Categories

കാര്‍ക്കരെ കൊല്ലപ്പെട്ടതിന് പിന്നില്‍ ഐ ബി: മുന്‍ ഐ ജി

karkareനാഗ്പൂര്‍: മുംബൈ ആക്രമണത്തിനിടെ മഹാരാഷ്ട്ര എ ടി എസ് തലവനായിരുന്ന ഹേമന്ദ് കര്‍ക്കരെ കൊല്ലപ്പെട്ടതിനു പിന്നില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമായ ഇന്റലിജന്‍സ് ബ്യൂറോയാണെന്ന് മുംബൈയിലെ മുന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ എസ് എം മുശ്‌രിഫ്. കര്‍ക്കരെയെ കൊന്നതാര്? എന്ന തന്റെ പുസ്തകം വിവാദമായതിന് പിന്നാലെയാണ് ഗൗരവമേറിയ വെളിപ്പെടുത്തലുമായി മുശ് രിഫ് രംഗത്തെത്തിയിരിക്കുന്നത്. നാഗ്പൂരിലെ ദാവന്തെ നാഷനല്‍ കോളജിലെ ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

മുംബൈ ആക്രമണത്തെക്കുറിച്ച് അന്വേഷിച്ച പ്രധാന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അപൂര്‍ണമാണ്. രാജ്യത്തെ സവര്‍ണ വര്‍ഗീയവാദികളുടെ പ്രവര്‍ത്തനങ്ങള്‍ പുറത്തു കൊണ്ടുവന്ന കാര്‍ക്കരെയെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റാന്‍ നേരത്തെ നീക്കങ്ങള്‍ നടന്നിരുന്നു. കര്‍ക്കരെയെ ഇല്ലാതാക്കി തങ്ങളുടെ സ്വന്തക്കാരനായ കെ പി രഘുവംശിയെ എ ടി എസ് തലപ്പത്ത് കൊണ്ടുവരാന്‍ ഐ ബിയിലെ സവര്‍ണ മേധാവിത്വം ശ്രമം നടത്തിയിരുന്നു. താജ്, ട്രൈഡന്റ് ഹോട്ടലുകളിലും സി എസ് ടിയിലും നടന്ന ആക്രമണങ്ങള്‍ക്കു സമാന്തരമായാണ് കാമ ആശുപത്രിക്കു സമീപത്തു കര്‍ക്കരെ അടക്കമുള്ള ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട ആക്രമണം നടന്നത്. സി എസ് ടിയിലും കാമ ആശുപത്രിക്കു പുറത്തുള്ള രംഗ്ഭവന്‍ വീഥിയിലും ഒരേസമയത്ത് വെടിവെപ്പ് നടന്നതിനു ദൃക്‌സാക്ഷികളടക്കം ധാരാളം തെളിവുകളുണ്ട്. സി എസ് ടിയില്‍ ആക്രമണം നടത്തിയ സംഘമാണ് കര്‍ക്കരെയെ കൊന്നതെങ്കില്‍ ഇതെങ്ങനെ സംഭവിക്കുമെന്നും മുശ്്‌രിഫ് ചോദിച്ചു.

കാമ ആശുപത്രിയിലെത്തിയവര്‍ മറാത്തിയിലാണ് സംസാരിച്ചതെന്ന സാക്ഷിമൊഴിയുണ്ട്. ഇതിന്റെ 11 തെളിവുകള്‍ തന്റെ പക്കലുണ്ട്. സവര്‍ണ ഭീകരതയുമായി ബന്ധപ്പെട്ടു വന്‍ കേന്ദ്രങ്ങളുടെ പേരുകള്‍ പുറത്തുവരുന്നത് തടയുകയായിരുന്നു ഐ ബിയുടെ ലക്ഷ്യം. പ്രധാന്‍ കമ്മിറ്റിയുമായി ഐ ബി സഹകരിച്ചിട്ടില്ല. പോലിസ് കണ്‍ട്രോള്‍ റൂം വഴിയുള്ള സംഭാഷണങ്ങളുടെ ശബ്ദരേഖയും കമ്മിറ്റിക്കു ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുംബൈ ആക്രമണത്തിന് ശേഷം പോലിസില്‍ നിന്നു സ്വയം വിരമിക്കുകയായിരുന്നു മുശ്‌രിഫ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.