ന്യൂദല്‍ഹി: കേന്ദ്ര കമ്പനികാര്യമന്ത്രി മുരളി ദേവ്‌റ രാജിവച്ചു. രാജി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയ്ക്ക് കൈമാറി.

പ്രായാധിക്യമാണ് രാജികാരണമായി ദേവ്‌റ ചൂണ്ടിക്കാട്ടിയതെന്നാണ് റിപ്പോര്‍ട്ട്. തന്റെ മകന്‍ മിലിന്ദ് ദേവ്‌റയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ രാജി വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കാന്‍ ദേവ്‌റയോ സോണിയാഗാന്ധിയോ തയ്യാറായിട്ടില്ല.സി.എ.ജി റിപ്പോര്‍ട്ടിനെ ചൊല്ലി കേന്ദ്രമന്ത്രി ജെയ്പാല്‍ റെഡ്ഡിയുമായുള്ള അഭിപ്രായവ്യത്യാസമാണ് രാജിയ്ക്ക് കാരണമായതെന്നാണ് സൂചന.

കൃഷ്ണ-ഗോദാവരി പര്യവേഷണവുമായി ബന്ധപ്പെട്ട് മുരളി ദേവ്‌റ സ്വകാര്യ കമ്പനികളെ വഴിവിട്ട് സഹായിച്ചു എന്ന് സി.എ.ജി യുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ഇതുവഴി സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് കേന്ദ്ര പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡിയാണ് ചോര്‍ത്തി നല്‍കിയതെന്ന സംശയമാണ് ഇരുവര്‍ക്കുമിടയിലെ അഭിപ്രായ ഭിന്നതകള്‍ക്ക് കാരണമായത്.

അതേസമയം, അടുത്തയാഴ്ച മന്ത്രിസഭാ പുനഃസംഘടനയുണ്ടാവുമെന്നതിനാല്‍ ദേവ്‌റയുടെ രാജി സ്വീകരിക്കുമോ എന്ന് വ്യക്തമല്ല. മന്ത്രിസഭ പുനഃസംഘടനയില്‍ ദേവ്‌റയെ പാര്‍ട്ടി ഒഴിവാക്കി പകരം സൗത്ത് മുംബൈയില്‍ നിന്നും രണ്ട് തവണ ജയിച്ച മിലിന്ദ് ദേവ്‌റയെ ഉള്‍പ്പെടുമെന്നും ഉറപ്പായിരുന്നു. ഈ സാഹചര്യത്തിലാണ് ദേവ്‌റ രാജി നല്‍കിയത്.