എഡിറ്റര്‍
എഡിറ്റര്‍
‘ഗാന്ധി വധം ആര്‍.എസ്.എസിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു’; കൊലപാതകം നേട്ടമായത് കോണ്‍ഗ്രസിനെന്ന് ഉമാ ഭാരതി
എഡിറ്റര്‍
Thursday 12th October 2017 9:36pm

 

അഹമ്മദാബാദ്: മഹാത്മ ഗാന്ധിയുടെ കൊലപാതകത്തില്‍ ലാഭം കൊയ്തത് കോണ്‍ഗ്രസെന്ന് കേന്ദ്രമന്ത്രി ഉമാ ഭാരതി. ഗുജറാത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഉമാ ഭാരതിയുടെ പ്രതികരണം.

സ്വാതന്ത്ര്യത്തിനു ശേഷം കോണ്‍ഗ്രസ് പിരിച്ചുവിടണമെന്നാണ് ഗാന്ധി പറഞ്ഞത്. പുതിയൊരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം നിര്‍ദേശിച്ചു. പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്. അതുകൊണ്ടു തന്നെ ഗാന്ധി വധത്തില്‍ ലാഭം കോണ്‍ഗ്രസിനാണെന്നും ഉമാഭാരതി കൂട്ടിച്ചേര്‍ത്തു.

ഗാന്ധി വധം പുന: പരിശോധനക്കു വിധേയമാക്കണമെന്നും ഗോഡ്‌സെയെ കൊലപാതകത്തിനു പ്രേരിപ്പിച്ചത് ആരാണെന്നും ഉമ ചോദിച്ചു. നാഥുറാം വിനായക് ഗോഡ്‌സെയുടെ വെടിയേറ്റു ഗാന്ധി കൊല്ലപ്പെട്ടതു മുതല്‍ ഈ വിഷയത്തില്‍ പ്രശ്‌നങ്ങളുണ്ട്. ജനസംഘത്തിന്റെയും ആര്‍.എസ്.എസിന്റെയും പ്രതിഛായക്ക് സംഭവം മങ്ങലേല്‍പ്പിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


Also Read: കൊടിക്കുന്നില്‍ സുരേഷിന് നേരെ ചാണകവെള്ളം തളിച്ച് മഹിളാ മോര്‍ച്ച; അധിക്ഷേപിച്ചതിന് കാരണം സുരേഷ് ദളിതനായുകൊണ്ടെന്ന് കോണ്‍ഗ്രസ്


ഹിന്ദു മഹാസഭ അംഗമായിരുന്ന നാഥുറാം വിനായക് ഗോഡ്സെ 1948 ജനുവരി 30 നാണ് ഗാന്ധിജിയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ ഒക്ടോബര്‍ ആറിന് സുപ്രീം കോടതി, മുന്‍ അഡിഷണല്‍ സോളിറ്റര്‍ ജനറല്‍ അമരേന്ദര്‍ ശരണിനെ ഗാന്ധി വധക്കേസ് പുന:പരിശോധന ഹര്‍ജിയില്‍ അമിക്കസ് ക്യൂരിയായി നിയമിച്ചിരുന്നു.

ഗുജറാത്തില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 165 സീറ്റില്‍ വിജയിക്കുമെന്നും ഉമാ ഭാരതി പറഞ്ഞു. രാഹുലിന്റെ ആരോപണങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, താന്‍ മറുപടി പറയാന്‍ മാത്രം വലിയ നേതാവല്ല രാഹുലെന്നായിരുന്നു ഉമാ ഭാരതിയുടെ മറുപടി.

Advertisement