തിരുവനന്തപുരം: കെ.മുരളീധരനെ തിരിച്ചെടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സോണിയാഗാന്ധിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മുരളീധരന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാവും.

ആറ് വര്‍ഷത്തേക്കാണ് മുരളീധരനെ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തിരുന്നത്. മുരളീധരന്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുവരുന്നതിനെ അനുകൂലിച്ച കെ.പി.സി.സിയുടെ തീരുമാനം രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും സോണിയാഗാന്ധിയെ അറിയിക്കുകയായിരുന്നു. കൂടാതെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുഹ്‌സീന കിദ്വായിയും മുരളിയുടെ തിരിച്ചുവരവിനെ അനുകൂലിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കരുണാകരന്റെ ആഗ്രഹം പോലെ

കരുണാകരന്റെ വലിയൊരാഗ്രഹമായിരുന്നു മുരളിയുടെ കോണ്‍ഗ്രസ് പുനപ്രവേശം. അദ്ദേഹത്തിന്റെ മരണശേഷമാണെങ്കില്‍ കൂടി അത് സഫലമായിരിക്കുകയാണ്.

2001-2004 കാലഘട്ടത്തില്‍ എ.കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കെ. മുരളീധരനായിരുന്നു കെ.പി.സി.സി പ്രസിഡന്റ്. ആ കാലത്ത് ഒരു രാജ്യസഭാസീറ്റിന്റെ പ്രശ്‌നത്തില്‍ കെ.കരുണാകരനും അനുയായികളും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായി ഏറ്റുമുട്ടി. ഇതേ തുടര്‍ന്ന് മുരളീധരന്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവച്ചു.

2005 മാര്‍ച്ചില്‍ പാര്‍ട്ടി വിലക്ക് മറികടന്ന് കോഴിക്കോട് സമാന്തര റാലി നടത്തിയതോടെ മുരളീധരന്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്തായി. ആറുവര്‍ഷത്തേക്കായിരുന്നു സസ്‌പെന്‍ഷന്‍. അതിനുശേഷം കെ.കരുണാകരന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട ഡി.ഐ.സി യുടെ സംസ്ഥാന പ്രസിഡന്റായി മാറി. 2005ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ധാരണയിലെത്തിയ ഡി.ഐ.സി സംസ്ഥാനത്തിന്റെ പലയിടങ്ങളിലും വിജയിക്കുകയും ചെയ്തു.

എന്നാല്‍ തുടര്‍ന്നു നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുമായി ധാരണയിലെത്താതെയായപ്പോള്‍ ചില പാര്‍ട്ടി നേതാക്കള്‍ മാതൃസംഘടനയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. ഇത് ഡി.ഐ.സി യുടെ പിളര്‍പ്പിലേക്ക് നയിച്ചു. കരുണാകരന്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകുകയും  മുരളീധരനുള്‍പ്പെടുന്ന ഡി.ഐ.സി എന്‍.സി.പിയില്‍ ലയിക്കുക്കുകയായിരുന്നു.

എന്നാല്‍ 2009 ജൂലൈയില്‍ എന്‍.സി.പിയില്‍ നിന്നും പുറത്തുവന്നു. തുടര്‍ന്നുള്ള മുരളീധരന്റെ ശ്രമം കോണ്‍ഗ്രസിലേക്ക് തിരിച്ചുവരവിന് വേണ്ടിയായിരുന്നു. മുരളീധരനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് 2009 ആഗസ്തില്‍ കെ.പി.സി.സിയില്‍ ചര്‍ച്ച നടന്നു. എന്നാല്‍ മുരളിയുടെ മടങ്ങിവരവ് കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന നിലപാടാണ് മിക്ക കോണ്‍ഗ്രസ് നേതാക്കളും സ്വീകരിച്ചത്. തുടര്‍ന്ന് മുരളിയെ തിരിച്ചെടുക്കാനായി കെ.കരുണാകരനും നിരന്തരം പരിശ്രമിച്ചു.

2010 ഡിസംബര്‍ 23 ന് കരുണാകന്‍ മരിച്ചതോടെ മുരളിയുടെ മടങ്ങിവരവിന് ആക്കം കൂടുകയായിരുന്നു.