ന്യൂദല്‍ഹി: മുരിങ്ങൂര്‍ ധ്യാനകേന്ദ്രം സംബന്ധിച്ച് അന്വേഷണം നടത്തേണ്ടെന്ന് സുപ്രീം കോടതി. അന്വേഷണത്തിനുത്തരവിട്ട ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു.

മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിനെതിരായി അന്വേഷണത്തിനുത്തരവിട്ട ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ധ്യാന കേന്ദ്രം അധികൃതര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തെ കേസ് പരിഗണിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാറിനെതിരെ സുപ്രീം കോടതി വിമര്‍ശനമുന്നയിച്ചിരുന്നു.

സര്‍ക്കാര്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നായിരുന്നു സര്‍ക്കാറിന്റെ വിമര്‍ശനം. മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തിനെതിരെയുള്ള അന്വേഷണം സ്‌റ്റേ ചെയ്തുകൊണ്ട് സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെ തുടരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ സര്‍ക്കാര്‍ തെറ്റായ വിവരം നല്‍കിയെന്നാണ് കോടതി കണ്ടെത്തിയത്.

മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തില്‍ ലൈംഗക ചൂഷണവും പീഡനവും നടക്കുന്നുണ്ടെന്ന് ഹൈക്കോടതിക്ക് ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടത്. 2006 മാര്‍ച്ചില്‍ ഐ.ജി വിന്‍സന്റ് പോളിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങുകയും സെപ്തംബറില്‍ ധ്യാനകേന്ദ്രത്തിന്‍ റെയ്ഡ് നടത്തുകയും ചെയ്തു. എന്നാല്‍ തങ്ങള്‍ക്ക് നോട്ടീസ് നല്‍കാതെയാണ് അന്വേഷണവും റെയ്ഡും നടക്കുന്നതെന്നും അന്വേഷണ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നും കാണിച്ച് ധ്യാന കേന്ദ്രം അധികൃതര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു.

എന്നാല്‍ കളര്‍കോട് സ്വദേശി രാജഗോപാലന്‍ നായര്‍ എന്നയാള്‍ പുനരന്വേഷണം ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹരജിയില്‍ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. പുനരന്വേഷണത്തിനെതിരെ ധ്യാനകേന്ദ്രം വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. ഈ ഹരജിയിലാണ് ഇപ്പോള്‍ വിധിയുണ്ടായിരിക്കുന്നത്.