കോഴിക്കോട്: പള്ളിക്കമ്മിറ്റിയെ അറിയിക്കാതെ സുന്നത്ത് കല്ല്യാണം(ചേലാ കര്‍മ്മം) ചെയ്തതിന് കുടുംബത്തിന് ഊരുവിലക്ക്. കൊട്ടാരക്കര ഓടനാവട്ടം കട്ടയില്‍ വിലയന്തൂര്‍ മുസ്‌ലിംപള്ളി കമ്മിറ്റിക്കെതിരെയാണ് മുട്ടറ നൂറാനിയയില്‍ ജലാലുദീനും കുടുംബവും പരാതിയുമായി രംഗത്തെത്തിയത്. മകന്‍ നസ്രുല്ലഹിന്റെ സുന്നത്ത് കല്യാണം ജമാഅത്ത് ഭരണസമിതിയെ അറിയിക്കാത്തതാണ് ഊരുവിലക്കിന് കാരണം. ജലാലുദീന്‍, പിതാവ് കുഞ്ഞുപരീത് റാവുത്തര്‍, സഹോദരന്‍ ഷാജഹാന്‍, സഹോദരിമാര്‍ എന്നിവര്‍ക്കാണ് വിലക്ക്.

ജമാഅത്തിന്റെ കീഴില്‍ നടക്കുന്ന വിവാഹം, മരണാനന്തര ചടങ്ങ്, മറ്റ് വിശേഷ പരിപാടികള്‍ എന്നിവയില്‍ പങ്കെടുക്കുന്നതില്‍ നിന്നാണ് കുടുംബത്തെ വിലക്കിയിരിക്കുന്നത്. ഇവരെ ഇത്തരം ചടങ്ങുകളിലേക്ക് ക്ഷണിക്കരുതെന്നും നിര്‍ദേശമുണ്ട്. ഊരുവിലക്ക് ഏര്‍പ്പെടുത്തിയതിനേത്തുടര്‍ന്ന് ജലാലുദീന്റെ പിതാവ് കുഞ്ഞുപരീത് റാവുത്തറെ മരണവീടുകളില്‍ നിന്നും വിവാഹ വീടുകളില്‍നിന്നും ഇറക്കിവിട്ട് അപമാനിച്ചതായി ജലാലുദീന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

2009ലാണ് ജലാലുദീന്റെ വീട്ടില്‍ സുന്നത്ത് കല്യാണം നടന്നത്. തങ്ങളെ അറിയിക്കാതെ സുന്നത്ത് നടത്തിയതിന് 2001 രൂപ പിഴയടയ്ക്കണമെന്ന് പള്ളിക്കമിറ്റി ആവശ്യപ്പെടുകയായിരുന്നു. ഇത് നിഷേധിച്ചതാണ് ജലാലുദീനെ വിലക്കാന്‍ കാരണം.

ജലാലുദീന്‍ വഖഫ് ബോര്‍ഡിനെ സമീപിച്ചതിനെത്തുടര്‍ന്ന് ജമാഅത്ത് തീരുമാനം ബോര്‍ഡ് റദ്ദാക്കി. ഇത് സംബന്ധിച്ച് പള്ളിക്ക് വഖഫ് ബോര്‍ഡ് കത്ത് നല്‍കിയെങ്കിലും അവര്‍ ഇത് അനുസരിക്കാന്‍ കൂട്ടാക്കിയില്ലെന്നും ജലാലുദ്ദീന്‍ പറഞ്ഞു.

ജലാലുദ്ദീന് അനുകൂലമായി 2011 മെയ് 19ന് ബോര്‍ഡ് അന്തിമവിധി പുറപ്പെടുവിച്ചതോടെ ഇതില്‍ പ്രകോപിതരായ ഭരണസമിതിക്കാര്‍ 2012 ജനുവരി എട്ടു മുതല്‍ കുടുംബത്തെ ഊരുവിലക്കിയതായി പള്ളിയിലെ നോട്ടീസ് ബോര്‍ഡിലൂടെ അറിയിക്കുകയായിരുന്നു.

Malayalam News

Kerala News in English