂടെ കൂട്ടരേ

 13. kmcc

  എന്ത് പറഞ്ഞാലും ലീഗിനെ തകര്‍ക്കാന്‍ നിങ്ങള്ക് കഴില്ല കാരണം ഇതു മുസ്ലിം ലീഗ് ആന്നു നിന
  പോലെയുള്ള പല എരപാളികളെയും പല തെമ്മടികളെയും ഞങ്ങള് കണ്ടിട്ടുണ്ടേ എന്നിട്ടും ലീഗ് തകര്നിട്ടില്ല തള്ര്നിട്ടുമില്ല നിങ്ങള് ഉന്നയിക്കുന്ന ഓരോ ആരോപങ്ങളും ലീഗ് പതിമടങ്ങ്‌ ശക്തിയില്‍ പ്രതിരോതിക്കും അതാണെ ഞങ്ങളുടെ ശക്തി തകര്‍ക്കാന്‍ ശ്രമിച്ചാല്‍ തകരില്ല പകരം തിരിച്ചുവരും പുവാതികം ശക്തിയില്‍
  ഇല്ലാ കദകള് പറയുന്ന നിങ്ങള്‍ക്കും വരും ഇതു പോലെ ഒരു ദിവസം ആ വരാന്‍ പോകുന്ന ദിവസത്തെ കുറിച്ച് ആലോജിക്ക് നല്ല വണ്ണം ?

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.