എഡിറ്റര്‍
എഡിറ്റര്‍
കോണ്‍ഗ്രസില്‍ എല്ലാവര്‍ക്കും സ്ഥാനമുണ്ട്‌: വയലാര്‍ രവി
എഡിറ്റര്‍
Saturday 11th August 2012 11:40am

കോഴിക്കോട്: കെ.പി.സി.സി പുന:സംഘടനയുടെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി വയലാര്‍ രവി കെ.മുരളീധരന്‍ എം.എല്‍.എയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ എട്ട് മണിയോടെ മുരളിയുടെ കോഴിക്കോട്ടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

Ads By Google

പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതായി വയലാര്‍ രവി കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. പുനഃസംഘടന നല്ല രീതിയില്‍ തന്നെ നടക്കും. കോണ്‍ഗ്രസില്‍ യാതൊരു വിധത്തിലുള്ള ഗ്രൂപ്പ് പ്രശ്‌നങ്ങളുമില്ല. കോണ്‍ഗ്രസില്‍ എല്ലാവര്‍ക്കും സ്ഥാനമുണ്ട്. എന്നാല്‍ മുരളി പാര്‍ട്ടിയില്‍ കൂടുതല്‍ സജീവമാകണമെന്നും വയലാര്‍ രവി പറഞ്ഞു.

പുന:സംഘടനയുമായി ബന്ധപ്പെട്ട് മുരളിയും മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.സി. ചാക്കോ, വയലാര്‍ രവി തുടങ്ങിയവരും ഒരുമിച്ച് നില്‍ക്കാന്‍ ധാരണയായതായാണ് വിവരം. ഒന്നര മണിക്കൂറോളമാണ് വയലാര്‍ രവി മുരളിയുമായി ചര്‍ച്ച നടത്തിയത്.

എന്നാല്‍ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള പുന:സംഘടനയെ ശക്തമായി വിമര്‍ശിച്ചാണ് മുരളി സംസാരിച്ചത്. ഒരു ഗ്രൂപ്പിലുമില്ലെന്നതിന്റെ പേരില്‍ കഴിവുള്ള പ്രവര്‍ത്തകര്‍ പുറന്തള്ളപ്പെടാന്‍ പാടില്ലെന്നും പുന:സംഘടന പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ വേണ്ടിയാകണമെന്നും അല്ലാതെ ഗ്രൂപ്പില്‍പെട്ടവര്‍ക്ക് ഇടം നല്‍കാന്‍ വേണ്ടിയാകരുതെന്നും മുരളി പറഞ്ഞു.

ഇക്കാര്യത്തില്‍ വയലാര്‍ രവിയുടെ നിലപാട് തന്റെ അഭിപ്രായത്തിനൊപ്പമാണെന്നും താന്‍ കെ.പി.സി.സി പ്രസിഡന്റായിരുന്നപ്പോള്‍ എല്ലാ നേതാക്കളുമായും ചര്‍ച്ച ചെയ്താണ് പട്ടിക തയാറാക്കിയതെന്നും മുരളി പറഞ്ഞു.

Advertisement