എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ.എം വിട്ട് ലീഗില്‍ ചേര്‍ന്ന പഞ്ചായത്ത് മെമ്പര്‍ക്ക് വെട്ടേറ്റു
എഡിറ്റര്‍
Friday 18th May 2012 12:34am

ചേലക്കര: ഒന്നര വര്‍ഷം മുമ്പ് സി.പി.ഐ.എം വിട്ട് മുസ്‌ലിം ലീഗില്‍ ചേര്‍ന്ന ചേലക്കര പഞ്ചായത്ത് അംഗം മേപ്പാടം പയറ്റുപറമ്പില്‍ പി.എം. റഫീഖിനു(38) നേരെ വധശ്രമം. ബുധനാഴ്ച രാത്രി പത്തരയോടെ പത്തംഗ സംഘം നടത്തിയ ആക്രമണത്തില്‍ ഇരുമ്പുകമ്പി കൊണ്ട് റഫീഖിന്റെ രണ്ടു കൈയും ഒടിക്കുകയും തലയ്ക്കും മൂക്കിനും വലതുകാലിനും ഗുരുതര പരുക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് സി.പി.ഐ.എം മേപ്പാടം ബ്രാഞ്ച് സെക്രട്ടറി ശ്രീരാമകൃഷ്ണന്‍, ഡി.വൈ.എഫ്.ഐ മേപ്പാടം യൂണിറ്റ് സെക്രട്ടറി കെ.ഐ. ഷമീര്‍ എന്നിവരുള്‍പ്പെടെ എട്ടു പേര്‍ക്കെതിരെ പൊലീസ് വധശ്രമത്തിനു കേസെടുത്തു.

ഗുരുതരമായി പരുക്കേറ്റ റഫീഖിനെ ആദ്യം ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. സി.പി.എം മുന്‍ ഏരിയ സെക്രട്ടറിയും മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഇപ്പോള്‍ ഏരിയ കമ്മിറ്റി അംഗവുമായ പി.പി. മുഹമ്മദ്കുട്ടിയുടെ മകനാണ് റഫീഖ്.

പിതാവ് ഏരിയ സെക്രട്ടറിയായ കാലത്ത് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന റഫീഖ് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയിലും അംഗമായിരുന്നു. 2005-2010 കാലയളവില്‍ ചേലക്കര പഞ്ചായത്തിലെ മേപ്പാടം വാര്‍ഡില്‍നിന്നുള്ള സി.പി.ഐ.എം അംഗമായിരുന്നു. ഈ സമയത്ത് നിലംനികത്തല്‍ പോലുള്ള പ്രശ്‌നങ്ങളില്‍ പാര്‍ട്ടിയുമായി അകന്ന റഫീഖ് ഒന്നര വര്‍ഷം മുമ്പു പാര്‍ട്ടി വിട്ടു. തൊട്ടുപിന്നാലെ നടന്ന കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചേലക്കര പഞ്ചായത്ത് പത്തുകുടി വാര്‍ഡില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായി മത്സരിച്ചു ജയിച്ചു. ഇതു സി.പി.ഐ.എമ്മിനു വലിയ അലോസരമുണ്ടാക്കിയിരുന്നു.

സുഹൃത്തിന്റെ വീട്ടിലായിരുന്ന റഫീഖിനെയും കൂടെയുണ്ടായിരുന്ന കടമാങ്കോട്ടില്‍ ഫൈസലിനെയും(19) വീടിന്റെ പിന്‍വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നാണ് ആക്രമിച്ചത്. റഫീഖിനെ അക്രമിക്കുന്നതു തടയാന്‍ ചെന്നപ്പോഴാണ് മറ്റുള്ളവരുടെ തലയ്ക്ക് അടിയേറ്റത്. തടയാന്‍ ശ്രമിച്ച സുഹൃത്തിന്റെ അമ്മ സുകുമാരിയെ തള്ളിയിട്ടതായും പരാതിയുണ്ട്. സുകുമാരിയും ഫൈസലും ചേര്‍ന്നു ബഹളംവച്ചതു കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ അക്രമിസംഘം രക്ഷപ്പെട്ടു.

രണ്ട് ഓട്ടോറിക്ഷകളിലായി വന്നവരാണ് അക്രമം നടത്തിയതെന്നു നാട്ടുകാര്‍ പറഞ്ഞു. ശ്രീരാമകൃഷ്ണന്‍, സി.പി.ഐ.എം പ്രവര്‍ത്തകനായ ഷാജി, ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി കെ.എ. ഷമീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തന്നെ ആക്രമിച്ചതെന്ന് റഫീഖ് പൊലീസിനു മൊഴി നല്‍കി.

Advertisement