Categories

മഹ്മൂദ് അല്‍ മബ്ഹൂഹിനു നേരെ, മുമ്പും വധശ്രമം ഉണ്ടായിരുന്നു: ഹമാസ്

ദുബൈ: കൊല്ലപ്പെട്ട ഹമാസ് നേതാവ് മഹ്മൂദ് അല്‍ മബ്ഹൂഹിനു നേരെ, വധശ്രമം നടന്നിരുന്നതായി റിപ്പോര്‍ട്ട്. ദുബൈയിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് ദിവസങ്ങള്‍ക്കു മുമ്പാണ് മഹ്മൂദ് അല്‍ മബ്ഹൂഹ് കൊല്ലപ്പെടുന്നത്. അദ്ദേഹത്തിനു നേരെ, ഇതിന് മുമ്പും രണ്ട് തവണ വധശ്രമം ഉണ്ടായതായി ഹമാസ് വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മെയില്‍ ദുബൈയില്‍ വിഷം നല്‍കിയാണ് ഒരിക്കല്‍ അദ്ദേഹത്തെ വധിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ശ്വാസകോശത്തിന് അണുബാധയേറ്റ് കഷ്ടിച്ച് മരണത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.

ലബനാനില്‍ വെച്ചാണ് മറ്റൊരിക്കല്‍ വധശ്രമമുണ്ടായത്. വെടിവെച്ച് കൊലപ്പെടുത്താനുള്ള ശ്രമത്തില്‍ നിന്ന് അദ്ദേഹം ഭാഗ്യത്തിനാണ് രക്ഷപ്പെട്ടതെന്ന് ഒരു മുതിര്‍ന്ന ഹമാസ് നേതാവ് പറഞ്ഞു.

അതേ സമയം, കൊലയാളി സംഘം ഉപയോഗിച്ച പാസ്‌പോര്‍ട്ടിലെ വിലാസമുള്ള എട്ടുപേരെ കൂടി ഇസ്രായേലില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇതോടുകൂടി 15 പേരാണ് ഒരേ വിലാസത്തില്‍ ഇസ്രായേലില്‍ താമസിക്കുന്നതായി തെളിഞ്ഞത്. മൊസാദാണ് ആക്രമണത്തിന്റെ പിന്നിലെന്ന ദുബൈ പോലിസ് പ്രഖ്യാപനത്തിനെ ശരിവെക്കുന്നതാണ് പുതിയ കണ്ടെത്തല്‍.

എന്നാല്‍ വിലാസം കൊലയാളികള്‍ മോഷ്ടിച്ചതാണെന്നാണ് അധികൃതര്‍ കരുതുന്നത്. ഫോട്ടോ മാറ്റിവെച്ചാണ് പലരും പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചത്. ഓസ്‌ട്രേലിയ ഒഴികെ എല്ലാം യൂറോപ്യന്‍ പാസ്‌പോര്‍ട്ടുകളാണ് ഉപയോഗപ്പെടുത്തിയത്. ഇരട്ട പൗരത്വമുള്ളവരുടെ വിലാസമാണ് മോഷ്ടിക്കപ്പെട്ടതിലധികവും.

കൊലയാളി സംഘത്തിലെ രണ്ടുപേര്‍ കപ്പല്‍ മാര്‍ഗം ഇറാനിലേക്ക് രക്ഷപ്പെട്ടതായും തെളിഞ്ഞിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ച് ഇറാന്‍ ഗവണ്‍മെന്റ് ഇതു വരെ പ്രതികരിച്ചിട്ടില്ല. പ്രതികള്‍ അമേരിക്കന്‍ ബാങ്ക് വഴി ലഭിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് അമേരിക്കന്‍ അന്വേഷണ ഏജന്‍സി എഫ്.ബി.ഐയും അറിയിച്ചിട്ടുണ്ട്.

ദുബൈ പോലിസ് പുറത്തുവിട്ട 26 അംഗ ലിസ്റ്റിലെ 15 പേരും ഇസ്രയേലില്‍ താമസിക്കുന്നതായി പരോക്ഷമായി തെളിയിക്കുന്ന രേഖകള്‍ ലഭ്യമായതോടെ മൊസാദും ഇസ്രയേലും കൂടുതല്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.