Categories

മുറെ-ഫെറര്‍ ഫൈനല്‍

ഷാംഗ്ഹായി: ഷാങ്ഹായ് മാസ്‌റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ നിലവിലെ ജേതാവ് ബ്രിട്ടന്റെ ആന്‍ഡി മുറെ സ്‌പെയിനിന്റെ ഡേവിഡ് ഫെററുമായി മത്സരിക്കും. ശനിയാഴ്ച നടന്ന സെമിയില്‍ ജപ്പാന്റെ കീ നിഷികോരിയോയെ 6-3, 6-0ന് തകര്‍ത്താണ് മുറെ കലാശപോരാട്ടത്തിന് യോഗ്യത നേടിയത്.

ഇവിടെ കിരീടം നേടാനായാല്‍ റോജര്‍ഫെഡററെ മറികടന്ന് ആന്‍ഡി മുറെയ്ക്ക് ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തെത്താം. നിലവില്‍ ലോക നാലാം നമ്പര്‍താരമാണ് മുറെ. കഴിഞ്ഞ 25 മത്സരങ്ങളില്‍ 24ഉം വിജയിച്ച മുറെ തകര്‍പ്പന്‍ ഫോമിലാണ്. ഇവിടെ കിരീടം നേടാനായാല്‍ കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളില്‍ മുറെ നേടുന്ന മൂന്നാമത്തെ കിരീടമാവുമിത്.

മറ്റൊരു സെമിയില്‍ സ്‌പെയിനിന്റെ തന്നെ ഫെലിസിയാനോ ലോപ്പസിനെ 6-7, 6-3, 6-3 എന്ന സ്‌കോറിനു പരാജയപ്പെടുത്തിയാണ് ഡേവിഡ് ഫെറര്‍ ഫൈനലിലെത്തിയത്. ആദ്യ സെറ്റുനഷ്ടപ്പെട്ടശേഷം ശക്തമായ തിരിച്ചുവന്നാണ് ലോക അഞ്ചാം നമ്പര്‍ താരമായ ഫെറര്‍ ഫൈനലിലെത്തിയത്.

മുറെ ഏഴ് മാസ്റ്റേര്‍സ് കിരീടം സ്വന്തമാക്കിയപ്പോള്‍ ഫെറര്‍ക്ക പറയത്തക്ക കിരീട നേട്ടങ്ങളൊന്നും എടുത്ത് കാണിക്കാനില്ല. സീസണില്‍ നേരത്തെ രണ്ട് തവണ ഇരുവരും ഏറ്റ് മുട്ടിയപ്പോള്‍ വിജയം മുറെക്കൊപ്പമായിരുന്നു. കഴിഞ്ഞ ആഴ്ച ജപ്പാന്‍ ഓപ്പണിന്റെ സെമിഫൈനലിലും ഈ വര്‍ഷമാദ്യം നടന്ന ആസ്‌ട്രേലിയന്‍ ഓപ്പണിന്റെ സെമിയിലുമാണ് മുറെ ഫെററെ പരാജയപ്പെടുത്തിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.