തിരുവനന്തപുരം: പരസ്യപ്രസ്താവന നിര്‍ത്തണമെന്ന ചെന്നിത്തലയുടെ കകര്‍ശന നിര്‍ദേശം വന്നതിന് മണിക്കൂറുകള്‍ക്കകം ലീഗിനെതിരെ കെ. മുരളീധരന്റെ പരസ്യപ്രസ്താവന. മുന്നണി വിട്ടുപോകുമെന്ന ഭീഷണി യു.ഡി.എഫിനോട് വേണ്ടെന്ന് കെ.മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

ഒരിക്കല്‍ യു.ഡി.എഫ് വിട്ടുപോയ ലീഗിനെ എല്‍.ഡി.എഫ് തള്ളിയതാണ്. കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്തതുകൊണ്ടാണ് അഞ്ചാം മന്ത്രി അടക്കം പലതും ലീഗിന് കിട്ടിയത്. മാലിന്യം നീക്കുന്ന ജോലി തന്നെയാണ് ലീഗിന്റെ അഞ്ചാം മന്ത്രിയുടെ ചുമതല. പരസ്യപ്രതികരണം നടത്തരുതെന്ന കെ.പി.സി.സി പ്രസിഡന്റിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് രണ്ട് ദിവസം ആത്മസംയമനം പാലിച്ചു. എന്നാല്‍ മലബാറില്‍ ലീഗിന്റെ യോഗങ്ങളിലൊക്കെ ആര്യാടനേയും തന്നേയും പേരെടുത്ത് മുദ്രാവാക്യം വിളിച്ച് ആക്ഷേപിക്കുകയാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. ലീഗ് പരസ്യപ്രസ്താവന നിര്‍ത്താതെ കോണ്‍ഗ്രസുകാരോട് നിര്‍ത്തണമെന്ന് പറയുന്നത് ശരിയല്ലെന്നും മുരളി വ്യക്തമാക്കി.

മുന്നണിയാവുമ്പോള്‍ പരസ്പരം വിട്ടുവീഴ്ച ചെയ്യേണ്ടി വരും. കോണ്‍ഗ്രസും വിട്ടു വീഴ്ച ചെയ്തിട്ടുണ്ട്. സീനിയര്‍ നേതാവായ വയലാര്‍ രവിക്ക് പകരം ലീഗിന്റെ സമദാനിക്ക് രാജ്യസഭാ സീറ്റ് നല്‍കി കോണ്‍ഗ്രസ് മുമ്പും വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്. അതൊന്നും ആരും മറക്കരുത്.

ആട്ടു തുപ്പും സഹിച്ച് ലീഗ് മുന്നണിയില്‍ തുടരുമെന്ന് ആരും പ്രതീക്ഷിക്കേണ്‌ടെന്ന മുസ്‌ലീം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്‍.