തിരുവനന്തപുരം: വെള്ളൂരിലെ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് വിതരണം ചെയ്യുന്ന മുസ് ലി പവര്‍ എക്‌സ്ട്രായുടെ ഉല്പാദനവും വിപണനവും നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു. മരുന്നിന്റെ വിശ്വാസ്യത സംബന്ധിച്ച് ലഭിച്ച പരാതികളും കോടതികളില്‍ നിലനില്‍ക്കുന്ന കേസുകളും പരിഗണിച്ചാണ് നടപടി.

സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പരാതികളാണ് മുസ് ലീ പവ്വര്‍ എക്‌സ്ട്രയ്‌ക്കെതിരെ ലഭിച്ചിരിക്കുന്നത്. അംഗീകൃത ഫോര്‍മുലയ്ക്ക് വിരുദ്ധമായി മരുന്ന് ഉല്പാദിപ്പിക്കുവെന്ന പരാതിയും നേരത്തെ ഉയര്‍ന്നിരുന്നു. നിയമവിരുദ്ധമായി കമ്പനി നല്‍കുന്ന പരസ്യങ്ങളും നടപടിക്ക് ആധാരമായി.

വിവിധ കോടതികളിലായി നാല് കേസുകള്‍ മുസ്‌ലി പവര്‍ എക്‌സ്ട്രയ്‌ക്കെതിരെ നിലവിലുണ്ട്. ആയുര്‍വേദമരുന്നുകള്‍ ഉല്പാദിപ്പിക്കുന്നതിനായി അംഗീകരിച്ച ഫോര്‍മുലയ്ക്ക് വിരുദ്ധമായാണ് മുസ് ലീ പവ്വര്‍ എക്‌സ്ട്ര ഉല്പാദിപ്പിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതി ഇടപെട്ടിരുന്നു. പിന്നീട് ഫോര്‍മുല മാറ്റി വീണ്ടും ഉല്പാദനം നടത്തുകയായിരുന്നു. കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഉടമയായ ഡോ.എബ്രഹാമിന്റെ ആരോഗ്യ രംഗത്തെ ബിരുദം സംബന്ധിച്ചും പരാതിയുണ്ട്. വിദേശ സര്‍വ്വകലാശാലയുടെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റാണ് ഇദ്ദേഹം ഹാജരാക്കിയിട്ടുള്ളത്. ഇതിന്റെ വിശ്വാസ്യതയില്‍ ആരോഗ്യവകുപ്പിന് സംശയമുണ്ട്.

അടുത്തിടെ എച്ച്.ഐ.വി ബാധിതര്‍ക്ക് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ മുസ്‌ലീ പവ്വര്‍ എക്‌സ്ട്ര നല്ലതാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പരസ്യത്തെക്കുറിച്ചും നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇത് ഡൂള്‍ ന്യൂസ് ഡോട്ട് കോം നേരത്തെ വിശദമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ റിപ്പോര്‍ട്ട് വായിക്കുക

മുസ്‌ലീപവ്വര്‍ എക്‌സ്ട്ര പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്ന പ്രചാരണത്തിനെതിരെ ഡോക്ടര്‍മാര്‍