മലപ്പുറം: ഏക സിവില്‍ കോഡ് ഇസ്‌ലാമിക ശരീഅത്ത് വിരുദ്ധമാണെന്നും നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഏക സിവില്‍കോഡ് നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യയുടെ അടിസ്ഥാന തത്വത്തിന് തന്നെ എതിരാണെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.


Also Read: യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ബി.ജെ.പി നേതാവിന്റെ മകന് ജാമ്യമില്ല


‘ഏക സിവില്‍ കോഡ് ഇന്ത്യയില്‍ നടപ്പാകില്ലെന്ന് മതേതര പാര്‍ട്ടികളും ഇതര വിഭാഗങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യയുടെ അടിസ്ഥാന തത്വത്തിന് തന്നെ എതിരാണിത്.’ അദ്ദേഹം വ്യക്തമാക്കി. മലപ്പുറത്ത് നടന്ന മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിയേറ്റിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

മതേതരപാര്‍ട്ടികളുടെ സഹായത്തോടെ ഈ നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘മുത്തലാഖ് നിരോധിച്ച കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഇസ്‌ലാമിക ശരീഅത്തില്‍ ഇടപെടാനാണ് കേന്ദ്ര സര്‍ക്കാറിന്റെ നീക്കമെങ്കില്‍ അത് അനുവദിക്കില്ല. കോടതിവിധിയെ അംഗീകരിക്കുന്നു. ഇസ്‌ലാമിക ശരീഅത്തില്‍ ഇടപെടാന്‍ പാടില്ലെന്ന് ഈ വിധിയില്‍ തന്നെയുണ്ട്.’ അദ്ദേഹം പറഞ്ഞു.


Dont Miss: വിവാദങ്ങള്‍ക്കൊടുവില്‍ പത്ത് വയസുകാരന്‍ പതിനെട്ട് വയസുകാരിയെ കല്യാണം കഴിക്കുന്ന സീരിയലിന്റെ സംപ്രേഷണം നിര്‍ത്തിവെക്കാന്‍ ഉത്തരവായി


വിധി മറികടക്കാന്‍ ബി.ജെ.പി ഭരണകൂടം ശ്രമിച്ചാല്‍ അത് ഗൗരവമേറിയ വിഷയമാണെന്നും മുസ്‌ലിം സംഘടനകളായും മുസ്‌ലിം വ്യക്തി നിയമബോര്‍ഡുമായും ചര്‍ച്ച ചെയ്ത് ശക്തമായി ഇടപെടുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഫാഷിസ്റ്റ് നീക്കങ്ങളെ ചെറുക്കുന്നതിനായി പ്രതിപക്ഷ പാര്‍ട്ടികളുമായി സഹകരിച്ച് പ്രക്ഷേഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.