കോഴിക്കോട്: എ.പി.സുന്നി വിഭാഗവുമായി മുസ്ലിംലീഗ് സഹകരിക്കുന്നത് അംഗീക്കാനാവില്ലെന്ന് ഇ.കെ.വിഭാഗം സമസ്ത. ഇന്ന് കോഴിക്കോട് ചേര്‍ന്ന് ഇ.കെ.വിഭാഗത്തിന്റെ മുശാവറ യോഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്. എ.പി.വിഭാഗം സുന്നികളുടെ പരിപാടികളില്‍ ലീഗ് നേതാക്കള്‍ പോകുന്നതിനെതിരെയും അവരുമായി സഹകരിക്കുന്നതിനെതിരെയും ശക്തമായ പ്രതിഷേധമാണ് മുശാവറയില്‍ ഉയര്‍ന്നത്.

സമസ്തയുടെ പിളര്‍പ്പിനു ശേഷം ഇടതു പക്ഷത്തിനൊപ്പം നിന്ന എ.പി.വിഭാഗം കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞെടുപ്പിലും പാര്‍ലമെന്റ് തിരഞെടുപ്പിലും മനസ്സാക്ഷി വോട്ടിനായിരുന്നു ആഹ്വനം ചെയ്തിരുന്നത്. എന്നാല്‍ നിയമസഭാ തിരഞെടുപ്പില്‍ പരസ്യമായി തന്നെ മുസ്ലിംലീഗിനെയും യു.ഡി.എഫിനെയും പിന്തുണക്കുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തി. നിയമസഭാ തിരഞെടുപ്പിന് ശേഷം എ.പി.വിഭാഗവുമായി ലീഗ് നേതാക്കള്‍ കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു.

മര്‍കസ് സമ്മേളനങ്ങളില്‍ പങ്കെടുക്കുന്ന പതിവില്ലാതിരുന്ന ലീഗ് നേതാക്കള്‍ കഴിഞ്ഞ മര്‍കസ് സമ്മേളനത്തിന് എം.കെ.മുനീറിനെയും ഇ.ടി.മുഹമ്മദ് ബഷീറിനെയും അയച്ചിരുന്നു. ഇതില്‍ രോഷാകുലരായ ഇ.കെ.വിഭാഗത്തിന്റെ മുശാവറയില്‍ നേരിട്ടെത്തി കുഞ്ഞാലിക്കുട്ടി ഖേദം പ്രകടിപ്പിച്ചിരുന്നു. ആ സമയത്ത് ഇരു സുന്നികളുടെയും ലയന ചര്‍ച്ചകള്‍ക്ക് ലീഗ് നേതൃത്വം നല്‍കിയിരുന്ന കാര്യമാണ് അന്ന് കുഞ്ഞാലിക്കുട്ടി ന്യായമായി പറഞ്ഞിരുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ മര്‍കസില്‍ നടന്ന പരിപാടികളില്‍ മന്ത്രിമാരോടൊപ്പം ലീഗിന്റെ നേതാക്കന്മാരും പങ്കെടുത്തിരുന്നു.

കഴിഞ്ഞ ദിവസം പുറത്തു വന്ന വുമണ്‍സ് കോഡ് ബില്ലിനെതിരെ ചന്ദ്രികയില്‍ സമസ്തയുടെ ഔദ്യോഗിക നിലപാടായി വന്നത് എ.പി.വിഭാഗത്തിന്റേതായിരുന്നു. ഇതുംകൂടി ആയപ്പോഴാണ് ഇ.കെ.വിഭാഗം നേതാക്കള്‍ ലീഗിന് മുന്നറിയിപ്പ് നല്‍കുന്ന തരത്തില്‍ രംഗത്ത് വന്നിരിക്കുന്നത്. ഇന്നലെ മലപ്പുറം സുന്നി മഹലില്‍ നടന്ന യോഗത്തിലാണ് ഈ വിഷയം ഇന്ന് നടക്കുന്ന മുശാവറയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യമുയര്‍ന്നത്.

ഇന്നത്തെ മുശാവറ യോഗത്തില്‍ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പങ്കെടുത്തിരുന്നു. മുസ്ലിംലീഗിന്റെ എ.പി.സമസ്തയുമായുള്ള പുതിയ ബന്ധത്തെച്ചൊല്ലി ഇ.കെ.വിഭാഗം ലീഗുമായി ഇടയുകയാണ്.