എഡിറ്റര്‍
എഡിറ്റര്‍
രാഹുലിന്റെ യാത്രക്കെതിരെ പരാതി നല്‍കിയയാള്‍ക്ക് വധഭീഷണി
എഡിറ്റര്‍
Wednesday 15th January 2014 9:51am

rahul-g

ചാരുംമൂട്: യൂത്ത് കോണ്‍ഗ്രസ് പദയാത്രക്കിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പോലീസ് വാഹനത്തിന് മുകളില്‍ യാത്ര ചെയ്തതിനെതിരെ പരാതി നല്‍കിയയാള്‍ക്ക് വധ ഭീഷണി.

നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.മുജീബ് റഹ്മാനാണ് നൂറനാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതി നല്‍കിയതിന്റെ പേരില്‍ തനിക്ക് വധഭീഷണിയുണ്ടെന്നാണ് മുജീബ് പറയുന്നത്.

മോട്ടോര്‍ വാഹന നിയമപ്രകാരം വാഹനത്തിന് മുകളില്‍ യാത്ര ചെയ്യുന്നത് നിയമലംഘനമാണെന്ന് കാണിച്ചാണ് മുജീബ് പരാതി നല്‍കിയത്.

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ മുകളിലോ ബോണറ്റിലോ ഇരിക്കാന്‍ പാടില്ലെന്ന നിയമം രാഹുല്‍ ലംഘിച്ചു, രാഷ്ട്രീയ പ്രചരണത്തിന് പൊതുവാഹനം ഉപയോഗിച്ചു, പൊതുജനങ്ങള്‍ക്ക്തടസ്സമുണ്ടാക്കി, പൊതുമുതലിന് നാശം സംഭവിച്ചു തുടങ്ങിയ ആരോപണങ്ങള്‍ നിരത്തിയാണ് മുജീബ് പരാതി നല്‍കിയത്.

എന്നാല്‍ പരാതിയില്‍ കേസെടുത്തിട്ടില്ലെന്ന് ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി പ്രസന്നകുമാര്‍ പറഞ്ഞു. വി.വി.ഐ.പിയുടെ ജീവന്റെ സുരക്ഷ മുന്‍നിര്‍ത്തി പോലീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് രാഹുല്‍ വാഹനത്തിന് മുകളില്‍ കയറിയതെന്ന് അദ്ദേഹം പറഞ്ഞു.

ജീവന്‍ പ്രധാനമാകുമ്പോള്‍ പെറ്റിക്കേസിനെക്കുറിച്ച് ചിന്തിച്ചില്ല. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് കേസെടുക്കണമോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിന്റെ പോലീസ് വാഹനത്തിന് മുകളിലിരുന്നുള്ള യാത്ര ഏറെ വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്.

Advertisement