എഡിറ്റര്‍
എഡിറ്റര്‍
മണിക്കെതിരെ കൊലക്കുറ്റത്തിന് കേസ്
എഡിറ്റര്‍
Monday 28th May 2012 9:42am

തിരുവനന്തപുരം: സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. കൊലക്കുറ്റവും ഗൂഢാലോചനയും സംഘം ചേരലുമാണ് മണിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. ഐ.പി.സി 102, 109, 115 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

ഇടുക്കി എസ്.പി ജോര്‍ജ്ജ് വര്‍ഗീസിന്റെ നിര്‍ദേശ പ്രകാരം തൊടുപുഴ പോലീസാണ് കേസെടുത്തത്. തൊടുപുഴ മണക്കാട് നടന്ന പൊതുയോഗത്തിലാണ് 3 രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് എം.എം മണി വെളിപ്പെടുത്തല്‍ നടത്തിയത്.

ശനിയാഴ്ച തൊടുപുഴയ്ക്കടുത്തുള്ള മണക്കാട്ട് നടന്ന പൊതുയോഗത്തില്‍ സി.പി.ഐ.എം പ്രതിയോഗികളുടെ പട്ടികയുണ്ടാക്കി കൊല്ലേണ്ടവരെ കൊന്നുവെന്ന് മണി വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസ്സെടുത്തിരിക്കുന്നത്.

മണിയുടെ പ്രസംഗത്തിലെ പരാമര്‍ശങ്ങളെക്കുറിച്ച് അഡ്വക്കേറ്റ്ജനറലുമായി ആലോചിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഡി.ജി.പി. ജേക്കബ്ബ്പുന്നൂസ് ഇടുക്കി പോലീസ് മേധാവി ജോര്‍ജ്‌വര്‍ഗീസിന് നിര്‍ദേശം നല്‍കിയിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതെന്ന് ഡി.ജി.പി അറിയിച്ചു.

മണി പരാമര്‍ശിച്ച രാഷ്ട്രീയ കൊലപാതകങ്ങളുടെ കേസ് ഡയറി പോലീസ് പരിശോധിക്കുന്നുണ്ട്. മൂന്ന് കൊലപാതകങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ പോലീസ് ശേഖരിച്ചു തുടങ്ങി. അഞ്ചേരി ബേബി, മുള്ളന്‍ചിറ മത്തായി, മുട്ടുകാട്ട് നാണപ്പന്‍ എന്നിവര്‍ കൊല്ലപ്പെട്ട കേസ്സുകളിലാണ് വിവരശേഖരണം. ബാലു കൊല്ലപ്പെട്ട കേസിലും വിവരശേഖരണം നടക്കുന്നുണ്ട്.

എണ്‍പതുകളില്‍ നടന്ന കേസുകളുടെ രേഖകളും ബന്ധപ്പെട്ട സ്റ്റേഷനുകളില്‍ ലഭ്യമല്ല. ഇവയെല്ലാം കോടതിയില്‍ നിന്ന് ലഭ്യമാക്കാനാണു ശ്രമം. തൊണ്ണൂറുകളില്‍ നടന്ന കേസുകളില്‍ പലതും ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ അപ്പീലിലാണ് ഇവയുടെ വിശദാംശവും ശേഖരിക്കുന്നുണ്ട്.

Advertisement