കോഴിക്കോട്: സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയും അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിയമസഭയില്‍ ചര്‍ച്ചയാവശ്യപ്പെട്ട് കെ. മുരളീധരന്‍ എം.എല്‍.എ. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ബി.ജെ.പിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച മുരളീധരന്‍ ബി.ജെ.പിയുടെ അജണ്ടകള്‍ നടപ്പിലാക്കാന്‍ അവസരമുണ്ടാക്കിക്കൊടുക്കുകയാണ് സംസ്ഥാന സര്‍ക്കാറെന്നും അഭിപ്രായപ്പെട്ടു.

മെഡിക്കല്‍ കോളജ് അഴിമതി ആരോപണം ഉയര്‍ന്നതോടെ പ്രതിരോധത്തിലായ ബി.ജെ.പി അതിനെ മറികടക്കുന്നതിനാണ് പുതിയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി പ്രക്ഷോഭങ്ങള്‍ നടത്തുന്നത്. അതിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കേരളത്തില്‍ വന്നത്. എന്നാല്‍ ഇതിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാറിനായില്ല.

ഒരു പണിയുമില്ലാതിരിക്കുന്ന കേന്ദ്രമന്ത്രിമാര്‍ക്ക് കേരളത്തില്‍ വന്നുനിരങ്ങാന്‍ ഇനിയെങ്കിലും അവസരമുണ്ടാക്കിക്കൊടുത്തത് എല്‍.ഡി.എഫ് സര്‍ക്കാറാണെന്നും അദ്ദേഹം ആരോപിച്ചു.


Must Read: ‘കുറ്റം നോട്ട് ഫോട്ടോസ്റ്റാറ്റ് എടുത്തു എന്നതുമാത്രമാക്കി’ ബി.ജെ.പി നേതാക്കള്‍ പ്രതിയായ കള്ളനോട്ട് കേസ് അന്വേഷണം അവസാനിപ്പിക്കുന്നു


പശുവിന്റെ പേരില്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്‌ലീങ്ങളും ദളിതരും കൊല്ലപ്പെടുകയാണ്. അവരില്‍ ഒരാളുടെ വീട്ടില്‍ പോലും കയറി നോക്കാത്ത അരുണ്‍ ജെയ്റ്റ്‌ലിയാണ് കേരളത്തിലേക്ക് വന്നിരിക്കുന്നതെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാന സര്‍ക്കാറിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണമേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്താല്‍ ആദ്യം അതിനെ എതിര്‍ക്കുക യു.ഡി.എഫ് ആയിരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയും രാഷ്ട്രീയ കൊലപാതകങ്ങളും അക്രമപരമ്പരകളും നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.