തിരുവനന്തപുരം: മുസ്‌ലിം ലീഗ് സംസ്ഥാനത്തെ മൂന്നാമത്തെ വലിയ രാഷ്ട്രീയ പാര്‍ട്ടിയായി മാറിയെന്ന് സംസ്ഥാന സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. തിരഞ്ഞെടുപ്പ് ഫലത്തിലൂടെ ഇക്കാര്യം വ്യക്തമായി. യു.ഡി.എഫില്‍ ഇങ്ങനെ അവകാശവാദമുയര്‍ത്താന്‍ മറ്റാര്‍ക്കും അര്‍ഹതയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

കേരള കോണ്‍ഗ്രസ്എം അടക്കമുള്ളവര്‍ക്ക് ലഭിച്ച സീറ്റുകളുടെ കണക്ക് വിവരിച്ചുകൊണ്ടായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വാര്‍ത്താ സമ്മേളനം. തദ്ദേശ സ്ഥാപനങ്ങളില്‍ ലീഗിന് മൊത്തം 1904 സീറ്റ് ലഭിച്ചപ്പോള്‍ കേരള കോണ്‍ഗ്രസിന് 801 സീറ്റ് മാത്രമാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇതനുസരിച്ച് നിയമസഭയില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമോയെന്ന് ചോദിച്ചപ്പോള്‍ അതൊക്കെ യു.ഡി.എഫ് മാന്യമായി പരിഹരിക്കുമെന്നായിരുന്നു മറുപടി.

Subscribe Us:

തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നേതാക്കള്‍ പി.ഡി.പി, എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ സംഘടനകളുമായി രഹസ്യ ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇതിനുള്ള തെളിവ് തങ്ങളുടെ കയ്യിലുണ്ട്. മലപ്പുറം മുനിസിപ്പാലിറ്റിയിലടക്കം ഇവര്‍ യോജിച്ചാണ് ലീഗിനെ നേരിട്ടത്. ഇത്തരം സംഘടനകളെ മുസ്‌ലിം ലീഗുമായി താരതമ്യപ്പെടുത്തുന്നത് അര്‍ഥരഹിതമാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചിരിക്കുകയാണ്.

ലീഗ് ഉയര്‍ത്തുന്ന മതേതര കാഴ്ചപ്പാടിന് വിരുദ്ധമായി വരുന്ന സംഘടനകള്‍ക്ക് സംഭവിച്ച പതനം ഒരു പാഠമാണ്. സംസ്ഥാനത്തിന്റെ പൊതുപ്രശ്‌നങ്ങള്‍ മറന്ന് ജാതിയും മതവും ന്യൂനപക്ഷവും ഭൂരിപക്ഷവും മാത്രം പറയുന്ന എല്‍.ഡി.എഫിന്റെ തകര്‍ച്ച സ്വാഭാവികമാണ്. സംസ്ഥാന സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.