muslim brotherhood blocked Revolution's in Arab Nations

Subscribe Us:

എസ്സേയ്‌സ് /ടി.കെ. മുഹമ്മദ് ഹാരിസ്

ബി.സി 1500 മുതല്‍ ഈജിപ്ത് ഭരിച്ചിരുന്ന ഫെറോ രാജ്യവംശത്തിന്റെ പതനത്തിന് ശേഷം 642 ാമാണ്ട് ഈജിപ്ഷ്യന്‍ ചരിത്രത്തിലെ സുപ്രധാനമായ നാഴികകല്ലാണ്. ഈജിപ്തിന്റെ അറബ് അധിനിവേശത്തിന് ആ വര്‍ഷമാണ് തുടക്കം കുറിച്ചത്. പ്രവാചകനായ മുഹമ്മദ് നബിയുടെ മരണശേഷം പുതിയവിശ്വാസ സംഹിത നല്‍കിയ പ്രചോദനവും ആവേശവുമുള്‍ക്കൊണ്ട് അറേബ്യയ്ക്ക് പുറത്തുള്ള സമീപ പ്രദേശങ്ങളിലേക്ക് പടവെട്ടി നീങ്ങിയ അറബ് പോരാളികള്‍ നിഷ്പ്രയാസം ഈജിപ്ത് കീഴടക്കുകയും അറബ് മേധാവിത്തം സ്ഥാപിക്കുകയും ചെയ്തു.

ക്രമേണ അറബി ഭാഷ ഈജിപ്തിലെ മുഖ്യഭാഷയായും അറബികളുടെ മതമായ ഇസ്ലാം പ്രധാനമതമായും മാറി. അധിനിവേശത്തിന് മുന്‍പ് ഈജിപ്ത് ദേശവാസികള്‍ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭാവിശ്വാസികളായ കൃസ്ത്യാനികളായിരുന്നു. അവര്‍ക്ക് അവരുടേതായ ഭാഷയുമുണ്ടായിരുന്നു. മതപരിവര്‍ത്തനത്തിനു വഴങ്ങാതിരുന്ന കോപ്റ്റിക് കൃസ്റ്റ്യന്‍ വിശ്വാസികളിലെ ഒരു ന്യൂനപക്ഷം ഒഴികെ ബാക്കിയെല്ലാവരും അറബി അവരുടെ ഭാഷയായും ഇസ്ലാം അവരുടെ മതമായും സ്വീകരിച്ചു. അറബികളുടെ ദ്വിഗ്‌വിജയത്തിന് ശേഷം അറബിയും കോപ്റ്റിക്കും ചേര്‍ന്ന വേദപുസ്തകങ്ങളാണ് കോപ്റ്റിക് വിഭാഗം ഉപയോഗിച്ചിരുന്നത്.

1798 ലെ നേപ്പോളിയന്‍ ബോണോപാര്‍ട്ടിന്റെ അധിനിവേശത്തോടെയായിരുന്നു ആധുനിക ഈജിപ്തിന്റെ ചരിത്രം ആരംഭിക്കുന്നത്. യൂറോപ്പിന്റെ ആധുനിക സൈനിക ഘടനയുടെ ആക്രമണസ്വഭാവവും ബലപ്രയോഗത്തിന്റെ ശക്തിയും ഈജിപ്ത് ആദ്യമായി അനുഭവിച്ചറിയുന്നതും നെപ്പോളിയന്റെ ആക്രമണത്തോടുകൂടിയാണ്. പക്ഷേ ഫ്രാന്‍സിന്റെ അധിനിവേശം ഏറെനാള്‍ നീണ്ടുനിന്നില്ല.1805 ല്‍ ഓട്ടോമന്‍ സുല്‍ത്താന്‍ അല്‍ബേനിയന്‍ വംശജനായ മുഹമ്മദ് അലിയെ ഈജിപ്തിലെ വൈസ്രോയിയായി അംഗീകരിച്ചു.

