പാലക്കാട്: മുസ്‌ലിം ലീഗിനെതിരെയുള്ള എന്‍.എസ്.എസ് നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചും സംഘടനക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയും ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് രംഗത്ത്. യു.ഡി.എഫിന്റെ രണ്ട് രാജ്യസഭാ സീറ്റ് ക്രിസ്ത്യാനികള്‍ക്ക് നല്‍കിയിട്ടും മിണ്ടാതിരിക്കുന്ന എന്‍.എസ്.എസാണ് മുസ്‌ലിം ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കിയപ്പോള്‍ വര്‍ഗ്ഗീയ പ്രസ്താവനകളുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് മജീദ് വ്യക്തമാക്കി. പാലക്കാട് ജില്ലാ മുസ്‌ലിം ലീഗ് എക്‌സിക്യുട്ടീവ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എന്‍.എസ്.എസ് ആവശ്യപ്പെട്ട ഒന്നും സര്‍ക്കാര്‍ നല്‍കാതിരുന്നിട്ടില്ല. ക്യാബിനറ്റ് അംഗീകരിച്ച തീരുമാനമാണ് വിദ്യാഭ്യാസവകുപ്പ് ഉള്‍പ്പെടെ നടപ്പാക്കുന്നത്. ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കുമെന്നത് സര്‍ക്കാര്‍ രൂപീകരണ കാലത്ത് കോണ്‍ഗ്രസും ലീഗും തമ്മിലുണ്ടാക്കിയ ‘ജെന്റില്‍മാന്‍ എഗ്രിമെന്റാ’യിരുന്നു. ആ സമയത്ത് ഇക്കാര്യം പുറത്ത് പറഞ്ഞില്ലെന്നേയുള്ളൂ. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കും ചേരിപ്പോരുമാണ് അഞ്ചാം മന്ത്രിസ്ഥാനം വിവാദമാക്കിയത്.

നെയ്യാറ്റിന്‍കരയില്‍ ഒ. രാജഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കിയത് എന്‍.എസ്.എസിന്റെ കൂടി നിര്‍ദേശപ്രകാരമാണെന്ന് മജീദ് വെളിപ്പെടുത്തി. ഇക്കാര്യത്തില്‍ ബി.ജെ.പിയും സി.പി.ഐ.എമ്മും തമ്മില്‍ ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അഞ്ചാം മന്ത്രി വിഷയത്തില്‍ മുസ്‌ലിം ലീഗിനും സര്‍ക്കാറിനും രൂക്ഷ വിമര്‍ശനവുമായി എന്‍.എസ്.എസ് രംഗത്തെത്തിയിരുന്നു. എന്നാല്‍ അനര്‍ഹമായ കാര്യങ്ങളാണ് നേടിയെടുക്കുന്നതെന്ന് തെറ്റിദ്ധരിപ്പിച്ച് തങ്ങളെ സമ്മര്‍ദ്ദത്തിലാക്കുകയാണ് എന്‍.എസ്.എസ് ലക്ഷ്യമെന്നാണ് ലീഗ് നേതാക്കളുടെ ആരോപണം.

സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ മന്ത്രിസഭയില്‍ ഭൂരിപക്ഷമായി മാറിയിരിക്കുകയാണെന്നും സര്‍ക്കാറില്‍ ഏറ്റവും മോശമായി പ്രവര്‍ത്തിക്കുന്നത് വിദ്യാഭ്യാസ വകുപ്പാണെന്നും എന്‍.എസ്.എസ് ഇന്നലെയും പ്രസ്താവനയിറക്കിയിരുന്നു.

21 അംഗ മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 14 പേരാണ് ന്യൂനപക്ഷവിഭാഗത്തിനുള്ളത്. ഈ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ നടപടിവേണം. സര്‍ക്കാറും യു.ഡി.എഫും ന്യൂനപക്ഷ രാഷ്ട്രീയ സമ്മര്‍ദത്തിന് കീഴടങ്ങിയാണ് പ്രവര്‍ത്തിക്കുന്നത് തുടങ്ങിയവയായിരുന്നു എന്‍.എസ്.എസിന്റെ ആരോപണങ്ങള്‍.