പാലക്കാട്: യതീംഖാന പ്രിന്‍സിപ്പല്‍ അന്തേവാസികളായ പെണ്‍കുട്ടികളെ ലൈംഗികമായി  പീഡിപ്പിച്ചതായി പരാതി. പാലക്കാട് മര്‍ക്കസുല്‍ റഹ്മ എന്ന സ്ഥാപനത്തിലാണ് സംഭവം. ഈ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പലും അധ്യാപകനുമായ ഉസ്മാന്‍ സഖാഫി എന്നയാളാണ് പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തത്.

വീട്ടില്‍ നിന്ന് ഫോണ്‍ വന്നുവെന്ന് പറഞ്ഞ് പെണ്‍കുട്ടികളെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് ഇയാള്‍ കുട്ടികളെ ശാരീരികമായി പീഡിപ്പിച്ചിരുന്നത്. നിരവധി പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ ഇയാളുടെ പീഡനത്തിന് ഇരയായിട്ടുണ്ട്. ഇയാളുടെ ഭീഷണിക്ക് വഴങ്ങി പെണ്‍കുട്ടികളാരും തന്നെ ഇക്കാര്യം പുറത്ത് പറഞ്ഞിരുന്നില്ല.

Subscribe Us:

യതീംഖാനയില്‍ അന്തേവാസിയായ ഒരു പെണ്‍കുട്ടി തന്റെ സഹപാഠിക്കുണ്ടായ അനുഭവം വീട്ടില്‍ പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഈ വീട്ടുകാര്‍ തങ്ങളുടെ മകള്‍ പറഞ്ഞ പെണ്‍കുട്ടിയുടെ വീട്ടില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് പ്രസ്തുത പെണ്‍കുട്ടിയോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാം തുറന്ന് പറയുകയുമായിരുന്നു.

യതീംഖാനയുടെ പ്രിന്‍സിപ്പലിനെതിരെ പോലീസില്‍ പരാതി നല്‍കാനൊരുങ്ങിയപ്പോള്‍ കടുത്ത സമ്മര്‍ദ്ദമാണ് ഈ വീട്ടുകാര്‍ നേരിട്ടത്. പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കാന്തപ്പുരം സുന്നി വിഭാഗത്തിന്റെ മര്‍ക്കസു സ്സഖാഫത്തി സ്സുന്നിയ്യയുടെ നിയന്ത്രണത്തിലുള്ള യതീംഖാനയാണ് പാലക്കാട്ടെ മര്‍ക്കസുല്‍ റഹ്മ. സമസ്ത മുശാവറ നേതാക്കള്‍ പ്രശ്‌നത്തില്‍ ഇടപെട്ട് ഉസ്മാന്‍ സഖാഫിയെ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും നീക്കുകയും സംഭവം അന്വേഷിക്കാന്‍ അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

42 കുട്ടികളാണ് മര്‍ക്കസുല്‍ റഹ്മ യതീംഖാനയില്‍ അന്തേവാസികളായി പഠിക്കുന്നത്.