കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ 18-ാം വാര്‍ഷികമായ ഇന്നലെ മുസ്‌ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് ഫാസിസ്റ്റ്, ഭീകര വിരുദ്ധ ദിനമായി ആചരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് വിവിധ ജില്ലാ,മണ്ഡലം തലങ്ങളില്‍ ഫാസിസ്റ്റ് വിരുദ്ധ പരിപാടികള്‍ സംഘടിപ്പിച്ചു. 1992 ല്‍ ബാബരിമസ്ജിദ് തകര്‍ത്ത് രാജ്യത്തിന്റെ മതേതരത്വത്തിന് കളങ്കമേല്‍പ്പിച്ച സംഘപരിവാര്‍ ശക്തികള്‍ ഇപ്പോള്‍ അലഹബാദ് ഹൈകോടതി വിധിയുടെ മറവില്‍ വീണ്ടും ബാബരി വിഷയം ആളിക്കത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ലീഗ് വ്യക്തമാക്കി. അതു മുതലെടുത്ത് ലാഭംകൊയ്യാന്‍ തീവ്രവാദ ശക്തികളും ശ്രമം നടത്തുന്നുണ്ട്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ജനങ്ങളെ ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുസ്ലിംലീഗ് സംസ്ഥാനത്തുടനീളം ഡിസംബര്‍ 6 ന് ഫാസിസ്റ്റ്, ഭീകരവിരുദ്ധ ദിനമായി ആചരിച്ചത്.

മലപ്പുറത്ത് നടന്ന ഫാസിസ്റ്റ് വിരുദ്ധ ദിനാചരണം മുസ്‌ലിംലീഗ് അഖിലേന്ത്യാ സെക്രട്ടറി എം പി അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. കെ എന്‍ എ ഖാദര്‍ മുഖ്യപ്രഭാഷണം നടത്തി. തിരുവനന്തപുരത്ത് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. എ. അബ്ബാസ് സേട്ട്, എം പി എം ഇസ്ഹാഖ് കുരിക്കള്‍, ബീമാപള്ളി റഷീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Subscribe Us:

കോഴിക്കോട്ട് സി എച്ച് ഓഡിറ്റോറിയത്തില്‍ നടന്ന ദിനാചരണം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ഡോ. എം കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡന്റ് എം പി വിരേന്ദ്രകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ടി പി എം സാഹിര്‍, സി ടി അബ്ദുറഹിം, എം സി മായിന്‍ ഹാജി, കെ എം ഷാജി, പി കെ ഫിറോസ് തുടങ്ങിയവര്‍ സംബന്ധിച്ചു. എറണാകുളത്ത് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി എ അഹമ്മദ് കബീര്‍ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം കുഞ്ഞ് എം എല്‍ എ അധ്യക്ഷത വഹിച്ചു. പാലക്കാട് മുസ്ലിംലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് കല്ലടി മുഹമ്മദ് ഉദ്ഘാടനം നിര്‍വഹിച്ചു. സി എ എം എ കരീം, കളത്തില്‍ അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു.

കാസര്‍കോട് കാഞ്ഞങ്ങാട് നടന്ന ഫാസിസ്റ്റ് വിരുദ്ധ ദിനാചരണം മുസ്ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സി ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. എം സി ഖമറുദ്ദീന്‍, പി വി അബ്ദുറസാഖ് തുടങ്ങിയവര്‍ സംബന്ധിച്ചു. കൊല്ലത്ത് കുണ്ടറയില്‍ നടന്ന ചടങ്ങ് പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകന്‍ സി കേശവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. എം അന്‍സറുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ ജില്ലാ, മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിലും ഇന്നലെ ഫാസിസ്റ്റ്, ഭീകരവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു.