തിരുവനന്തപുരം: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് അഞ്ച് മന്ത്രിമാരെ പ്രഖ്യാപിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി, വി.കെ ഇബ്രാഹിം കുഞ്ഞ്, എം.കെ മുനീര്‍, പി.കെ അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി എന്നിവരുടെ പേരുകളാണ് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചത്. എന്നാല്‍ മുന്നണിയില്‍ ലീഗിനായി ധാരണയായ നാല് മന്ത്രിസ്ഥാനത്തേക്കാള്‍ ഒരാളെ അധികം പ്രഖ്യാപിച്ചത് മുന്നണിയില്‍ വന്‍ ആശയക്കുഴപ്പത്തിന് കാരണമായി. ലീഗിന്റെ പ്രഖ്യാപനത്തില്‍ ആശ്ചര്യം രേഖപ്പെടുത്തി ഉമ്മന്‍ ചാണ്ടിയും കെ.എം മാണിയും രംഗത്തെത്തിക്കഴിഞ്ഞു.

യുഡിഎഫില്‍ നിലവിലുള്ള ധാരണ അനുസരിച്ച് മുസ്‌ലീം ലീഗിന് നാലു മന്ത്രിമാരെ ഉണ്ടാവുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഇരുപതംഗ മന്ത്രിസഭയ്ക്കാണ് യുഡിഎഫില്‍ ധാരണയായിട്ടുള്ളത്. മഞ്ഞളാംകുഴി അലിയെ ലീഗ് മന്ത്രിയായി പ്രഖ്യാപിച്ചതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രതിരോധമന്ത്രി എ.കെ.ആന്റണിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഡല്‍ഹിയില്‍ സംസാരിക്കുകയായിരുന്ന ഉമ്മന്‍ ചാണ്ടി.

മുസ്‌ലിം ലീഗ് ഏത് സാഹചര്യത്തിലാണ് അഞ്ച് മന്ത്രിമാരെ പ്രഖ്യാപിച്ചതെന്ന് അറിയില്ലെന്നായിരുന്നു കേരള കോണ്‍ഗ്രസ് എം ലീഡര്‍ കെ.എം മാണിയുടെ പ്രസ്താവന. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പാര്‍ലമെന്ററികാര്യ വകുപ്പ്, എന്നീ സ്ഥാനങ്ങള്‍ ഒഴിച്ചിടുമെന്നാണ് യു.ഡി.എഫിലുണ്ടായ ധാരണക്ക്് വിരുദ്ധമായി ഇപ്പോഴെന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തങ്ങള്‍ക്ക് മൂന്ന് മന്ത്രി സ്ഥാനം വേണമെന്നും കെ.എം മാണി ആവര്‍ത്തിച്ചു.

ഇരുപതംഗ മന്ത്രിസഭയ്ക്കാണ് യുഡിഎഫില്‍ ധാരണയായിട്ടുള്ളതെന്ന് കെ.പി.സിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പാര്‍ലമെന്ററികാര്യ വകുപ്പ് തുടങ്ങിയ സ്ഥാനങ്ങളില്‍ പിന്നീട് തീരുമാനമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍ തങ്ങള്‍ അഞ്ചമതായി പ്രഖ്യാപിച്ച മഞ്ഞളാംകുഴി അലിയുടെ കാര്യത്തില്‍ ഒരു മാറ്റവുമില്ലന്ന് മുസ്ലിം ലീഗ് പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

പി.കെ കുഞ്ഞാലിക്കുട്ടിക്ക് വ്യവസായതദ്ദേശഭരണ വകുപ്പ് ലഭിക്കും.പി.കെ അബ്ദുറബ്ബിന് വിദ്യാഭ്യാസ വകുപ്പും വി.കെ ഇബ്രാഹിംകുഞ്ഞിന് പൊതുമരാമത്ത് വകുപ്പും ലഭിക്കും. എം.കെ മുനീറിന് സാമുഹ്യക്ഷേമം, പഞ്ചായത്ത് വകുപ്പുകള്‍ ലഭിക്കും. പാര്‍ലമെന്ററി വകുപ്പ് തങ്ങള്‍ക്ക് ലഭിക്കണമെന്ന് വ്യക്തമാക്കിയ ലീഗ് മഞ്ഞളാംകുഴി അലിയുടെ പേരാണ് ഇതിനായി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

വളരെ നാടകീയമായിട്ടാണ് ലീഗ് അഞ്ചാമത്തെ മന്ത്രിസ്ഥാനം കൂടി തങ്ങള്‍ക്ക് വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയക്ക്‌കൊടുവില്‍ ലീഗിന് നാല് മന്ത്രിസ്ഥാനം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു.

മന്ത്രിസ്ഥാനവും ചാനല്‍ ചെയര്‍മാന്‍ സ്ഥാനവും ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കാത്തതിനാല്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെയ്ക്കുന്നുവെന്ന് വ്യക്തമാക്കി എം.കെ മുനീര്‍ കത്ത് നല്‍കിയിട്ടുണ്ടെന്ന് ഹൈദരലി തങ്ങള്‍ പറഞ്ഞു. മഞ്ഞളാംകുഴി അലി ഒഴികെയുള്ള മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ നടക്കും. യു.ഡി.എഫുമായി ചര്‍ച്ച ചെയ്ത ശേഷമാണ് മഞ്ഞളാംകുഴി അലിയുടെ പേര് പ്രഖ്യാപിച്ചതെന്ന് നേരത്തെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നത്. ഇരുപതംഗ മന്ത്രിസഭ എന്ന ആദ്യതീരുമാനം മാറിക്കൂടായ്കയില്ലെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.