ന്യൂദല്‍ഹി:സംഗീതം ആസ്വദിക്കുന്നത് വിഷാദരോഗത്തിനു കാരണമാകുന്നുവെന്ന് പുതിയ കണ്ടെത്തല്‍. ആര്‍ക്കൈവ്‌സ് ഓഫ് പീഡീയാട്രിക് ആന്റ് അഡോളസെന്റ് മെഡിസിന്‍ നടത്തിയ പഠനത്തിലാണ് ഈ വെളിപ്പെടുത്തല്‍.

പിറ്റ്‌സ്‌ബെര്‍ഗ്, നോര്‍ത്ത് കാലിഫോര്‍ണിയ, കാലിഫോര്‍ണിയ എന്നീ യുണിവേഴ്‌സിറ്റികളിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. വായിക്കുന്നവരേക്കാള്‍ സംഗീതം ആസ്വദിക്കുന്നവര്‍ക്ക് വിഷാദരോഗത്തിന് സാധ്യതയേറും. അമേരിക്കയിലെ 106 കൗമാരക്കാരിലായി ഒന്നരമാസത്തോളം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. പഠനത്തിനു വിധേയരാക്കിയവരില്‍ 46 പേരും വിഷാദരോഗത്തിന് അടിമപ്പെട്ടവരായിരുന്നു. ഓരോ ആഴ്ചയിലും അവര്‍ ഒഴിവു സമയം ചെലവഴിച്ചതിനെക്കുറിച്ചാണ് പഠനം നടത്തിയത്.

ഇന്ത്യയിലെ പ്രമുഖനഗരങ്ങളിലും ഇതിനെക്കുറിച്ചുള്ള പഠനങ്ങള്‍ നടന്നു വരുന്നുണ്ട്.

വായന മരിക്കുന്ന ഇന്നത്തെ കാലത്ത്, സംഗീതം നെഞ്ചിലേറ്റിയ ഇന്നത്തെ തലമുറയ്ക്ക് ഏറെ ആശങ്ക പകരുന്നതാണ് ഈ പഠനം.