എഡിറ്റര്‍
എഡിറ്റര്‍
ഒറ്റത്തവണയായുള്ള മുത്തലാഖിന് നിരോധനം ഏര്‍പ്പെടുത്തി യു.പിയിലെ ഒരു വിഭാഗം മുസ്‌ലീങ്ങള്‍
എഡിറ്റര്‍
Saturday 6th May 2017 11:41am

ലഖ്നൗ: ഒറ്റത്തവണയായുള്ള മുത്തലാഖിന് നിരോധനം ഏര്‍പ്പെടുത്തി യു.പിയിലെ ഒരു വിഭാഗം മുസ്‌ലീങ്ങള്‍. യു.പിയിലുള്ള ടര്‍ക്ക് വിഭാഗത്തിലുള്ളവരാണ് ഒറ്റത്തവണയായുള്ള മുത്തലാഖിന് നിരോധനം ഏര്‍പ്പെടുത്തിയത്.

ഒറ്റത്തവണയായുള്ള മുത്തലാഖ് പഞ്ചായത്തില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടാല്‍ അത് ഭര്‍ത്താവിന്റെ കുറ്റമായി പരിഗണിക്കുമെന്നും ടര്‍ക്ക് ഗ്രൂപ്പ് പറയുന്നു. അതേസമയം ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തില്‍ പുരുഷന് തലാഖ് ചൊല്ലാമെന്നും എന്നാല്‍ അത് ഭാര്യയ്ക്ക് ചിന്തിക്കാനും പ്രശ്‌നം പരിഹരിക്കാനും സമയം അനുവദിച്ചുകൊണ്ടാവണമെന്നും സംഘടന നിര്‍ദേശിക്കുന്നു.

കഴിഞ്ഞദിവസം നടന്ന ടര്‍ക്ക് വിഭാഗത്തിന്റെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. യു.പിയിലെ സാംഭായ് ജില്ലയില്‍ 50ഗ്രാമങ്ങളിലായി അന്‍പതിനായിരത്തോളം പേരാണ് ഈ ഗ്രൂപ്പില്‍ അംഗങ്ങളായുള്ളത്.


Must Read: ‘ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ നാണം കെട്ട് ഇന്ത്യ’; വംശീയ ആക്രമണം, മനുഷ്യാവകാശ ലഘനം; യു.എന്‍ മനുഷ്യാവകാശ കമ്മീഷനില്‍ ഇന്ത്യക്ക് രൂക്ഷ വിമര്‍ശനം 


ഒറ്റത്തവണ മൂന്നു തലാഖും ചൊല്ലുന്ന രീതി തെറ്റാണെന്നും അതിനാലാണ് തങ്ങള്‍ അത് വേണ്ടെന്നു വെയ്ക്കാന്‍ തീരുമാനിച്ചതെന്നും പഞ്ചായത്ത് യോഗത്തില്‍ അധ്യക്ഷനായ അസ്‌റാര്‍ അഹമ്മദ് അഭിപ്രായപ്പെട്ടു.

‘അങ്ങേയറ്റം അത്യാവശ്യമായി വരുമ്പോള്‍ പുരുഷന് തലാഖ് ചൊല്ലാം. പക്ഷെ ഒരു തവണ മാത്രം. ശേഷം ഭാര്യയ്ക്ക് ഒരുമാസത്തെ സമയം അനുവദിക്കണം’ അദ്ദേഹം പറയുന്നു.

നിരോധനം മാനിക്കാതെ ആരെങ്കിലും മൂന്ന് തലാഖും ഒരുമിച്ച് ചൊല്ലിയാല്‍ പഞ്ചായത്ത് അവരെ ശിക്ഷിക്കുമെന്നും അഹമ്മദ് മുന്നറിയിപ്പു നല്‍കി.

ഭാര്യയുമായി എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് പഞ്ചായത്തില്‍ പറയണമെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തങ്ങള്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ ഈ വിഭാഗം സ്ത്രീധനവും വിവാഹധൂര്‍ത്തും നിരോധിച്ചിരുന്നു.

Advertisement