ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നുവെന്ന് മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫ്. പാക്കിസ്ഥാന്‍ സൈന്യത്തെ ഇന്ത്യാവിരുദ്ധരായിട്ടാണ് പൊതുവേ കാണാറുള്ളതെന്നും എന്നാല്‍ വാസ്തവം അങ്ങനെയല്ലെന്നും അദ്ദേഹം പറയുന്നു.

Ads By Google

കാര്‍ഗില്‍ യുദ്ധത്തില്‍ കുറ്റബോധം തോന്നുന്നില്ലെന്നും എന്നാല്‍ പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐ തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കുന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും മുഷറഫ് പറഞ്ഞു.

സിയാച്ചിന്‍-കാശ്മീര്‍ വിഷയങ്ങളില്‍ ഇന്ത്യയും പാക്കിസ്ഥാനും തങ്ങളുടെ നിലപാടുകളില്‍ അയവ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

സി.എന്‍.എന്‍-ഐ.ബി.എന്നുമായി നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുഷറഫ്.

‘നിങ്ങള്‍ ഞങ്ങളുടെ രാജ്യത്തെ രണ്ടായി പകുത്തു. അതിനെ കുറിച്ച് സംസാരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. സിയാച്ചിനെ കുറിച്ച് സംസാരിക്കാതിരിക്കുന്നതെന്ത് കൊണ്ടാണ്? പാക്കിസ്ഥാന്റെ അഭിമാനത്തിന് കോട്ടം സംഭവിക്കുന്ന ഒരു വിട്ടുവീഴ്ച്ചയ്ക്കും ഞാന്‍ തയ്യാറല്ല. കാര്‍ഗില്‍ യുദ്ധത്തെ കുറിച്ച് പശ്ചാതപിക്കുന്നുമില്ല.’ മുഷറഫ് പറയുന്നു.

ഇന്ത്യന്‍ യുവാക്കളില്‍ തീവ്രവാദ പ്രവണത വര്‍ധിക്കുന്നതായും മുഷറഫ് പറഞ്ഞു. കാശ്മീരിനേറ്റ മുറിവ് മാറാന്‍ ഇനിയും ഒരുപാട് സമയമെടുക്കും. ഇത് മാറ്റാനാണ് ശ്രമിക്കേണ്ടത്. മുഷറഫ് പറയുന്നു.

ഇരു രാജ്യങ്ങളിലേയും രഹസ്യാന്വേഷണ ഏജന്‍സികള്‍ രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുത വളര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. പരസ്പരം ശത്രുത വളര്‍ത്തി ഒരിക്കലും സഹകരണം സാധിക്കാത്ത വിധത്തില്‍ പരസ്പരം അവിശ്വാസവും ആത്മാര്‍ത്ഥയുമില്ലാതാക്കുകയാണ് ഏജന്‍സികള്‍ ചെയ്യുന്നതെന്നും മുഷറഫ് കുറ്റപ്പെടുത്തി.

രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദം സാധ്യമാകുന്നതിനായി ജനങ്ങള്‍ തമ്മിലുള്ള ബന്ധം വര്‍ധിപ്പിക്കുകയും തുറന്ന സമീപനവും ആവശ്യമാണെന്നും മുഷറഫ് പറഞ്ഞു.

എന്നാല്‍ ഇത്തരം കാര്യങ്ങള്‍ സാധ്യമാകണമെങ്കില്‍ ഇരു രാജ്യങ്ങളുടെയും വിസ വ്യവസ്ഥ ലളിതമാക്കണമെന്നും ഇന്ത്യയുമായി സമാധാനം മാത്രമാണ് പാക്കിസ്ഥാന്‍ ആ്ഗ്രഹിക്കുന്നതെന്നും മുഷറഫ് പറഞ്ഞു.