കെയ്‌റോ: ഭരണവിരുദ്ധ പ്രക്ഷോഭം ശക്തമാകുന്ന ഈജിപ്തില്‍ വൈസ്പ്രസിഡന്റ് ഉമര്‍ സുലൈമാന് നേരെ വധശ്രമമെന്ന് റിപ്പോര്‍ട്ട്. അദ്ദേഹം വൈസ് പ്രസിഡന്റായി ചുമതലയേറ്റതിനു തൊട്ടുപിന്നാലെയാണ് ആക്രമണം.

സംഭവത്തില്‍ അദ്ദേഹത്തിന്റെ രണ്ട് അംഗരക്ഷകര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായി കെയ്‌റോയലില്‍ വച്ചായിരുന്നു വധശ്രമം. സ്ഥലത്ത് ഏറെനേരം വെടിവെയ്പ് തുടര്‍ന്നു.

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് അയവുവരുത്തുകയെന്ന ഉദ്ദേശത്തോടെയാണ് മന്ത്രിസഭ പിരിച്ചുവിട്ട് രഹസ്യന്വേഷണ വിഭാഗം തലവനായിരുന്ന ഒമര്‍ സുലൈമാനെ പ്രസിഡന്റ് ഹോസ്‌നി മുബാറക്ക് വൈസ് പ്രസിഡന്റായി നിയമിച്ചത്.

മുബാറക്ക് സ്ഥാനമൊഴിയണമെന്ന് ഒബാമ

ഈജിപ്തില്‍ സമാധാനം നിലനിര്‍ത്താനുള്ള ശ്രമമെന്ന നിലയ്ക്ക് ഹോസ്‌നി മുബാറക്ക് രാജിവയ്ക്കണമെന്ന് യു.എസ് പ്രസിഡന്റ് ബറാക്ക് ഒബാമ. ജനവികാരം മാനിച്ച് ശരിയായ തീരുമാനമെടുക്കാന്‍ അദ്ദേഹം തയ്യാറാകണമെന്ന് ഒബാമ ആവശ്യപ്പെട്ടു.

ഈജിപ്തില്‍ നിലവിലുള്ള സാഹചര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനും ഈജിപ്ത് ഭരണകൂടത്തിനുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നതിനുമായി നിരവധി ലോകനേതാക്കളുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി. സമാധാധ പരമായ ഒരു അധികാര കൈമാറ്റമാണ് വേണ്ടതെന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു.