Categories

കൊച്ചി മുസിരിസ് ബിനാലെ അന്വേഷണം അട്ടിമറിക്കപ്പെട്ടു

kochi muziris binnaleതിരുവനന്തപുരം: കൊച്ചി മുസിരിസ്  ബിനാലെ പണമിടപാട് സംബന്ധിച്ച സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കപ്പെട്ടു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി സാജന്‍ പീറ്ററിനായിരുന്നു അന്വേഷണ ചുമതല. എന്നാല്‍ ബിനാലെയ്ക്ക് ടൂറിസം വകുപ്പാണ് പണം അനുവദിച്ചത് എന്ന കാരണം പറഞ്ഞ് സാംസ്‌കാരിക വകുപ്പ് പിന്മാറിയതോടെയാണ് അന്വേഷണം അട്ടിമറിക്കപ്പെട്ടത്.

സാംസ്‌കാരിക വകുപ്പ്മന്ത്രി കെ.സി ജോസഫാണ് സാജന്‍ പീറ്ററിനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ അന്വേഷണ ഉത്തരവ്  രേഖാമൂലം ലഭിച്ചിട്ടില്ലെന്ന് സാജന്‍ പീറ്റര്‍ വ്യക്തമാക്കി.

ടൂറിസം വകുപ്പാകട്ടെ ഇക്കാര്യം അന്വേഷിക്കാന്‍ ഇതൂവരെ തയ്യാറായിട്ടില്ല. ഇരുവകുപ്പുകളും അന്വേഷണ ചുമതലയില്‍ നിന്നും പിന്മാറിയതോടെ ബിനാലെ പണമിടപാട് സംബന്ധിച്ച അന്വേഷണം അട്ടിമറിക്കപ്പെട്ടു.

എം.എ ബേബി സാംസ്‌കാരികമന്ത്രിയായിരുന്ന കാലത്ത് ബിനാലെ ഫൗണ്ടേഷന് 5.68 കോടി രൂപയുടെ ഫണ്ട് അനുവദിച്ചതാണ് വിവാദമായത്.

ഇതിലും ദര്‍ബാര്‍ ഹാള്‍ നവീകരിച്ചതിലും അഴിമതി നടന്നിട്ടുണ്ടെന്നായിരുന്നു ആരോപണം. ഇതേത്തുടര്‍ന്നു സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്. കൊച്ചി ബിനാലെ ട്രസ്റ്റ് അംഗമായ സാജന്‍ പീറ്ററെ അന്വേഷണ ചുമതല ഏല്‍പ്പിച്ചതിനെതിരേ പ്രതിഷേധം ഉയര്‍ന്നിരുന്നു.