എഡിറ്റര്‍
എഡിറ്റര്‍
സര്‍ക്കാരിന്റെ കയ്യില്‍ അലാവുദ്ദീന്റെ അത്ഭുതവിളക്കില്ല: ആന്റണിയ്‌ക്കെതിരെ ലീഗ്
എഡിറ്റര്‍
Saturday 17th November 2012 12:00pm

തിരുവനന്തപുരം: കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണിയുടെ പ്രസ്താവനയെക്കുറിച്ച് അദ്ദേഹം വിശദീകരണം നല്‍കിയാല്‍ അതിന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി മറുപടി പറയുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.എല്‍.എ.

ആന്റണിയെ വ്യാഖ്യാനിച്ച് കഷ്ടപ്പെടാന്‍ ലീഗില്ലെന്നും ആന്റണി പറഞ്ഞത് എന്തെന്ന് അദ്ദേഹം തന്നെ വിശദമാക്കുമെന്നാണ് കരുതുന്നതെന്നും ബഷീര്‍ പറഞ്ഞു.

Ads By Google

ഒരു രംഗം കാണുമ്പോള്‍ ചൂടാകുന്ന ആളല്ല ആന്റണി. ഞാന്‍ ആന്റണിയെ ഏറെ പഠിച്ച വ്യക്തിയാണ്. എല്‍.ഡി.എഫ് ഭരിച്ചാല്‍ കേരളം ബംഗാളാകുമെന്ന് പറഞ്ഞ ആളാണ് ആന്റണി. ഇപ്പോള്‍ പറയുന്നു എല്‍.ഡി.എഫിന്റെ ഭരണം നല്ലതായിരുന്നെന്ന്.

എന്താണ് ഇതിലൂടെ ആന്റണി ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കണം. ഇന്ന് കാസര്‍ഗോഡ് നടക്കുന്ന ചടങ്ങില്‍ ആന്റണി കാര്യങ്ങള്‍ വിശദമാക്കുമെന്ന വിശ്വാസമുണ്ട്. അങ്ങനെയാണെങ്കില്‍ ആന്റണിയുടെ എല്ലാ സംശയങ്ങള്‍ക്കും കുഞ്ഞാലിക്കുട്ടി മറുപടി പറയും.

പ്രതിസന്ധി സൃഷ്ടിച്ച് ഒഴിഞ്ഞുപോകുന്ന ആളല്ല ആന്റണി.-ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

അതേസമയം എ.കെ ആന്റണിക്ക് കേരള വികസനത്തിന്റെ കാഴ്ചപ്പാടില്‍ തെറ്റുപറ്റിയെന്നും എമേര്‍ജിങ് കേരളയ്ക്ക് ശേഷം കേരളം വികസന കാര്യത്തില്‍ വന്‍കുതിപ്പാണ് ഉണ്ടായിരിക്കുന്നതെന്നും മന്ത്രി എം.കെ മുനീര്‍ പ്രതികരിച്ചു.

സര്‍ക്കാരിന്റെ കയ്യില്‍ അലാവുദ്ദീന്റെ അത്ഭുത വിളക്കില്ല. ടി.വി കണ്ട് വൈകാരിമായി കൂടുതല്‍ പ്രതികരിക്കുന്നില്ല. പ്രസ്താവന ആന്റണി തന്നെ വിശദമാക്കുമെന്നാണ് കരുതുന്നതെന്നും മുനീര്‍ പറഞ്ഞു.

അതേസമയം എ.കെ.ആന്റണി ഉദ്ദേശിശിച്ചത് ബ്രഹ്‌മോസിലെ പ്രശ്‌നങ്ങള്‍ മാത്രമല്ലെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ വ്യക്തമാക്കി. ആന്റണിയുടെ വാക്കുകള്‍ക്കപ്പുറത്ത് ചില കാര്യങ്ങളുണ്ട്.

ആന്റണിയുടെ പ്രസംഗത്തിന്റെ അന്തസത്ത സംസ്ഥാന സര്‍ക്കാര്‍ ഉള്‍ക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ആന്റണി വലിയ നേതാവാണ്. അദ്ദേഹത്തിന്റെ വാക്കുകളെ വ്യാഖ്യാനിക്കാന്‍ താന്‍ ആരുമല്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement