എഡിറ്റര്‍
എഡിറ്റര്‍
ചെന്നിത്തല മന്ത്രിയായാല്‍ രണ്ട് അധികാര കേന്ദ്രങ്ങളുണ്ടാകും: മുരളീധരന്‍
എഡിറ്റര്‍
Tuesday 13th November 2012 2:12pm

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല മന്ത്രിയായാല്‍ രണ്ട് അധികാര കേന്ദ്രങ്ങളുണ്ടാവുമെന്ന് കെ. മുരളീധരന്‍ എം.എല്‍.എ.

രമേശ് ചെന്നിത്തല മന്ത്രിയാകുന്നതിനോട് തനിക്ക് യോജിപ്പില്ല. നിലവില്‍ അധികാരത്തിനായി രണ്ട് കേന്ദ്രങ്ങള്‍ ഉണ്ടാകേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.

Ads By Google

ഇനി മന്ത്രിയാകണമെന്ന് അദ്ദേഹം തീരുമാനിച്ചാല്‍ അതില്‍ ഒന്നും പറയാനില്ല. മന്ത്രിസ്ഥാനത്തിന് വേണ്ടി കെ.പി.സി.സി പ്രസിഡന്റ് പദവി ഉപേക്ഷിച്ചതിന് ചീത്തപ്പേര് കേട്ട ആളാണ് ഞാന്‍.

അത് തന്നെ രമേശ് ചെന്നിത്തലയും ചെയ്താല്‍ എനിയ്ക്ക് ഒരു കൂട്ടുകാരനെ കിട്ടുമെന്നതൊഴിച്ചാല്‍ മറ്റൊന്നും സംഭവിക്കാനില്ല. പിന്നെ ചെന്നിത്തല മന്ത്രിയാകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് നേതൃത്വമാണ്.

അവര്‍ എന്ത് തീരുമാനിച്ചാലും ഞങ്ങള്‍ അതിനൊപ്പം ഉണ്ട്. എന്നാല്‍ സാമൂഹിക നേതാക്കള്‍ക്ക് അവരുടെ അഭിപ്രായം പറയാമെന്നും മുരളീധരന്‍ വ്യക്തമാക്കി.

മന്ത്രിസഭാവികസനം ഇപ്പോള്‍ ചര്‍ച്ചചെയ്യേണ്ട ആവശ്യമില്ല. ഹൈക്കമാന്‍ഡാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. കെ.പി.സി.സി ഉടന്‍ പുന:സംഘടിപ്പിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

രമേശ് ചെന്നിത്തല മന്ത്രിസഭയിലെത്തണമെന്ന എസ്.എന്‍.ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

Advertisement