എഡിറ്റര്‍
എഡിറ്റര്‍
മുസാഫര്‍നഗര്‍ കലാപം: മുസ്ലീം നേതാക്കള്‍ക്കെതിരെ കുറ്റപ്രതം
എഡിറ്റര്‍
Sunday 9th March 2014 9:35am

muzafar-nagar

മുസാഫര്‍നഗര്‍: മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് നിരോധനാജ്ഞ ലംഘനം, വര്‍ഗീയവിദ്വേഷം ഇളക്കിവിടുംവിധം പ്രകോപനപരമായ പ്രസംഗം എന്നീ കുറ്റങ്ങള്‍ ആരോപിച്ച് മുസ്ലിം നേതാക്കള്‍ക്കെതിരെ കുറ്റപത്രം.

ബി.എസ്.പി. എം.പി. ഖാദര്‍ റാണ, രണ്ട് പാര്‍ട്ടി എം.എല്‍.എ.മാര്‍, മുന്‍മന്ത്രിയും കോണ്‍ഗ്രസ് അംഗവുമായ സയ്യിദ് ഉസ്‌സമ എന്നിവരടക്കം പത്ത് മുസ്‌ലിം നേതാക്കള്‍ക്കെതിരെയാണ് പ്രത്യേക അന്വേഷണസംഘം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

കഴിഞ്ഞ ഓഗസ്റ്റ് 30ന് നഗരത്തിലെ ഖലാപര്‍ പ്രദേശത്ത് നടന്ന യോഗത്തില്‍ ഇവര്‍ വിദ്വേഷപ്രസംഗം നടത്തിയതായാണ് കുറ്റപത്രത്തില്‍ ആരോപിക്കുന്നത്.

കവാല്‍ഗ്രാമത്തില്‍ കലാപത്തെത്തുടര്‍ന്ന് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചസമയത്തായിരുന്നു മുസ്‌ലിം നേതാക്കളുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്.

ബി.എസ്.പി. എം.എല്‍.എ.മാരായ നൂര്‍സലിം റാണ, മൗലാനാ ജമീല്‍, കോണ്‍ഗ്രസ് നേതാവ് സയ്യിദ് ഉസ്‌സമയുടെ മകന്‍ സല്‍മാന്‍ സയ്യിദ്, സിറ്റിബോര്‍ഡ് അംഗം ആസാദ് സമ അന്‍സാരി, മുന്‍ അംഗം നൗഷാദ് ഖുറേഷി, വ്യാപാരിയായ അഷന്‍ ഖുറേഷി, സുല്‍ത്താന്‍ മുന്‍ഷിര്‍, നൗഷാദ് എന്നിവരാണ് കുറ്റമാരോപിക്കപ്പെട്ട മറ്റ് നേതാക്കള്‍.

അതിനിടെ കലാപത്തെത്തുടര്‍ന്ന് കുടിയൊഴിപ്പിക്കപ്പെട്ട ലാങ്ക്, സിസൗളി, ബിടാവ്ഡ് ഗ്രാമങ്ങളിലെ 66 കുടുംബങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പു നല്‍കി.

രാഷ്ട്രീയനേതാക്കളില്‍ വിശ്വാസം നഷ്ടപ്പെട്ടതായും തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യില്ലെന്നുമാണ് അവര്‍ അറിയിച്ചത്.

കഴിഞ്ഞ സെപ്റ്റംബറിലുണ്ടായ  മുസാഫര്‍ നഗര്‍ കലാപത്തില്‍ 60 ലധികം പേര്‍ മരിച്ചിരുന്നു.

Advertisement