Categories

ജയ് ശ്രീറാം എന്ന് വിളിച്ചില്ലെങ്കില്‍ കത്തിച്ചുകളയും: മുസ്‌ലീം മാധ്യമപ്രവര്‍ത്തകനേയും കുടുംബത്തേയും അക്രമിച്ച് ബജ്‌റംഗദള്‍

പാറ്റ്‌ന: ബീഹാറില്‍ കുടുംബത്തോടൊപ്പം കാറില്‍ യാത്ര ചെയ്യുകയായിരുന്ന മുസ്‌ലീം മാധ്യമപ്രവര്‍ത്തകനെ തടഞ്ഞുനിര്‍ത്തി ജയ് ശ്രീരാം എന്ന് വിളിപ്പിച്ച് ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍. ജയ് ശ്രീരാം എന്ന് വിളിച്ചില്ലെങ്കില്‍ കാറോടെ കത്തിക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. ജൂണ്‍ 28 നാണ് സംഭവം.

എന്‍.ഡി.ടി.വി റിപ്പോര്‍ട്ടറായ മുന്നെ ഭാര്‍തിയും കുടുംബവും ബിഹാറിലെ വൈശാലി ജില്ലയിലെ ക്രാനേജി ഗ്രാമത്തില്‍ നിന്നും സമസ്ഥിപ്പൂരിലെ റഹീമാബാദ് ഗ്രാമത്തിലേക്ക് പോകവേയായിരുന്നു സംഭവം.

‘മുസഫര്‍നഗര്‍ ദേശീയ പാത 28നോട് അടുത്തപ്പോള്‍ ഒരു ടോള്‍ ബൂത്തിന് സമീപം വലിയ ഗതാഗത തടസ്സം ഉണ്ടായി. ഹൈവേയുടെ നടുക്കായി ഒരു ട്രക്ക് നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. മറ്റു വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത രീതിയിലായിരുന്നു വാഹനം നിര്‍ത്തിയിട്ടത്. സമീപത്തുകൂടി വന്നയാളോട് എന്താണ് സംഭവമെന്ന് ചോദിച്ചു. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ താങ്കളുടെ കാര്‍ കത്തിക്കുമെന്നും എത്രയും പെട്ടെന്ന് മടങ്ങിപ്പോകാനുമായിരുന്നു അദ്ദേഹം പറഞ്ഞത്.


Dont Miss ബീഫ് കൈവശം വെച്ചെന്നാരോപിച്ച് മുസ്‌ലീം വ്യാപാരിയെ അടിച്ചുകൊന്ന കേസില്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍


കുടുംബത്തിന്റെ സുരക്ഷയോര്‍ത്ത് കാറ് തിരിക്കാന്‍ ഒരുങ്ങുന്നതിനിടയില്‍ കാവി ധരിച്ച്, വലിയ മുളവടിയുമായി നാലഞ്ച് പേര്‍ കാറിനെ സമീപിക്കുകയായിരുന്നു. താടിവെച്ച പിതാവിനെയും പര്‍ദ്ദ ധരിച്ച സ്ത്രീകളെയും കാറിനുള്ളില്‍ കണ്ട അവര്‍, ജയ് ശ്രീറാം എന്ന് വിളിക്കാന്‍ ആക്രോശിക്കുകയായിരുന്നു.

വിളിക്കാന്‍ തയ്യാറായില്ലെങ്കില്‍ കാറ് കത്തിച്ചുകളയുമെന്നും അവര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. ജീവന് ഭീഷണിയാണെന്ന് അറിഞ്ഞതുകൊണ്ട് തന്നെ ജയ് ശ്രീറാം എന്ന് വിളിച്ചു. അതോടെ അവിടെ നിന്നും തങ്ങളെ പോകാന്‍ അവര്‍ അനുവദിച്ചു’- മുന്നെ ഭാര്‍തി പറയുന്നു. ഇതിന് പിന്നാലെ വിവരങ്ങള്‍ കാണിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് മാധ്യമ പ്രവര്‍ത്തകന്‍ ട്വിറ്റര്‍ സന്ദേശം അയച്ചിട്ടുണ്ട്.

രാജ്യത്ത് ന്യൂനപക്ഷവിഭാഗങ്ങളെ കേന്ദ്രീകരിച്ചുള്ള ആള്‍ക്കൂട്ടകൊലകള്‍ക്കെതിരെ കഴിഞ്ഞ ദിവസം രാഷ്ട്രപതി പ്രണാബ് മുഖര്‍ജി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ആള്‍ക്കൂട്ടം നടത്തുന്ന ആക്രമണങ്ങളും കൊലപാതകവും നിയന്ത്രണാതീതമായി വര്‍ധിച്ചുവരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിലുള്ള സര്‍ക്കാര്‍ അധികാരമേറ്റശേഷം രാജ്യത്ത് പശുവിന്റെ പേരിലുള്ള ആക്രമണങ്ങളില്‍ 23പേര്‍ കൊല്ലപെട്ടിരുന്നു ഉത്തരേന്ത്യയിലാണ് ഇത്തരം ആക്രമണങ്ങളില്‍ ഏറെയും നടന്നത്. ബി.ജെ.പി സര്‍ക്കാറും ബി.ജെ.പി അനുകൂല സംഘടനയും പശു സംരക്ഷണത്തിനുവേണ്ടി നടത്തുന്ന പ്രചരണങ്ങളും ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും പശുസംരക്ഷണത്തിന്റെ പേരില്‍ കൊണ്ടുവന്ന നിയമങ്ങളും ഇത്തരം ആക്രമണങ്ങള്‍ക്ക് വളമായെന്ന് ടൈംസ് ഓഫ് ഇന്ത്യ വിലയിരുത്തുന്നു.

Tagged with: |