ഷാംഗ്ഹായി: ഷാങ്ഹായ് മാസ്‌റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്റ് കിരീടം ബ്രിട്ടന്റെ ആന്‍ഡി മുറെ സ്വന്തമാക്കി. സ്‌പെയിനിന്റെ ലോക അഞ്ചാം നമ്പര്‍ താരം ഡേവിഡ് ഫെററെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മുറെ തുടര്‍ച്ചയായ രണ്ടാം തവണയും ഷാങ്ഹായ് ഓപ്പണില്‍ മുത്തമിട്ടത്. ഒന്നേ മുക്കാല്‍ മണിക്കൂര്‍ നീണ്ട് നിന്ന മത്സരത്തില്‍ 7-5, 6-4 എന്ന് സ്‌കോറിനായിരുന്നു മുറെയുടെ വിജയം.

കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളില്‍ മുറെ നേടുന്ന മൂന്നാമത്തെ കിരീടമാണിത്. നേരത്തെ തായ്‌ലന്‍ഡ് ഓപ്പണിലും ജപ്പാന്‍ ഓപ്പണിലും മുറെ കിരീടമുയര്‍ത്തിയിരുന്നു. കഴിഞ്ഞ 26മത്സരങ്ങളില്‍ 25ഉം വിജയിച്ച മുറെ തകര്‍പ്പന്‍ ഫോമിലാണ്. ഇതോടെ മുറെയുടെ മാസ്റ്റേര്‍സ് കിരീടം നേട്ടം എട്ടായി ഉയര്‍ന്നു.

എസ് ഓപ്പണ്‍ സെമിഫൈനലില്‍ റാഫേല്‍ നദാലിനോട് തോറ്റതിന് ശേഷം മുറെ പരാജയപ്പെട്ടിട്ടില്ല. നദാലിനോടേറ്റ തോല്‍വിക്ക് ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍ പരാജയപ്പെടുത്തി മുറെ പകരം വീട്ടിയിരുന്നു. ഇതോടെ ലോകറാങ്കിങ്ങില്‍ റോജര്‍ ഫെഡററെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി മുറെ മൂന്നാമതെത്തി. എട്ട് വര്‍ഷത്തിനിടെ ആദ്യമായാണ് ഫെഡറര്‍ റാങ്കിങ്ങില്‍ ഇത്ര താഴോട്ട് പോവുന്നത്.