ജമാഅത്തെ ഇസ്ലാമി മൗദൂദിയുടെ കാലഹരണപ്പെട്ടതും അസഹിഷ്ണുത നിറഞ്ഞതും ആക്രമകവുമായ ആശയങ്ങളെ പരസ്യമായി തള്ളിപ്പറഞ്ഞി രുന്നെങ്കില്‍ നമുക്ക് സ്വാഗതം ചെയ്യാമായിരുന്നു

ഈജിപ്തിനെ മറ്റുപാശ്ചാത്യേതര രാജ്യങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി ആധുനികവല്‍ക്കരിക്കാനും ആഗോളസമ്പത് വ്യവസ്ഥയുമായി കണ്ണിചേര്‍ക്കാനും മുഹമ്മദ് അലിക്കു കഴിഞ്ഞിരുന്നു. 1849 ല്‍ മുഹമ്മദ് അലി മരണമടഞ്ഞതിനുശേഷം പിന്‍ഗാമികളായി വന്നത് അബ്ബാസ്, സെയ്യിദ് , ഇസ്മായില്‍ എന്നിവരായിരുന്നു. 1870 കളില്‍ ഇസ്മയിലിന്റെ ഭരണമായതോടെ ഈജിപ്തിന്റെ ഈ മുന്നോട്ടുള്ള പോക്കിന് തടസ്സം നേരിട്ടു. ഇതിനൊരു പ്രധാനകാരണം അക്കാലത്തെ പ്രധാന സാമ്രാജ്യത്വ ശക്തിയായ ബ്രിട്ടന്റെ ആക്രമണങ്ങളായിരുന്നു. ബ്രിട്ടന്റെ ഇടപെടലുകള്‍ മൂലം ഇസ്മയിലിന്റെ സാമ്പത്തിക കാര്യങ്ങള്‍ ബ്രിട്ടന്റെ നിയന്ത്രണത്തിലെത്തിച്ചേരുന്ന സ്ഥിതിയിലായി.

1882 ല്‍ സൈനികാധിനിവേശത്തോടെ ഈജിപ്ത് പൂര്‍ണ്ണമായും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധീനതയിലായി. ഒരു ആധുനിക ഈജിപ്ത് ഉയര്‍ന്നുവരുന്നത് ഏതുവിധേനയും തടയുക എന്ന ലക്ഷ്യമായിരുന്നു ബ്രിട്ടന്. പ്രതിലോമ ചിന്താഗതികളും മധ്യകാലഘട്ട സംസ്‌കാരവും ആശയങ്ങളും ദൃഡീകരിക്കുന്നതിന് ഈജിപ്തിന്റെ രാഷ്ട്രീയ സാമൂഹ്യ സ്ഥാപനങ്ങളെയെല്ലാം ബ്രിട്ടന്‍ ഉപയോഗിച്ചു. ഇതുവഴി ഈജിപ്തിനെ പിന്നോക്കാവസ്ഥയില്‍ നിര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം.

ബ്രിട്ടന്റെ കോളനി വാഴ്ചയ്‌ക്കെതിരെ തുടക്കം മുതല്‍ത്തന്നെ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. പലഘട്ടങ്ങളിലായി തുടര്‍ന്നുവന്ന സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ വിവിധരാഷ്ട്രീയ ഗ്രൂപ്പുകളും പ്രസ്ഥാനങ്ങളും സജീവമായിരുന്നു. ഈ സമരങ്ങള്‍ക്ക് പ്രധാനമായും മൂന്ന് ലക്ഷ്യങ്ങളുണ്ടായിരുന്നു. ജനാധിപത്യം , ദേശീയസ്വാതന്ത്ര്യം , സാമൂഹ്യപുരോഗതി.

സ്വാതന്ത്ര്യ സമരത്തിന്റെ മുമ്പന്തിയില്‍ ഉണ്ടായിരുന്നത് 1919 ല്‍ സഅദ് അല്‍ സഘ്‌ലൂല്‍ സ്ഥാപിച്ച വഫദ് പാര്‍ട്ടിയായിരുന്നു. പരിമിത രാജാധിപത്യം നിലനിര്‍ത്തിക്കൊണ്ട് ബൂര്‍ഷ്വാ രീതിയിലുള്ള ഭരണഘടനാ ജനാധിപത്യത്തിലൂടെ രാഷ്ട്രത്തിലൂടെ ആധുനിക വത്കരിക്കുക എന്നതായിരുന്നു വഫദ് പാര്‍ട്ടിയുടെ പരിപാടി . ഈ ജനാധിപത്യ സംവിധാനം മതേതരത്വത്തില്‍ ഊന്നിയുള്ളതായിരിക്കും.

NEXT PAGE