തിരുവനന്തപുരം: കെ.മുരളീധരന്‍ എം.എല്‍.എ അടുത്തമാസം നടത്താനിരുന്ന ഉപവാസ സമരം ഉപേക്ഷിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് പറഞ്ഞതിനെ തുടര്‍ന്നാണ് ഉപവാസത്തില്‍ നിന്നും പിന്‍മാറാന്‍ മുരളി തീരുമാനിച്ചത്.

Ads By Google

തലസ്ഥാനത്തെ വികസന പദ്ധതികള്‍ അട്ടിമറിക്കുന്നതായി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് മുരളീധരന്‍ നേരത്തെ കത്ത് നല്‍കിയിരുന്നു. എന്നാല്‍ കാര്യമായ തുടര്‍ നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഉപവാസ സമരത്തിലേക്ക് മുരളി നീങ്ങിയത്.

കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ ഇടപെടല്‍ മൂലമാണ് മുരളിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്. മുരളിയുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും അതിനുള്ള പരിഹാരം ഉടന്‍ കാണുമെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചതായി മുരളീധരന്‍ പറഞ്ഞു.

തിരുവനന്തപുരത്തിനും കോഴിക്കോടിനും മോണോ റെയില്‍ പദ്ധതികള്‍ അനുവദിച്ചെങ്കിലും കോഴിക്കോട് മോണോ റെയിലുമായി സര്‍ക്കാര്‍ മുന്നോട്ടുപോയതാണ് മുരളിയെ പ്രകോപിപ്പിച്ചത്.

മോണോ റെയിലിന്റെ കാര്യത്തില്‍ നടപടി സ്വീകരിക്കാമെന്നും കളിയിക്കാവിള റോഡിന്റെ കാര്യത്തില്‍ ഇന്ന് തന്നെ കോണ്‍ഫറന്‍സ് വിളിച്ച് തടസങ്ങള്‍ നീക്കാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി ചര്‍ച്ചയ്ക്ക് ശേഷം മുരളീധരന്‍ പറഞ്ഞു.

കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ച ചെയ്തതായി മുരളീധരന്‍ പറഞ്ഞു. അതേസമയം കൊച്ചി മെട്രോ പദ്ധതി അട്ടിമറിക്കാന്‍ ദല്‍ഹി കേന്ദ്രീകരിച്ച് ലോബി പ്രവര്‍ത്തിക്കുന്നതായി ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ. രാജഗോപാല്‍ ആരോപിച്ചു.

കമ്മീഷന്‍ ലക്ഷ്യം വെച്ചുള്ള അട്ടിമറി ശ്രമമാണ് നടക്കുന്നതെന്നും ഇതിന് രാഷ്ട്രീയ നേതൃത്വത്തിന്റെയും പിന്തുണ ഉണ്ടെന്നും രാജഗോപാല്‍ പറഞ്ഞു. കൊച്ചി മെട്രോ പദ്ധതി യാഥാര്‍ഥ്യമായില്ലെങ്കില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ജനകീയ പ്രതിഷേധമായിരിക്കും ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.