എഡിറ്റര്‍
എഡിറ്റര്‍
കെ.പി.സി.സി പുതിയ പട്ടിക; “നാറാണത്ത് ഭ്രാന്തന്റെ കാലിലെ മന്ത് പോലെ”
എഡിറ്റര്‍
Sunday 25th November 2012 11:41am

തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടന വൈകുന്നതിനെതിരെ കടുത്ത വിമര്‍ശനവുമായി കെ. മുരളീധരന്‍ രംഗത്ത്.

ഭാരവാഹി പ്രഖ്യാപനം വൈകുന്നത് പാര്‍ട്ടിക്ക് ഗുണകരമല്ല. പുതിയ പട്ടിക നാറാണത്ത് ഭ്രാന്തന്റെ മന്ത് പോലെയാണ്. ഇടത്തെ കാലിലെ മന്ത് വലത്തെ കാലിലേക്ക് മാറുന്നത് പോലെയാണത്. ഞാന്‍ പ്രസിഡന്റായിരുന്നപ്പോള്‍ ഇത്തരം തര്‍ക്കങ്ങളില്ലായിരുന്നു. എല്ലാവരേയും ഒരുമിച്ചിരുത്തി സ്ഥാനങ്ങള്‍ പങ്കിടണം. ബാക്കി എല്ലിന്‍ കഷണങ്ങള്‍ മറ്റുള്ളവര്‍ക്ക് കൊടുക്കുന്നത് ശരിയല്ല. മുരളീധരന്‍ വ്യക്തമാക്കി.

Ads By Google

ലീഡറിനൊപ്പം നിന്നത് അയോഗ്യതയായി കണക്കാക്കുന്നത് ക്രൂരമാണ്. താന്‍ വയലാര്‍ രവിയുമായി സംസാരിച്ചെങ്കിലും അദ്ദേഹം സാധ്യതാ ലിസ്റ്റ് കണ്ടിട്ടില്ലെന്നാണ് പറയുന്നതെന്നും മുരളീധരന്‍ അറിയിച്ചു.

അതേസമയം, അന്തിമ തീരുമാനം ഹൈക്കമാന്റിന് വിട്ടിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് ഒരുവട്ടം കൂടി എ.ഐ.സി.സി പ്രതിനിധി മധുസൂദനന്‍ മിശ്രിയുമായി ചര്‍ച്ച ആവശ്യമാണെന്നും ചെന്നിത്തല പറഞ്ഞു.

പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഒരു ദിവസത്തോളം ദില്ലിയില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

പുനഃസംഘടനയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളൊന്നും നിലനില്‍ക്കുന്നില്ലെന്നും മധുസൂദനന്‍ മിശ്രിയുടെ ഗുജറാത്ത് സന്ദേശനത്തിനുശേഷം തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. എന്നാല്‍ കണ്ണൂര്‍ ജില്ലാകമ്മിറ്റി സംബന്ധിച്ച് തര്‍ക്കം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇരു ഗ്രൂപ്പുകളും കണ്ണൂര്‍ ഡി.സി.സി സംബന്ധിച്ച തങ്ങളുടെ അഭിപ്രായങ്ങള്‍ ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കമാന്റ് കൈക്കൊള്ളുമെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന. കണ്ണൂര്‍ ഡി.സി.സി സംബന്ധിച്ച തര്‍ക്കമാണ് പുനഃസംഘടന വീണ്ടും നീളാനുള്ള കാരണമായതെന്നാണ് സൂചന.

.

 

Advertisement