എഡിറ്റര്‍
എഡിറ്റര്‍
പി. മോഹനനെതിരെ കൊലക്കുറ്റം
എഡിറ്റര്‍
Friday 29th June 2012 5:11pm

വടകര: സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റംഗം പി. മോഹനനെതിരെ കൊലക്കുറ്റത്തിന് കേസ്. 302,118,120ബി, 212 വകുപ്പുകള്‍ പ്രകാരം കൊലക്കുറ്റം, ഗൂഢാലോചന, കൊലപാതക വിവരം അറിഞ്ഞിട്ടും പുറത്തുപറയാതിരുന്നത് എന്നീ കുറ്റങ്ങള്‍ക്കാണ് പി. മോഹനനെതിരെ കേസെടുത്തിരിക്കുന്നത്. മോഹനനെ ഏഴ് ദിവസം കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടു. മോഹനന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. എന്നാല്‍ തന്റെ അഭിഭാഷകന്റെ മുന്നില്‍ വെച്ച് ചോദ്യം ചെയ്യണമെന്ന് അപേക്ഷിച്ചുകൊണ്ടുള്ള മോഹനന്റെ അപേക്ഷ നാളെ പരിഗണിക്കും.

ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ഒഞ്ചിയം ഏരിയ സെക്രട്ടറി സി.എച്ച്. അശോകന്‍, ഏരിയാകമ്മിറ്റിയംഗം കെ.കെ കൃഷ്ണന്‍ എന്നിവരെ അറസ്റ്റു ചെയ്തിരുന്നു. ഇവരുടെ മൊഴിയില്‍ നിന്നും പി. മോഹനന്റെ മൗനസമ്മതമില്ലാതെ ഒഞ്ചിയം ഏരിയയില്‍ ഒന്നും സംഭവിക്കില്ലെന്ന് വ്യക്തമായിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി മോഹനെ ചുറ്റിപ്പറ്റിയായിരുന്നു അന്വേഷണം നടന്നത്.

കഴിഞ്ഞ നാല് ദിവസമായി മോഹനന്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സി.പി.ഐ.എമ്മിന്റെ പല നേതാക്കളും അറസ്റ്റിലായതോടെ മോഹനന്‍ ജില്ലാകമ്മിറ്റി ഓഫീസിലായിരുന്നു താമസിച്ചിരുന്നത്. പാര്‍ട്ടിയുടെ പൊതുപരിപാടികളില്‍ നിന്നെല്ലാം അദ്ദേഹം വിട്ടുനിന്നിരുന്നു. പ്രധാനപ്പെട്ട പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ സി.പി.ഐ.എം നേതാക്കള്‍ അദ്ദേഹത്തിനൊപ്പം പോയിരുന്നു.

ഇന്ന് രാവിലെ മോഹനന്‍ കോഴിക്കോട് നിന്നും വടകരയിലേക്ക് പോകുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അദ്ദേഹത്തിന്റെ വാഹനം പിന്തുടര്‍ന്ന് കൊയിലാണ്ടിയില്‍വെച്ച് അറസ്റ്റു ചെയ്യുകയായിരുന്നു.

ഫോണ്‍ സംഭാഷണത്തിന് തെളിവുകള്‍

ടി.പി.ചന്ദ്രശേഖരനുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ അറസ്റ്റിലായ കുഞ്ഞനന്ദനെ മോഹനന്‍ ഫോണില്‍ ബന്ധപ്പെട്ടു എന്നതിന് തെളിവ് ലഭിച്ചതായി പോലീസ്. 09747170417 എന്ന നമ്പറിലേയ്ക്ക് 9495804804 എന്ന നമ്പറില്‍ നിന്ന് കുഞ്ഞനന്ദന്‍ ബന്ധപ്പെട്ടിരുന്നു എന്നതിനാണ് ഇപ്പോള്‍ തെളിവ് ലഭിച്ചിരിക്കുന്നത്. കേസിലെ 45-ാം പ്രതികൂടിയായ ഷാജി എന്നയാളാണ് ഈ സിം കാര്‍ഡ് എടുത്തു കൊടുത്തത് എന്നും പോലീസ് പറയുന്നുണ്ട്. ഇ നമ്പറിലൂടെയാണ് ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട സംഭാഷണങ്ങള്‍ നടന്നിരിക്കുന്നതെന്നാണ് പോലീസ് നിഗമനം.

വടകരയില്‍ വന്‍ സംഘര്‍ഷം

പി.മോഹനനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് വടകര കോടതിക്ക് സമീപം വന്‍ സംഘര്‍ഷം. സി.പി.ഐ.എം പ്രവര്‍ത്തകര്‍ കോടതി വളപ്പില്‍ ഒത്തുകൂടുകയും മുദ്രാവാക്യം വിളിക്കുകയും കല്ലേറ് നടത്തുകയും ചെയ്തു. കല്ലേറിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതക പ്രയോഗം നടത്തുകയും ചെയ്തു. തുടര്‍ന്ന് മോഹനനെ കോടതിക്കുള്ളില്‍ കയറ്റാന്‍ കഴിയാത്തതു കാരണം പുറകിലെ ഗേറ്റ് വഴിയാണ് ഉള്ളില്‍ കടന്നത്. കോടതിയില്‍ ഹാജരാക്കിയ ശേഷം മോഹനനെ തിരികെ കൊണ്ടുപോകുമ്പോഴും സി.പി.ഐ.എം പ്രവര്‍ത്തകര്‍ പോലീസ് വാഹനം തടഞ്ഞു. തുടര്‍ന്നും പോലീസ് ലാത്തി വീശി.

Advertisement