തിരുവനന്തപുരം: കെ മുരളീധരന്റെ കോണ്‍ഗ്രസ് പുന:പ്രവേശം സംബന്ധിച്ച് ആഗസ്റ്റില്‍ കെ പി സി സി നിര്‍വാഹക സമിതി എടുത്ത തീരുമാനത്തില്‍ മാറ്റമില്ലെന്ന്
കെ പി സി സി പ്രസിഡന്റ രമേശ് ചെന്നിത്തല. മുരളിയെ തിരിച്ചെടുക്കേണ്ടെന്ന നേരത്തെയുള്ള കെ പി സി സി തീരുമാനം പുനപരിശോധിക്കുകയായിരുന്നു ഇന്ന് ചെയ്തത്. എന്നാല്‍ പഴയ തീരുമാനത്തില്‍ തന്നെ ഉറച്ച് നില്‍ക്കാനാണ് ഇന്നത്തെ യോഗത്തില്‍ തീരുമാനമായതെന്ന് യോഗത്തിന്‍ ശേഷം ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

യോഗത്തില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ ഭൂരിപക്ഷം നേതാക്കളും മുരളിയെ തിരിച്ചെടുക്കണമെന്ന ആവശ്യത്തെ എതിര്‍ക്കുകയായിരുന്നു. മുരളിയുടെ കാര്യത്തില്‍ മുന്‍ തീരുമാനം പുന:പരിശോധിക്കേണ്ട കാര്യമില്ലെന്നാണ് ഉമ്മന്‍ ചാണ്ടി യോഗത്തില്‍ പറഞ്ഞത്. കെ കരുണാകരന്റെ ആഗ്രഹം അതേ രീതിയില്‍ നടപ്പാക്കാനാകാത്തതില്‍ ദുഖമുണ്ട്. എന്നാല്‍ തീരുമാനം പാര്‍ട്ടിയോടു നീതിപുലര്‍ത്തുന്നതാകണം. കേരളത്തിലെ കോണ്‍ഗ്രസ് അഭിപ്രായ ഐക്യത്തോടെയാണ് മുന്നോട്ട് പോകുന്നത്. ആര് പാര്‍ട്ടിയില്‍ വരുന്നതിനും എതിരല്ല. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ ഐക്യമുണ്ടാക്കിയിട്ട് വേണം ഇത്. ഹൈക്കമാന്‍ന്റിന് എന്തു തീരുമാനവും എടുക്കാം. എന്നാല്‍ തീരുമാനം സംസ്ഥാന ഘടകത്തിനു വിട്ടിരിക്കുന്ന സാഹചര്യത്തില്‍ വീണ്ടും ഹൈക്കമാന്‍ന്റിനു കൈമാറുന്നത് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയുന്നതിനു
തുല്യമാകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Subscribe Us:

മുരളീധരന്‍ കോണ്‍ഗ്രസിലേക്കു മടങ്ങിവരുന്നതില്‍ ഭൂരിഭാഗം പ്രവര്‍ത്തകര്‍ക്കും എതിര്‍പ്പു തുടരുകയണെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. യോഗത്തില്‍ മുരളിക്ക് അനുകൂലമായും പ്രതികൂലമായും ഉയര്‍ന്ന അഭിപ്രായങ്ങള്‍ ഹൈക്കമാന്‍ന്റിനെ അറിയിക്കാനും തീരുമാനിച്ചു.

വി എം സുധാരനും പി സി ചാക്കോയും കെ കെ രാമചന്ദ്രന്‍ മാസ്റ്ററും മാത്രമാണ് കെ മുരളീധരന് അനുകൂലമായി യോഗത്തില്‍ സംസാരിച്ചത്. മുരളീധരന്‍ കോണ്‍ഗ്രസിന്റെ കാല്‍ക്കല്‍ നില്‍ക്കുമ്പോള്‍ പുറം കാല്‍ കൊണ്ട് ചവിട്ടിപ്പുറത്താക്കുന്നത് ശരിയല്ലെന്ന് വി എം സുധീരന്‍ അഭിപ്രായപ്പെട്ടു. മുരളിയെ എന്തിനാണ് ഭയക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് കെ കെ രാമചന്ദ്രന്‍ ചോദിച്ചു. വന്ദ്യവയോധികനായ കരുണാകരന്‍ പറഞ്ഞത് അനുസരിക്കണമെന്നും രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. പത്മജ വിഭാഗം നേതാക്കള്‍ ആരും യോഗത്തില്‍ സംസാരിച്ചില്ല.

കെ. മുരളീധരനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കുന്ന കാര്യം ഹൈക്കമാന്റിനു വിടണമെന്ന് കെ പി സി സി. യോഗത്തില്‍ കെ കരുണാകരന്‍ ആവശ്യപ്പെട്ടിരുന്നു. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കെ പി സി സി ക്ക് അവകാശമില്ലെന്നും കരുണാകരന്‍ വാദിച്ചു. മുരളീധരന്റെ തിരിച്ചുവരവിന് അനുകൂലമായ നിലപാടെടുക്കണമെന്നാവശ്യപ്പെട്ട് രാവിലെ തന്നെ കരുണാകരന്‍ യോഗത്തില്‍ നിന്ന് മടങ്ങുകയായിരുന്നു.