Administrator
Administrator
പി.എ.സി റിപ്പോര്‍ട്ട് പരാജയപ്പെട്ടു; ജോഷി ഇറങ്ങിപ്പോയി
Administrator
Thursday 28th April 2011 5:44pm

murali-manohar-joshiന്യൂദല്‍ഹി: 2 ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിനെ വിമര്‍ശിച്ചുകൊണ്ടുള്ള പി.എ.സി റിപ്പോര്‍ട്ട് വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. 10 നെതിരെ 11 വോട്ടുകള്‍ക്കാണ് റിപ്പോര്‍ട്ട് പരാജയപ്പെട്ടത്. അംഗങ്ങള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് പി.എ.സി ചെയര്‍മാന്‍ മുരളി മനോഹര്‍ ജോഷി വോട്ടെടുപ്പില്‍ പങ്കെടുക്കാതെ ഇറങ്ങിപ്പോയി. പി.എ.സിക്ക് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുമെന്ന് കരട് റിപ്പോര്‍ട്ടിനെ എതിര്‍ത്ത അംഗങ്ങള്‍ പറഞ്ഞു. സൈഫുദ്ദീന്‍ സോസ് പുതിയ ചെയര്‍മാനാകുമെന്നാണ് സൂചന.

കോണ്‍ഗ്രസ്, ഡി.എം.കെ അംഗങ്ങള്‍ക്ക് പുറമേ സമിതിയിലെ സമാജ്‌വാദി പാര്‍ട്ടി, ബി.എസ്.പി അംഗങ്ങളും കരട് റിപ്പോര്‍ട്ടിനെ എതിര്‍ത്താണ് വോട്ട് ചെയ്തത്. എന്നാല്‍ ബി.ജെ.പി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ റിപ്പോര്‍ട്ട് അംഗീകരിക്കണമെന്ന അഭിപ്രായത്തിന്മേലാണ് വോട്ട് ചെയ്തത്. ശിവസേന, ജനതാദള്‍ (യു), എ.ഐ.ഡി.എം.കെ, സി.പി.ഐ.എം അംഗങ്ങളും റിപ്പോര്‍ട്ടിന് അനുകൂലമായ നിലപാടെടുത്തു.

2 ജി സ്‌പെക്ട്രം ഇടപാടില്‍ 1,76,000 കോടി രൂപയുടെ അഴിമതി നടന്നെന്ന സി.എ.ജി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും അംഗീകരിക്കുന്ന തരത്തിലാണ് പി.എ.സിയുടെ കരട് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ മുന്‍ ടെലിംകോം മന്ത്രി എ.രാജയ്ക്കും പ്രധാനമന്ത്രിയുടെ ഓഫീസിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയിരുന്നത്. ഇതിനെതിരെ ഡി.എം.കെ. കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. റിപ്പോര്‍ട്ടിന് തങ്ങളുടെ പിന്തുണയില്ലെന്നും ജോഷി ഏകപക്ഷീയമായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ഇവര്‍ ആരോപിച്ചു.

ഇടപാടില്‍ എ.രാജ പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതായാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് കാലതാമസം വരുത്തിയാണ് വിവരങ്ങള്‍ കൈമാറിയതെന്നും ഈ സമയത്തായിരിക്കാം ഇടപാടില്‍ അഴിമതി നടന്നിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. അതേസമയം പ്രധാനമന്ത്രിയെ പേരെടുത്ത് റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നില്ല.

Advertisement