vs-achuthanandanതിരുവനന്തപുരം: ഐ.സി.എസ്.ഇ ഏഴാം ക്ലാസ് മലയാളം പാഠപുസ്തകത്തിലെ മുരിക്കന്‍ എന്ന പാഠഭാഗം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഭൂപരിഷ്‌കരണത്തെ നിഷേധാത്മകമായാണ് മുരിക്കനില്‍ വിലയിരുത്തുന്നതെന്ന് വി.എസ് വ്യക്തമാക്കി. നിഷേധാത്മക സമീപനമുള്ള ഭാഗം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത് ന്യായീകരിക്കാനാവില്ല. ഇതുസംബന്ധിച്ച് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം അന്വേഷിക്കണം. അഭിപ്രായ സ്വാതന്ത്ര്യം ഒരെഴുത്തുകാരനുണ്ട്. പക്ഷേ അത് സ്‌കൂള്‍ സിലബസിലെ പാഠ്യവിഷയമാക്കുന്നത് അനുചിതമാണെന്നും വി.എസ് പറഞ്ഞു.

ആദ്യ കമ്മ്യൂണിറ്റ്‌സ് സര്‍ക്കാരിനെ അപമാനിക്കുന്നതാണ് പാഠഭാഗമെന്ന് വി.എസ് വ്യക്തമാക്കി. കുട്ടനാട്ടില്‍ കായല്‍കൃഷി ഉണ്ടായത് ജോസഫ് മുരിക്കന്‍ എന്ന കായല്‍ ജന്മി കാരണമാണെന്നും ചിത്തിര, മാര്‍ത്താണ്ഡം, റാണി എന്നീ കായല്‍ നിലങ്ങള്‍ കൃഷിക്കനുയോജ്യമാക്കാന്‍ എല്ലുനുറുങ്ങി പണിയെടുത്തത് മുരിക്കനാണെന്നുമാണ് പുസ്തകത്തില്‍ പറയുന്നത്.

മാധ്യമ പ്രവര്‍ത്തകന്‍ ടി.ജെ.എസ്.ജോര്‍ജിന്റെ ‘ഘോഷയാത്ര’ എന്ന പുസ്തകത്തിലെ ‘മുരിക്കന്‍’ എന്ന ഭാഗം പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതാണ് വിവാദമായത്.